ആറുമാസം ഉറങ്ങാതെ പറക്കുന്ന പക്ഷിയും മൂന്നുവർഷം വരെ ഉറങ്ങുന്ന ഒച്ചും!
ശ്രീരംഗം ജയകുമാർ
ഒരു മനുഷ്യായുസ്സിന്റെ മൂന്നിലൊന്ന് കാലയളവ് നമ്മൾ ഉറങ്ങാൻ ഉപയോഗിക്കുന്നു. ഉറക്കത്തിന്റെ രസതന്ത്രത്തെ കുറിച്ച് കൂട്ടുകാർ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? നമ്മുടെ മസ്തിഷ്കത്തിലെ വിവിധ രാസപദാർഥങ്ങൾ, ഉറക്കത്തെ നിയന്ത്രിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു. മെലാടോണിൻ, അഡിനോസിൻ എന്നിവ അവയിൽ പ്രധാനമാണ്.
ഊർജ ഉപഭോഗത്തിന്റെ ഉപോൽപന്നമായി നമ്മുടെ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന അഡിനോസിൻ പകൽ നമ്മുടെ ശരീരത്തിൽ അടിഞ്ഞുകൂടുന്നു. ഇത് നാഡീകോശങ്ങളിലെ അഡിനോസിൻ ഉദ്ദീപനസ്വീകാരികളുമായി (adenosine receptors) കൂടിച്ചേരുന്നത് നാഡീകോശങ്ങളുടെ പ്രവർത്തനം മന്ദഗതിയിലാക്കും. നാഡീകോശങ്ങൾ മന്ദഗതിയിലാകുന്നത് ഉറക്കം വരുന്നതിനു കാരണമാകും. പിന്നീട് ഉറങ്ങുമ്പോൾ നാഡിയിൽ ഉദ്ദീപനസ്വീകാരികളുമായി കൂടിച്ചേർന്ന അഡിനോസിൻ നീക്കം ചെയ്യപ്പെടും.
ഉറക്കത്തെ അറിയുമ്പോൾ
ബ്രൗൺ വവ്വാലുകൾ ദിവസം 20 മണിക്കൂർവരെ ഉറങ്ങുമ്പോൾ ഇത്തിൾ പന്നിയും (Giant Armadillo), പെരുമ്പാമ്പും, 18 മണിക്കൂറും മൂങ്ങാ കുരങ്ങൻ (Owl monkey)
17 മണിക്കൂറും ഉറങ്ങും
കടലിലെ ഏറ്റവും ബുദ്ധിയുള്ള ജീവിയായി കരുതപ്പെടുന്ന ഡോൾഫിനുകൾ പാതി ഉറക്കം നടത്തുന്നവരാണ്. ഒരു സമയം മസ്തിഷ്കത്തിൽ ഒരു പാതി ഉറങ്ങുകയും മറ്റേ പാതി ഉണർന്നിരിക്കുകയും ചെയ്യും. പിന്നീട് നേരെ തിരിച്ച് ആകും.
മത്സ്യങ്ങൾ കണ്ണടയ്ക്കാതെ ഉറങ്ങുന്നവയാണ്.
സ്രാവുകൾ ഒഴിച്ചുള്ള മത്സ്യങ്ങൾക്ക് കൺപോളകളില്ല എന്നതാണ് കാരണം.
ശരീര വലുപ്പത്തിനനുസരിച്ചു ഭാരിച്ച അളവിൽ ഭക്ഷണം ആവശ്യമുള്ള ആനകൾ ദിവസം 18 മണിക്കൂർ തിന്നാൻ ചെലവഴിക്കുമ്പോൾ 3–4 മണിക്കൂർ മാത്രമാണ് ഉറങ്ങുന്നത്.
വെള്ളവയറൻ ശരപ്പക്ഷി (Alpine swift) എന്ന ദേശാടനക്കിളി ആറുമാസത്തോളം ഉറങ്ങാതെ പറക്കുന്നവയാണ്. പറക്കുന്നതോടൊപ്പം ഉറങ്ങാനുള്ള അദ്ഭുതസിദ്ധി വല്ലതും
അവയ്ക്ക് ഉണ്ടോ എന്നത് ഇനിയും വ്യക്തമല്ല.
ബുൾ ഫ്രോഗ്സ് എന്നറിയപ്പെടുന്ന തവളകൾക്ക് മാസങ്ങളോളം ഉറങ്ങാതെ ജീവിക്കാനാകും.
നീളക്കാരായ ജിറാഫുകൾ ഉറങ്ങാനായി കിടക്കാറില്ല. മറ്റു ജീവികൾ ആക്രമിക്കാനെത്തിയാൽ ചാടിയെഴുന്നേൽക്കാൻ കഴിയില്ല എന്നതിനാലാണിത്. ഇരുന്ന് ഉറങ്ങാനും നിന്നു മയങ്ങാനും ഇവയ്ക്കു സാധിക്കും.
ഉറക്കത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ന്യൂസീലൻഡ്കാർ ശരാശരി ഏഴേ മുക്കാൽ മണിക്കൂർ ഉറങ്ങുമ്പോൾ ഇന്ത്യക്കാർ ആറേ മുക്കാൽ മണിക്കൂറാണ് ഉറങ്ങുന്നത്.
