അന്യഗ്രഹജീവികൾ കൊള്ളക്കാരോ?
അശ്വിൻ നായർ
എങ്ങും മുഴങ്ങുന്ന ഭീകരമായ ശബ്ദങ്ങൾ . മിഴിച്ചു നിൽക്കുകയാണു മനുഷ്യർ.അവരെയെല്ലാം പൊടിയിൽമൂടി സ്പെയ്സ്ക്രാഫ്റ്റുകൾ തറയിലേക്കു വന്നു നിൽക്കുന്നു. അവയിൽ നിന്നു പുറത്തേക്കിറങ്ങുന്ന വിചിത്ര ശരീരമുള്ളജീവികൾ, അവരുടെ കൈകളിൽ ഇതുവരെ കാണാത്ത ആയുധങ്ങൾ തിളങ്ങുന്നു. എന്തോ കോഡ് സന്ദേശം കൈമാറിയതിനു ശേഷം ചടപടാ വെടിവയ്ക്കുകയാണ് അവർ. ദേ കിടക്കുന്നു മനുഷ്യരെല്ലാം താഴെ, നഗരങ്ങൾ ഒക്കെ തവിടുപൊടി., ധൂം......
പല ഹോളിവുഡ് ചിത്രങ്ങളിലും നമ്മൾ കണ്ടിട്ടുള്ള സീൻ. അന്യഗ്രഹജീവികളുടെ ആക്രമണം. അന്യഗ്രഹജീവികളുണ്ടെന്ന് വ്യക്തമായ തെളിവുകളൊന്നും ആർക്കും ലഭിച്ചിട്ടില്ല. എന്നാലും മനുഷ്യരുടെ ഏറ്റവും വലിയ പേടികളിൽ ഒന്നു തന്നെയാണ് അവ. യഥാർഥത്തിൽ അന്യഗ്രഹജീവികളുണ്ടോ?
ശാസ്ത്രം അതിൽ വിശ്വസിക്കുന്നുണ്ടോ...?
ഫെർമിയുടെ വാക്കുകൾ കേൾക്കാം. ‘ഫെർമീസ് പാരഡോക്സ്’ എന്നറിയപ്പെടുന്ന ഫെർമിയുടെ ഈ ചോദ്യമാണ് അന്യഗ്രഹജീവികളെക്കുറിച്ചുള്ള അന്വേഷണം
ചൂടുപിടിപ്പിക്കാൻ ശാസ്ത്രലോകത്തിന് എണ്ണ പകർന്നത്.
എവിടെയാണവർ ? എൻറികോ ഫെർമി ചോദിക്കുന്നു
പ്രപഞ്ചത്തിൽ കോടിക്കണക്കിന് നക്ഷത്രസമൂഹങ്ങളുണ്ട്. ഇവയിൽ അനേക കോടി നക്ഷത്രങ്ങൾ സൂര്യനെപ്പോലെയുള്ളവയാണ്. ഇവയിൽ പലതിനെയും ചുറ്റി ഗ്രഹങ്ങൾ കറങ്ങുന്നുണ്ടാകാം. ഇവയിൽ ചില ഗ്രഹങ്ങൾ ഭൂമിയെപ്പോലെയുണ്ടാകില്ലേ? ഇത്തരം ഗ്രഹങ്ങളിൽ മനുഷ്യനെപ്പോലെയോ അതിൽക്കൂടുതലോ ബുദ്ധിയുള്ള ജീവികളുണ്ടാകാം. ഗ്രഹങ്ങൾ തമ്മിലും താരാപഥങ്ങൾ തമ്മിലുമൊക്കെയുള്ള യാത്ര അവർക്ക് സാധ്യമാകാം. അങ്ങനെയെങ്കിൽ അവർ പലതവണ ഇവിടെ വന്നിട്ടുണ്ടാകാം. അങ്ങനെയെങ്കിൽ.......എവിടെയാണവർ?
