വെള്ളം ചീറ്റി ഇര പിടിക്കും അമ്പെയ്ത്ത് മീനുകൾ!
∙Archer ഫിഷ് അഥവാ spinner ഫിഷ് ചെറു പ്രാണികളെ പിടിക്കുന്ന വിധം രസകരമാണ്. ചെടിയിലും മറ്റും ഇരിക്കുന്ന പ്രാണികളുടെ ശരീരത്തേക്ക് ഇവ വായിലൂടെ വെള്ളം ശക്തിയായായി ചീറ്റുന്നു. പ്രാണികൾ താഴെ വെള്ളത്തിൽ വീഴും. മീനുകൾ അവയെ അകത്താക്കും.
∙മുഖ്യമായും ഇന്ത്യ, ശ്രീലങ്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ കാണപ്പെടുന്നു. ഈ ഇനത്തിൽപെട്ട വലിയ മീനുകൾക്ക് 3 മീറ്റർ ദൂരത്തേക്കു വരെ വെള്ളം ചീറ്റുവാൻ കഴിയുമത്രേ. ഇങ്ങനെ വെള്ളം ചീറ്റാൻ ഇവ നാക്ക് ഒരു കുഴൽ പോലെ ചുരുട്ടി പെട്ടെന്ന് ശകലങ്ങൾ അടയ്ക്കും. അപ്പോൾ ഒരു ചെറിയ പീരങ്കി പോലെ വെള്ളം ചീറ്റിത്തെറിക്കും. ഇരയുടെ വലുപ്പം അറിഞ്ഞ് വെള്ളത്തിന്റെ ശക്തി ക്രമീകരിക്കുന്നു.
∙ഈ വില്ലാളി മീനുകളുടെ കണ്ണുകൾക്കു നല്ല വലുപ്പമുണ്ട്. കാഴ്‌ചശക്‌തിയും കൂടുതലാണ്. അന്തരീക്ഷത്തിൽ നിന്നു വെള്ളത്തിലേക്കു പതിക്കുമ്പോൾ പ്രകാശ രശ്മികൾക്കു സംഭവിക്കുന്ന അപവർത്തനത്തിന് അനുസരിച്ച് കണ്ണുകൾ ക്രമീകരിക്കാനും ഇവയ്ക്കു സാധിക്കും. വെള്ളത്തിനടിയിൽ നിന്ന് ഇരയിൽ ദൃഷ്ടി കേന്ദ്രീകരിക്കുവാൻ ഈ സ്വഭാവവിശേഷം സഹായിക്കും.
∙ചില സന്ദർഭങ്ങളിൽ ഇവ അടുത്ത് കാണുന്ന ഇരയെ വെള്ളത്തിന്റെ പരപ്പിലൂടെ ഊളിയിട്ടു ചാടിപ്പിടിക്കും. മിക്കവാറും ഒറ്റയായിട്ടുള്ള മീനുകൾ വെള്ളത്തിന്റെ മുകൾ പരപ്പിൽത്തന്നെ നീന്തിനടക്കും.
∙20,000 മുട്ടകൾ വരെ ഒരു സമയത്ത് ഇടുന്നു. മുട്ടകൾ വെള്ളത്തിൽ പൊങ്ങിക്കിടക്കും. 12 മണിക്കൂറിനുള്ളിൽ മുട്ടകൾ വിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്തു വരും.
∙കുഞ്ഞുങ്ങൾക്ക് ഏകദേശം രണ്ടര സെന്റിമീറ്റർ നീളം വയ്ക്കുമ്പോൾ തന്നെ വെള്ളം ചീറ്റി ഇരകളെ പിടിക്കുവാൻ ശ്രമിച്ചു തുടങ്ങും. പലതവണയായി ശ്രമിച്ച് അവ ഇത്തരത്തിൽ വെള്ളം ചീറ്റി ഇര പിടിക്കാൻ ശീലിക്കും. ഒരു മീൻ വെള്ളം ചീറ്റുമ്പോൾ, മറ്റുള്ളവ അടുത്തുനിന്ന് നല്ലതുപോലെ നിരീക്ഷിക്കും. ഇങ്ങനെ അനുഭവജ്ഞാനത്തിലൂടെ ഇവ, കുറെക്കഴിയുമ്പോൾ വിദഗ്ധരായ ഇരപിടുത്തക്കാരായി മാറുന്നു.
തയാറാക്കിയത്:നന്ദകുമാർ ചേർത്തല