ഭീമൻ ഛിന്നഗ്രഹം പൊട്ടിത്തെറിച്ചു, ഇല്ലാതായത് ഒരു നാഗരികത; ചരിത്രം കണ്ട ഭീകരത!
ആകാശത്തുനിന്നു പാഞ്ഞുവരുന്ന അഗ്നിഗോളം. റോഡിലൂടെ പോകുന്ന ഒരു കാർ. അഗ്നിഗോളം താഴെ വീണു പൊട്ടിച്ചിതറി. ഒരു മിനിറ്റ് പോലും വേണ്ടിവന്നില്ല, ആ കാർ ഉരുകി മണ്ണോടു ചേരാൻ. ഒരു ഛിന്നഗ്രഹമായിരുന്നു അഗ്നിഗോളമായി പാഞ്ഞുവന്നത്. ഇതു നടന്ന സംഭവമല്ല. പക്ഷേ ഏകദേശം 13,000 വർഷം മുൻപ് നടന്ന ഒരു സംഭവത്തിന്റെ കാഠിന്യം വിശദീകരിക്കാൻ ഗവേഷകർ ഉപയോഗിച്ചത് ഈ കാറിന്റെ ഉദാഹരണമായിരുന്നു. അന്നു ഭൂമിയില്‍ പതിച്ച ഒരു ഭീമൻ ഛിന്നഗ്രഹമാണ് പ്ലെയ്റ്റസീൻ കാലഘട്ടത്തിലെ നിർണായകമായ ഒരു നാഗരികതയ്ക്ക് അന്ത്യം കുറിച്ചത്. കാറുൾപ്പെടെയുള്ള വാഹനങ്ങൾ അക്കാലത്തുണ്ടായിരുന്നെങ്കിൽ നിമിഷനേരംകൊണ്ട് ഉരുകിപ്പോകുമായിരുന്നെന്നും ഗവേഷകർ പറയുന്നു.
ഇന്നത്തെ സിറിയയിരിക്കുന്ന സ്ഥാനത്തുണ്ടായിരുന്ന നാഗരികതയെയാണ് എന്നന്നേക്കുമായി ഛിന്നഗ്രഹം ഇല്ലാതാക്കിയത്. സയന്റിഫിക് റിപ്പോർട്ട്സ് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഗവേഷകർ ഈ വിവരങ്ങൾ പങ്കുവച്ചത്. അതിന് അവരെ സഹായിച്ചത് ഛിന്നഗ്രഹം വന്നുവീണതിനെത്തുടർന്ന് പ്രദേശത്തുണ്ടായ ചില മാറ്റങ്ങളുടെ തെളിവുകളും. അതിനു മുൻപ് എന്താണ് പ്ലെയ്റ്റസീൻ കാലഘട്ടമെന്നു പറഞ്ഞുതരാം. ഏകദേശം 26 ലക്ഷം വർഷങ്ങള്‍ക്കു മുൻപ് ആരംഭിച്ച് 11,700 വർഷം മുൻപ് അവസാനിച്ചതാണ് ഈ കാലഘട്ടം. അക്കാലത്തു ലോകത്തിന്റെ പല ഭാഗത്തും മഞ്ഞുമൂടിക്കിടക്കുകയായിരുന്നു. മനുഷ്യരും വമ്പൻ ആനകളായ മാമത്തുകളും പോരാടിയിരുന്ന കാലം. മനുഷ്യൻ വേട്ടയാടി പതിയെപ്പതിയെ ഓരോ സ്ഥലത്തായി തമ്പടിച്ചു തുടങ്ങിയ കാലം.
ഇന്നത്തെ സിറിയയിലും അത്തരമൊരു ജനത ജീവിച്ചിരുന്നു. അബു ഹുറേയ എന്നാണ് ഇന്ന് ആ സ്ഥലം ഇന്നറിയപ്പെടുന്നത്. ഏകദേശം 5000 വർഷം മുൻപ് പ്രദേശം ജനം ഉപേക്ഷിച്ചുപോയി. അവിടെ നടത്തിയ ഗവേഷണത്തിലാണു വർഷങ്ങൾക്കു മുൻപ് ഭൂമിയെ ‘ആക്രമിച്ച’ ഛിന്നഗ്രഹത്തിന്റെ വിവരം ലഭിക്കുന്നത്. ഛിന്നഗ്രഹം പതിച്ചതിന്റെ തെളിവുകളായി ഗവേഷകർക്കു ലഭിച്ചത് ചില തരം ധാതുക്കളുടെ സാന്നിധ്യവും ഗ്ലാസ് പോലുള്ള വസ്തുക്കളുമായിരുന്നു. ക്രോമിയം, ഇരുമ്പ്, നിക്കൽ തുടങ്ങിയ ധാതുക്കളായിരുന്നു പ്രധാനമായും. ഇവയെല്ലാം ഏകദേശം 2200 ഡിഗ്രി സെൽഷ്യസിനു മുകളിലെ താപനിലയിലാണു രൂപപ്പെടുക. അതായത് ഒരു വാഹനത്തെ നിമിഷനേരം കൊണ്ട് ഉരുക്കിയില്ലാതാക്കാവുന്ന താപനില. അത്രയേറെ ചൂടുണ്ടാകണമെങ്കിൽ ഛിന്നഗ്രഹം പതിക്കുകയല്ലാതെ മറ്റു സാധ്യതകളൊന്നുമില്ലതാനും.
പ്രദേശത്തെ മണ്ണും മറ്റും ഉരുകി പെട്ടെന്നു തണുത്തുറഞ്ഞതായിരിക്കണം ഗ്ലാസ് രൂപങ്ങളെന്ന് യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ–സാന്റ ബാര്‍ബറയിലെ ഗവേഷകർ പറയുന്നു. അത്തരം ഗ്ലാസ് രൂപങ്ങൾ ഭൂമിയിലെ സാധാരണ താപനിലയിൽ വളരെ അപൂർവമായാണു കാണുക. ഛിന്നഗ്രഹം വന്നുപതിക്കുന്ന മേഖലകളിൽ നേരത്തെയും ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പക്ഷേ ഒരു വമ്പൻ ഛിന്നഗ്രഹം വന്നുവീണതല്ല പ്രശ്നങ്ങള്‍ക്കു കാരണമെന്നു ഗവേഷകർ പറയുന്നു. പകരം ഛിന്നഗ്രഹം ചിതറിത്തെറിച്ചു പലയിടത്തായി പതിച്ചതാകാം. ഭൂമിയിൽ ഏകദേശം 8700 മൈൽ വിസ്തൃതിയിൽ അക്കാലത്ത് ഛിന്നഗ്രഹം പതിച്ചതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. അതിലൊരു കഷ്ണമാകണം സിറിയയിലെ നാഗരികതയെ ഇല്ലാതാക്കിയതെന്നും ഗവേഷകർ പറയുന്നു (ഛിന്നഗ്രഹങ്ങൾ പരസ്പരം കൂട്ടിയിടിച്ചോ മറ്റോ തകർന്നുണ്ടാകുന്ന കഷ്ണങ്ങളെയാണ് ഉൽക്കകളെന്നു വിളിക്കുന്നത്)
Summary : An asteroid Destroyed One Of The World’s Earliest Human Settlements