ഫെർമിയുടെ ചോദ്യത്തിനു പലരും പല ഉത്തരങ്ങളും നൽകി.
1. നമ്മൾ നോക്കുന്നിടത്തായിരിക്കില്ല അന്യഗ്രഹജീവികളുടെ താമസം, വേറെ എവിടെയെങ്കിലുമൊക്കെയായിരിക്കും.
2. മനുഷ്യനെക്കാൾ ബുദ്ധി കുറവായിരിക്കും. അങ്ങനെയാണെങ്കിൽ നമ്മളെപോലെ സാറ്റലൈറ്റും റഡാറുകളും ആന്റിനകളുമൊന്നും ഉണ്ടാക്കിക്കാണില്ല. അതിനാൽ കണ്ടുപിടിക്കാനുള്ള സാധ്യതയും കുറവ്.
3. ജീവിവംശമായി നമ്മൾ മാത്രമേ ഉള്ളൂ.
4. നമ്മളെക്കാൾ കഴിവുറ്റവരായിരിക്കും അവർ. അവരുടെ സിഗ്നലൊന്നും പിടിച്ചെടുക്കാനുള്ള ശേഷി നമ്മുടെ സംവിധാനങ്ങൾക്കില്ല.
5. ചിലപ്പോൾ, അവർ നമ്മളെ കാണുന്നും കേൾക്കുന്നുണ്ടാകാം. നമ്മൾ അവരെ അറിയാൻ അന്യഗ്രഹജീവികൾ ആഗ്രഹിക്കുന്നില്ല.
6. അവർ വളരെ അകലെയായിരിക്കാം....
7. അന്യഗ്രഹജീവികളുണ്ടെന്ന് സർക്കാരുകൾക്കറിയാം, അവ ഭൂമിയിൽ എത്തുന്നുമുണ്ട്, എന്നാൽ പരമരഹസ്യമായ ഈ യാത്രകൾ സാധാരണജനങ്ങൾ അറിയുന്നില്ല.
Wow ! Signal’
വർഷം 1977. ഒഹായോ സർവകലാശാലയിലെ റേഡിയോ ടെലിസ്കോപ്പിലൂടെ ലഭിച്ച സിഗ്നലുകൾ വിശകലനം ചെയ്യുകയായിരുന്നു ജെറി ആർ.എഹ്മാൻ എന്ന ശാസ്ത്രജ്ഞൻ. സാധാരണ കാണുന്ന തരംഗങ്ങളെക്കാൾ തീവ്രതയുള്ള ഒരു ഭാഗം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഭൂമിയിൽ നിന്നുള്ള സിഗ്നലുകളൊന്നും അത്തരത്തിലാകാൻ തീരെ സാധ്യത ഇല്ലായിരുന്നു. ഭൂമിക്കു പുറത്തുനിന്നാണ് ഈ സിഗ്നൽ വന്നതെന്ന് അദ്ദേഹം നിഗമനത്തിലെത്തി. അദ്ദേഹം തന്റെ അദ്ഭുതവും ഞെട്ടലും ഒക്കെ കാണിക്കാൻ സിഗ്നലിന്റെ ആ ഭാഗത്ത് ചുവന്ന വട്ടം വരച്ച് 'Wow!' എന്ന് എഴുതി. ഇപ്പോൾ ആ സിഗ്നൽ ‘Wow! Signal’ എന്ന് അറിയപ്പെടുന്നു. പിന്നീട് പലരും Wow! Signal എവിടെ നിന്നു വന്ന് അന്വേഷിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
നമുക്കും കൂടാം
