3000 കിലോ ഭാരം, കൊമ്പിന് വമ്പൻ വില; പക്ഷേ ഇവൻ പാവമാ
കാണ്ടാമൃഗങ്ങളുടെ ഇംഗ്ലിഷ് പേര് Rhinoceros എന്നാണ്. ഗ്രീക്കു ഭാഷയിൽ നിന്നാണു ഇതിന്റെ ഉദ്ഭവം. ഗ്രീക്കിൽ rhino എന്ന പദത്തിനർഥം മൂക്ക് എന്നാണ്. ceros എന്ന പദം കൊമ്പിനെ സൂചിപ്പിക്കുന്നു.
പ്രധാനമായും 5 ഇനം കാണ്ടാമൃഗങ്ങൾ ഉണ്ട്. 3 വിഭാഗം ഏഷ്യയിലും 2 വിഭാഗം ആഫ്രിക്കയിലും കാണുന്നു.
ഇവ സസ്യഭുക്കുകൾ ആണ്. കുറ്റിച്ചെടികൾ, പഴങ്ങൾ, ചെറിയ മരങ്ങൾ, വള്ളിപ്പടർപ്പുകൾ എന്നിവയാണ് ഇവയുടെ ഭക്ഷണം.
6 അടി പൊക്കവും 11 അടി വരെ നീളവുമുള്ള കാണ്ടാമൃഗങ്ങളുണ്ട്. വളർച്ചയെത്തിയ വെള്ള കാണ്ടാമൃഗങ്ങൾക്ക് ശരാശരി മൂവായിരം കിലോ ഭാരം കാണും.
ഇവയുടെ കാലുകളുടെ അടിവശം വളരെ മൃദുലമാണ്. അതിനാൽ നഖങ്ങളിൽ ബലംകൊടുത്തു നടന്ന് കാലിന്റെ അടിഭാഗം സംരക്ഷിക്കും. നല്ല ഘ്രാണ ശക്തിയും ശ്രവണ ശക്തിയും ഉണ്ടെങ്കിലും കാഴ്ച വളരെ കുറവാണ്. 30 മീറ്ററിൽ കൂടുതൽ അകലെയുള്ള വസ്തുക്കൾ കാണാൻ ബുദ്ധിമുട്ടാണ്.
ചൂടിൽ നിന്നു രക്ഷ തേടി പകൽ സമയങ്ങളിൽ ഇവ കുളങ്ങളിലോ ചേറിലോ കഴിയുന്നു. ഓക്സിപെക്കർ എന്ന ചെറിയ പക്ഷികൾ കാണ്ടാമൃഗവുമായി കട്ട കൂട്ടുകെട്ടാണ്. കാണ്ടാമൃഗങ്ങളുടെ ശരീരത്തിൽ പറ്റിച്ചേർന്നിരിക്കുന്ന ചെറിയ പ്രാണികളെ ഈ പക്ഷികൾ തിന്നു തീർക്കും
കൊമ്പുകൾ കെരാറ്റിൻ എന്ന പദാർഥം കൊണ്ട് നിർമിച്ചിരിക്കുന്നു. ആനക്കൊമ്പുകൾ പോലെ, ഇവയുടെ കൊമ്പുകളും വിലയേറിയതാണ്.
തയാറാക്കിയത്: നന്ദകുമാർ ചേർത്തല