ജിയോസ്മിന്റെ മണം ഇഷ്ടമില്ലാത്തവരുണ്ടോ?
ചൂടുകാലം കഴിഞ്ഞ് പൊടിമണ്ണിലേക്ക് ആദ്യ മഴത്തുള്ളികൾ ചെറുതായി പെയ്യുമ്പോൾ ഉയരുന്ന പുതുമണ്ണിന്റെ ഗന്ധം ഓർമയുണ്ടോ..? ജിയോസ്മിൻ എന്ന ഓർഗാനിക് സംയുക്തമാണ് ആ ഗന്ധത്തിനു കാരണം. ‘മണ്ണിന്റെ മണവും രുചിയും’ എന്നൊക്കെപ്പറയുന്ന സവിശേഷതയ്ക്കു കാരണം ഈ അരോമാറ്റിക്ക് ഹൈഡ്രോ കാർബണിന്റെ സാന്നിധ്യമാണ്. ബീറ്റ്റൂട്ടിന്റെ മണ്ണുചുവ, ചില ശുദ്ധജലമത്സ്യങ്ങളുടെ ചളിമണം, petrichor എന്ന് വിളിക്കുന്ന മണ്ണിന്റെ ഗന്ധം ഇതിനൊക്കെ കാരണം ഇതാണ്. രാസഘടനാപരമായി ജിയോസ്മിൻ ഒരു ബൈസൈക്ളിക്ക് ആൽക്കഹോൾ ആണ്. C12H22O എന്നാണ് രാസവാക്യം. ഭൂമി, ഗന്ധം എന്നീ 2 ഗ്രീക്ക് വാക്കുകളിൽ നിന്നാണ് ജിയോസ്മിൻ എന്ന പേര് ഇതിന് ലഭിച്ചത്.
മണ്ണിൽ ജീവിക്കുന്ന വിവിധയിനം സൈനോ ബാക്റ്റീരിയകളും ഗ്രാം പോസിറ്റീവ് ബാക്റ്റീരിയ ആയ സ്ട്രെപ്റ്റോമൈസെസും ആണ് ജിയോസ്മിൻ ഉത്പാദിപ്പിക്കുന്നത്. അവ നശിച്ചാൽ ഈ രാസഘടകം സ്വതന്ത്രമാകുന്നു. മഴത്തുള്ളികൾ വീണു നനഞ്ഞ് ഇത് വായുകുമിളകളിൽ കുടുങ്ങി എയ്റോസോളുകളായി പരക്കുന്നു. മനുഷ്യന്റെ മൂക്കിൽ ഗന്ധം പിടിച്ചെടുക്കുന്ന സെൻസറുകൾ ഇതിന്റെ മണത്തോട് വളരെ സംവേദനക്ഷമം ആണ്. അന്തരീക്ഷ വായുവിൽ ഇതിന്റെ വളരെ വളരെ നേർത്ത സാന്നിധ്യം പോലും (5 part/trillion) നമ്മുടെ മൂക്ക് മണത്തറിയും. മഴയുടെ വരവിനെ അറിയിക്കുന്ന ഈ മണത്തിന്റെ പ്രത്യേകതകൾ തിരിച്ചറിയാൻ പരിണാമ ഘട്ടങ്ങളിൽ തന്നെ നമ്മുടെ മൂക്ക് പാകപ്പെട്ടിട്ടുണ്ട്.