ഭൂമിക്കു പുറത്തു നിന്നുള്ള സിഗ്നലുകളെക്കുറിച്ച് അന്വേഷിക്കാൻ SETI@Home എന്നൊരു പദ്ധതിയുണ്ട്. നമുക്കും അതിൽ പങ്കെടുക്കാം. ലോകത്ത് പലയിടത്തായി സ്ഥാപിച്ചിരിക്കുന്ന ടെലിസ്കോപുകളിൽ നിന്നുള്ള ഡേറ്റ വിശകലനം ചെയ്ത്, ഭൂമിക്കു പുറത്തു നിന്നു സിഗ്നൽ വന്നിട്ടുണ്ടോ എന്നു പരിശോധിക്കുകയാണു വേണ്ടത്. ബെർക്‌ലീ (Berkeley) യൂണിവേഴ്സിറ്റിയാണ് ഇതു കൈകാര്യം ചെയ്യുന്നത്. ഇതിലൂടെ ലോകത്തെവിടെനിന്നും ഒരാൾക്ക് ഇന്റർനെറ്റിലൂടെ ഡേറ്റയുടെ ഒരു ഭാഗം ഡൗൺലോഡ് ചെയ്ത്, വിശകലനം ചെയ്ത്, റിപ്പോർട്ട് സമർപ്പിക്കാം. ആഗ്രഹമുള്ള ആർക്കും ഭൂമിക്കു പുറത്തെ ജീവനെക്കുറിച്ചുള്ള അന്വേഷണത്തിൽ പങ്കാളിയാകാം.
ഭൂമിക്കു പുറത്തുള്ളവർ തിരിച്ചുവിളിക്കുക
അന്യഗ്രഹജീവികളുണ്ടോ എന്ന് അന്വേഷിക്കുന്നത് നാസയുടെ പ്രധാനലക്ഷ്യങ്ങളിലൊന്നാണ്. വേറെ ഗ്രഹങ്ങളിലേക്ക് ദൗത്യങ്ങൾ അയയ്ക്കുമ്പോൾ ഇക്കാര്യവും നാസ സൂക്ഷ്മമായി വിലയിരുത്തും. അന്യഗ്രഹജീവികളെ തേടുന്ന പ്രവർത്തനങ്ങളെല്ലാം പൊതുവിൽ അറിയപ്പെടുന്നത് സേറ്റി (സേർച്ച് ഫോർ എക്സ്ട്രാ ടെറസ്ട്രിയൽ ഇന്റലിജൻസ്) എന്ന പേരിലാണ്. മറ്റു ലോകങ്ങളിൽ നിന്നു അന്യഗ്രഹജീവികളുടെ റേഡിയോ സന്ദേശങ്ങൾ വരുന്നുണ്ടോ എന്ന അന്വേഷണമായിരുന്നു ഇവയുടെ പ്രധാനപ്രവർത്തനം. അമേരിക്കയിലെ സേറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഇക്കൂട്ടത്തിൽ പ്രസിദ്ധമാണ്. അമേരിക്ക, ചിലെ തുടങ്ങിയ രാജ്യങ്ങളിൽ ഇവർ വലിയ റേഡിയോ ടെലിസ്കോപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. ഭൂമിക്കു പുറത്തുള്ള ഗ്രഹങ്ങളിലേക്കും ,മറ്റു താരാപഥങ്ങളിലേക്കുമൊക്കെ റേഡിയോ സന്ദേശങ്ങൾ അയയ്ക്കുന്ന രീതിയിൽ സേറ്റി പ്രവർത്തനങ്ങൾ വളർന്നിട്ടുണ്ട്. മേറ്റി (മെസേജിങ് ടു എക്സ്ട്രാ ടെറസ്ട്രിയൽ ഇന്റലിജൻ്സ്) എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്.
അന്യഗ്രഹവാഹനം വരയ്ക്കാമോ?
