അൽഗൊരിതം എന്ന പേര് വന്ന രസകരമായ വഴി!
കണക്കിലെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനായി സ്റ്റെപ്പുകൾ എഴുതി ചെയ്യാറില്ലേ?. ഇതുപോലെ വിവിധ ആവശ്യങ്ങൾ നിറവേറ്റാൻ കംപ്യൂട്ടർ ചെയ്യേണ്ട പ്രവൃത്തികളാണ് അൽഗൊരിതം. ഭക്ഷണം പാകം ചെയ്യാനുള്ള കുറിപ്പ് ഒരു അൽഗൊരിതമാണ്. എല്ലാ ദിവസവും രാവിലെ എഴുന്നേറ്റു നാം ചെയ്യുന്ന കാര്യങ്ങൾ നമ്മുടെ അൽഗൊരിതമെന്നു വിശേഷിപ്പിക്കാം. ഇത്തരത്തിൽ ഒരു പ്രത്യേക കാര്യം ചെയ്യാൻ കംപ്യൂട്ടറിനു നൽകുന്ന നിർദേശങ്ങളാണ് അൽഗൊരിതങ്ങൾ. ഇതിന്റെ അടിസ്ഥാനത്തിലാണ് കംപ്യൂട്ടർ, മൊബൈൽ ആപ്ലിക്കേഷനുകളും മറ്റും പ്രവർത്തിക്കുന്നത്. ഫെയ്സ്ബുക് പോലുള്ള സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകളിലും ഇത്തരം അൽഗൊരിതങ്ങളുണ്ട്. ഇവയിൽ വരുത്തുന്ന മാറ്റങ്ങൾ നമ്മൾ അറിയാതെ തന്നെ നാം സ്ഥിരം ഉപയോഗിക്കുന്ന വെബ്സൈറ്റുകളിലും മറ്റും കാര്യമായ മാറ്റങ്ങൾ വരുത്തുന്നു.
പേര് വന്ന വഴി
അൽഗൊരിതം എന്ന പേര് വന്ന വഴി രസകരമാണ്. 1200 വർഷങ്ങൾക്ക് മുൻപ് പേർഷ്യയിൽ ജീവിച്ചിരുന്ന ഗണിതശാസ്ത്രജ്ഞൻ മുഹമ്മദ് അൽ ഖവാരിസ്മിയാണ് ഈ പേരിനു പിന്നിൽ. ഇപ്പോഴത്തെ ഉസ്ബക്കിസ്ഥാനിലാണ് അൽ ഖവാരിസ്മി ജനിച്ചത്. കണക്കിലും ജ്യോതിശാസ്ത്രത്തിലും ഭൂമിശാസ്ത്രത്തിലും ഒട്ടേറെ സംഭാവനകൾ നൽകിയയാളാണു ഖവാരിസ്മി. ആൾജിബ്രയുടെ പിതാവായും ഖവാരിസ്മിയെ കണക്കാക്കുന്നു.
എഡി 780ൽ അദ്ദേഹമെഴുതിയ ‘കൺസേണിങ് ദ് ഹിന്ദു ആർട് ഓഫ് റെക്കണിങ്’ എന്ന പുസ്തകം ഗണിതശാസ്ത്രത്തിലെ വിപ്ലവമായി കരുതപ്പെടുന്നു. ഹിന്ദു– അറബിക് രീതിയിൽ സംഖ്യകളെ പരിചയപ്പെടുത്തുന്നത് ഈ പുസ്തകമാണ്. നാം ഇന്നുപയോഗിക്കുന്ന സംഖ്യകളുടെ അടിസ്ഥാനവും ഇതു തന്നെ.
300 വർഷങ്ങൾക്കു ശേഷം പുസ്തകം ലാറ്റിൻ ഭാഷയിലേക്കു വിവർത്തനം ചെയ്തു. വിവർത്തനത്തിൽ രചയിതാവിന്റെ പേര് അൽപം മാറി. ഖവാരിസ്മി എന്നതിനു പകരം ‘അൽഗൊരിതമി’ എന്നായിപ്പോയി!.
കണക്കിലെ സങ്കീർണമായ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കണ്ടെത്താനുള്ള ലളിതമായ വഴികൾ പ്രതിപാദിച്ചിരുന്ന പുസ്തകം പാശ്ചാത്യലോകത്ത് വളരെപ്പെട്ടെന്നു പ്രചാരം നേടി. ഇങ്ങനെ പടിപടിയായി ഉത്തരം കണ്ടെത്തുന്ന രീതിക്കു അൽഗൊരിതം എന്ന പേരും ഭാഷയിൽ വന്നു.
രണ്ടാം ലോകമഹായുദ്ധ കാലത്ത് അലൻ ട്യൂറിങ്ങാണ് ഈ വാക്കിനെ കംപ്യൂട്ടർ സയൻസിലേക്കു കൊണ്ടുവന്നത്. പതുക്കെ കംപ്യൂട്ടർ പ്രോഗ്രാമിങ്ങുമായി ബന്ധപ്പെട്ട വാക്കായി അൽഗൊരിതം മാറി.