മൂന്നുവർഷം വരെ ശിശിര നിദ്ര എന്ന പ്രത്യേകതരം ഉറക്കത്തിൽ കഴിയാനാകുന്ന ഒച്ചുകളുണ്ട്.
ഉറക്കത്തിന്റെ താളം– സർക്കേഡിയൻ റിഥം
ഉറങ്ങുന്നതും, ഉണരുന്നതും ഉൾപ്പെടെയുള്ള ദൈനംദിന പ്രവർത്തനങ്ങളെ നിയന്ത്രിക്കും വിധം നമ്മളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു ജൈവഘടികാരം ആണ് സർക്കേഡിയൻ റിഥം (Circadian rhythm). ഇതിനു പിന്നിലുള്ള രാസപ്രവർത്തനത്തെ കുറിച്ചുള്ള പഠനത്തിനാണ് 2017ൽ ജെഫറി സി.ഹാൾ, മൈക്കൽ റോസ്ബാഷ്, മൈക്കൽ യങ് എന്നിവർക്കു വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം ലഭിച്ചത്.
കുറയ്ക്കും കഫീൻ
കാപ്പി കുടിക്കുമ്പോൾ കൂടുതൽ ഉന്മേഷം തോന്നിയിട്ടുണ്ടോ? അതിനു പിന്നിലും നമ്മുടെ നാഡീകോശങ്ങളിൽ നടക്കുന്ന ഒരു പ്രക്രിയ ഉണ്ട്. കാപ്പിയിലടങ്ങിയിരിക്കുന്ന കഫീൻ എന്ന രാസപദാർഥം അഡിനോസിനു സമാനമായ രാസഘടന ഉള്ളതാണ്. അതിനാൽ നാഡീകോശങ്ങളിലെ അഡിനോസിൻ ഉദ്ദീപനസ്വീകാരികളുമായി കൂടിച്ചേരാൻ കഫീനു കഴിയും. അഡിനോസിനു പകരം കഫീൻ കൂടിച്ചേരുമ്പോൾ നാഡീകോശങ്ങൾക്കു മന്ദത അനുഭവപ്പെടുന്നില്ല; ഉറക്കം വരുന്നില്ല.
ഉറക്കം വരുത്തും മെലാടോണിൻ
മസ്തിഷ്കത്തിലെ പീനിയൽ ഗ്രന്ഥി പുറത്തുവിടുന്ന ഹോർമോൺ ആണ് മെലാടോണിൻ. പ്രകാശം ഈ ഹോർമോണിന്റെ പ്രവർത്തനത്തെ സ്വാധീനിക്കും. കണ്ണിലെ റെറ്റിനയിൽ പ്രകാശം പതിക്കുന്നതിനനുസരിച്ച് പീനിയൽ ഗ്രന്ഥിയുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ മറ്റൊരു ഭാഗമാണ് സൂപ്പർ കയസ്മാറ്റിക് ന്യൂക്ലിയസ്(Superchiasmatic nucleus). റെറ്റിനയിൽ പ്രകാശം പതിക്കുമ്പോൾ സൂപ്പർ കയസ്മാറ്റിക് ന്യൂക്ലിയസ് പീനിയൽ ഗ്രന്ഥിയിലേക്കു സന്ദേശമയക്കുകയും മെലാടോണിൻ ഉൽപാദനം നിലയ്ക്കുകയും ചെയ്യുന്നു. ഇരുട്ടിൽ റെറ്റിനയിൽ പ്രകാശം പതിക്കാത്തതിനാൽ മെലാടോണിൻ ഉത്പാദനം നടക്കുന്നു; ഉറക്കം വരാൻ കാരണമാകുന്നു.
ഉറക്കത്തിന്റെ ഘട്ടങ്ങൾ
നാലു ഘട്ടങ്ങളോടു കൂടിയതാണ് ഉറക്കം. നേരിയ നേത്ര ചലനങ്ങളോട് കൂടിയതാണ് ഒന്നും, രണ്ടും, മൂന്നും ഘട്ടങ്ങൾ, തുടർന്ന് ദ്രുത ചലനത്തോട് കൂടിയ നാലാംഘട്ടം ഉണ്ട്. നാല് ഘട്ടങ്ങളുള്ള ഒരു ചക്രം 90 മുതൽ 110 മിനിറ്റ് വരെ നീണ്ടു നിൽക്കും. ഇത്തരത്തിലുള്ള നാലഞ്ചു ചക്രം വരെ ഒരു രാത്രി ഉണ്ടാവാം.
തീവ്രമായ ഉറക്കം മൂന്നാംഘട്ടത്തിൽ ആണ് ഉണ്ടാവുക. പിച്ചും പേയും പറയുന്നതും, ഉറക്കത്തിൽ എഴുന്നേറ്റു നടക്കുന്നതുമൊക്കെ ഈ ഘട്ടത്തിലാണ്.
Summary : Amazing sleeping habits of animals and birds