അന്യഗ്രഹജീവികളുടെ വാഹനമായി കാലാകാലങ്ങളായി കണക്കാക്കപ്പെടുന്നത് പറക്കും തളികകളാണ്. എന്നാൽ പറക്കും തളികയുടെ രൂപത്തിലുള്ള പേടകങ്ങൾക്ക് ബഹിരാകാശത്തു പോയിട്ട് അന്തരീക്ഷത്തിൽ പോലും വിജയകരമായി പറക്കാൻ സാധിക്കില്ലെന്നാണു ബഹിരാകാശവിദഗ്ധർ പറയുന്നത്, ചിലർ ഇതു പരീക്ഷണങ്ങളിലൂടെ തെളിയിക്കുകയും ചെയ്തു.
യഥാർഥത്തിൽ അന്യഗ്രഹജീവികൾ ഭൂമിയിൽ വന്നാൽ എന്തുതരം സ്പെയ്സ് ക്രാഫ്റ്റുകളിലാകും എത്തുക? കൂട്ടുകാർക്ക് ഭാവനയിൽ കാണാൻ കഴിയുന്നുണ്ടോ? ഉണ്ടെങ്കിൽ അതു പേപ്പറിലോ പെയിന്റ് സോഫ്റ്റ്‌വെയറിലോ വരയ്ക്കുക. തുടർന്ന്, ഈ ചിത്രം രക്ഷിതാക്കളുടെ സഹായത്തോടെ #MeetMrAlien എന്ന ഹാഷ്ടാഗിൽ സമൂഹമാധ്യമങ്ങളിൽ (ട്വിറ്റർ, ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം) പോസ്റ്റ് ചെയ്യാം. തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾ മനോരമ ഓൺലൈനിൽ കാണാം. സമ്മാനങ്ങളും ഉണ്ടാവും.
യഥാർഥത്തിൽ അന്യഗ്രഹജീവികൾ ആരാണ്?
മനുഷ്യരെ ഒറ്റനിമിഷം കൊണ്ടു പൊടിച്ചുകളയാൻ സാധിക്കുന്ന മഹാശക്തൻമാരാകും അന്യഗ്രഹജീവികളെന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ , സ്നേഹം, കരുണ തുടങ്ങി നല്ല ഗുണങ്ങൾ ഒരുപാടുള്ള കൂട്ടമാകും അവരെന്നാണു മറുവാദം. കൂടിവന്നാൽ അമീബയും ബാക്ടീരിയയും പോലുള്ള സൂക്ഷ്മജീവികൾ മാത്രമാകും അന്യഗ്രഹജീവികളെന്നു മറ്റൊരു കൂട്ടർ വിശ്വസിക്കുന്നു.
വെറുതേ പണി മേടിക്കേണ്ട
ഏതായാലും സ്റ്റീഫൻ ഹോക്കിങ് ഇക്കാര്യത്തിൽ വ്യത്യസ്തനാണ്.
അന്യഗ്രഹജീവികൾ ഉണ്ടോ എന്നറിയാനായി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ‘ബ്രേക്ക്ത്രൂ ലിസൻ’ എന്നൊരു പദ്ധതി തുടങ്ങിയിരുന്നു.
അന്യഗ്രഹജീവികളെപ്പറ്റി സ്റ്റീഫൻ ഹോക്കിങ് പറയുന്നത് നോക്കൂ.
"ബുദ്ധിയുള്ള അന്യഗ്രഹജീവികൾ നല്ല കൊള്ളക്കാരാകില്ലെന്ന് ആരു കണ്ടു?. ഭൂമിയുടെ വിഭവങ്ങളും നമ്മുടെ ധാതുക്കളുമൊക്കെ അവർക്കാവശ്യമുണ്ടാകും. എന്നെങ്കിലും ഏതെങ്കിലും ഒരു ഗ്രഹത്തിൽ നിന്നു നമുക്കൊരു സന്ദേശം ലഭിച്ചേക്കാം. പക്ഷേ അതിനൊരിക്കലും മറുപടി കൊടുക്കരുത്, നമ്മളേക്കാൾ കരുത്തരും പുരോഗമിച്ചവരുമാകാം അവർ. കൊളംബസിനു മുന്നിൽപ്പെട്ട റെഡ് ഇന്ത്യക്കാരുടെ ഗതിയായിരിക്കും നമ്മളെ കാത്തിരിക്കുന്നത്."