മഴത്തുള്ളിക്കിലുക്കം
മഴത്തുള്ളിയുടെ രൂപം കണ്ണുനീർതുള്ളിപോലെ മേൽഭാഗം കൂർത്തും കീഴ്ഭാഗം വൃത്താകൃതിയിലും ആയാണല്ലോ ചിത്രങ്ങളിൽ കാണുന്നത്. താഴോട്ടു പതിക്കുന്ന മഴത്തുള്ളിയുടെ വേഗം സൂചിപ്പിക്കാനാണ് അങ്ങനെ വരയ്ക്കുന്നത്. ശരിക്കും മഴത്തുള്ളി ഉരുണ്ടതാണ് . 0.1 മുതൽ 9 മില്ലീമീറ്റർ വ്യാസമാണു സാധാരണയായി ഉണ്ടാകുക. വലുപ്പം കൂടും തോറും അവ മുറിഞ്ഞ് ചെറിയ ഗോളാകൃതിയിലുള്ള തുള്ളികളാകാൻ ശ്രമിക്കും. വലിയ മഴത്തുള്ളിയുടെ അടി ഭാഗം ഏകദേശം പരന്ന രൂപത്തിലായിരിക്കും. താഴോട്ട് പതിക്കുമ്പോൾ സഞ്ചാരപാതയിലെ വായുതടസ്സം മൂലമാണത്. വലിയ തുള്ളികളുടെ അടിഭാഗം ഹംബർഗർ ബൺ പോലുള്ള ആകൃതിയായിട്ടുണ്ടാകും. 2004 ൽ മാർഷൽ ഐലൻഡിലും ബ്രസീലിലും ഉണ്ടായ മഴയിൽ ആണ് ഏറ്റവും വലിപ്പമുള്ള മഴത്തുള്ളികൾ പെയ്തത്. 10 മില്ലി മീറ്റർ വ്യാസമുള്ള മഴത്തുള്ളികളാണ് അന്നു പെയ്തത്.
മഴക്കാട്
ഒരു വർഷം ശരാശരി 2500- 4500 മില്ലീ മീറ്റർ മഴ ലഭിക്കുന്ന ഭൂമധ്യരേഖയ്ക്ക് ഇരു വശത്തിലേക്കും ട്രോപ്പിക്ക് ഓഫ് കാൻസർ, ട്രോപ്പിക്ക് ഓഫ് കാപ്രിക്കോണിനും ഇടയിൽ വരുന്ന പ്രദേശങ്ങളിലെ നിത്യഹരിത വനങ്ങളെ ആണ് മഴക്കാടുകൾ എന്ന് വിളിക്കുന്നത്. തെക്കേ അമേരിക്കയിലെ ആമസോൺ നദീതടം, ആഫ്രിക്കയിലെ കോംഗോ നദീതടം, ഏഷ്യയുടെ തെക്കു കിഴക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലായാണ് പ്രധാനമായും ഉഷ്ണമേഖലാ മഴക്കാടുകൾ വ്യാപിച്ചിരിക്കുന്നത്.. ഈ കാടുകളിലാണ് ഭൂമിയിലെ ജൈവ സ്പീഷിസുകളുടെ 40 മുതൽ 75 ശതമാനം വരെ ഉള്ളത്. ഇനിയും ദശലക്ഷക്കണക്കിന് സസ്യ, ജന്തു, സൂക്ഷ്മ ജീവി സ്പീഷിസുകൾ കണ്ടത്താനായി ഈ കാടുകളിൽ ബാക്കിയുണ്ട്. അതീവ പ്രാധാന്യമുള്ള ജൈവമേഖലയാണ് ഈ കാടുകൾ. ഭൂമിയുടെ ആഭരണം, ഭൂമിയുടെ ഫാർമസി എന്നൊക്കെയാണ് ഈ കാടുകൾക്ക് വിശേഷണം. പ്രകൃത്യായുള്ള ഔഷധങ്ങളുടെ കാൽഭാഗവും ഈ കാടുകളിൽ നിന്നാണ് കണ്ടെത്തീട്ടുള്ളത്. വന നശീകരണം കൊണ്ട് മഴക്കാടുകളുടെ വലിപ്പം കുറയുന്നത് വലിയ അളവിൽ ജൈവ വംശനാശത്തിന് കാരണമാകുന്നുണ്ട്.
തയാറാക്കിയത്: വിജയകുമാർ ബ്ലാത്തൂർ