ഇവിടെയെങ്ങാനും അവരുണ്ടോ?
ശനിയുടെ ഉപഗ്രഹങ്ങളിൽ വലുപ്പം കൊണ്ട് ഒന്നാം സ്ഥാനവും ആറാം സ്ഥാനവും ഉള്ളവരാണ് ടൈറ്റനും എൻസിലാഡസും. ദ്രാവകങ്ങൾ നിറഞ്ഞുകിടക്കുന്ന തടാകങ്ങൾ ഉപരിതലത്തിൽ ഉള്ളതിനാലാണു ജീവനുണ്ടാകാനുള്ള സാധ്യത ടൈറ്റനു കൽപിക്കപ്പെടുന്നത്. 504 കിലോമീറ്റർ ചുറ്റളവിൽ തണുത്തുറഞ്ഞുകിടക്കുന്ന എൻസെലാദസിൽ ജീവന് അനുകൂലമായ സാഹചര്യങ്ങളുണ്ടെന്നാണു നിഗമനം. 2020ൽ ഇതന്വേഷിക്കാനായി നാസയുടെ ദൗത്യം പുറപ്പെടുന്നുണ്ട്.
ചൊവ്വ
ചൊവ്വയുടെ ഉപരിതലത്തിലുള്ള ഹോറോവിറ്റ്സ് ക്രേറ്റർ എന്ന കുഴിയിൽ ജലമുണ്ടെന്നാണ് നിഗമനം. ജലമുള്ളതിനാൽ ജീവനുണ്ടോ? ആർക്കറിയാം.
വ്യാഴത്തിന്റെ കുട്ടികൾ
സൗരയൂഥ ഗ്രഹങ്ങളിലെ ഭീമനായ വ്യാഴത്തിന്റെ ചില ഉപഗ്രഹങ്ങൾ നിഗൂഢത പുലർത്തുന്നവയാണ്. യൂറോപ്പ, കലിസ്റ്റോ, ഗാനിമീഡ്. മഞ്ഞുമൂടിയ സമുദ്രങ്ങളാണ് യൂറോപ്പയുടെ പ്രത്യേകത. ഇതേ പ്രത്യേകതകൾ ഗാനിമീഡിനും കലിസ്റ്റോയ്ക്കുമുണ്ട്.
ശുക്രൻ
ഉയർന്ന ഉപരിതല താപനിലയുള്ള ശുക്രനിൽ ജീവനുണ്ടാകാനുള്ള സാധ്യത തീരെക്കുറവാണ് എന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാൽ ശുക്രന്റെ അന്തരീക്ഷത്തിലുള്ള കാർബൺ മോണോക്സൈഡ്, സൾഫർ ഡയോക്സൈഡ് എന്നിവ ശാസ്ത്രജ്ഞരെ മാറ്റിച്ചിന്തിപ്പിക്കുന്നു.
എക്സോപ്ലാനറ്റുകൾ
സൗരയൂഥത്തിനു പുറത്ത് ഏതെങ്കിലും നക്ഷത്രങ്ങളെ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളാണ് എക്സോപ്ലാനറ്റുകൾ. ഇതുവരെ ഇത്തരം 3758 ഗ്രഹങ്ങളെ മ്മൾ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ഭൂമിയോടു സാമ്യമുള്ള ഗ്രഹങ്ങളും ഒട്ടേറെ. എക്സോപ്ലാനറ്റുകളിൽ ജീവനുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നു ശാസ്ത്രജ്ഞർ പറയുന്നു.ഇതിനെപ്പറ്റിയൊക്കെ ഒന്നന്വേഷിച്ചുവരാൻ ‘ടെസ് ’ എന്നൊരു ദൗത്യത്തെ നാസ ഉടനടി അയയ്ക്കുന്നുണ്ട്.