എല്ലാ രോഗങ്ങളും നമ്മളെ ആക്രമിക്കാത്തത് എന്തുകൊണ്ട്? Bacteria, Human body, Padhippura, Manorama Online

ആകാശത്ത് ഗ്രഹങ്ങൾ കൂട്ടിയിടിച്ചു; ഗവേഷകരെ ഞെട്ടിച്ച് രൂപപ്പെട്ടു അദ്ഭുത ‘ഇരുമ്പുഗ്രഹം’

സൂര്യനും ആ നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹങ്ങളുമൊക്കെ ചേർന്നതാണ് സൗരയൂഥം. നമ്മുടെ ഭൂമിയും അക്കൂട്ടത്തിലൊരു ഗ്രഹമാണ്. സൗരയൂഥത്തിനകത്തു മാത്രമല്ല, പുറത്തുമുണ്ട് ഒട്ടേറെ ഗ്രഹങ്ങൾ. അവയെപ്പറ്റി പഠിക്കാൻ ഗവേഷകർക്കു വലിയ താൽപര്യവുമാണ്. പല വമ്പൻ അദ്ഭുതങ്ങൾക്കും സാക്ഷ്യം വഹിക്കാം എന്നതാണ് അതിനു പിന്നിലെ കാരണങ്ങളിലൊന്ന്. അത്തരമൊരു അദ്ഭുതസംഭവത്തിന്റെ തെളിവ് അടുത്തിടെ ഗവേഷകർക്കു ലഭിച്ചു. രണ്ടു ഗ്രഹങ്ങൾ കൂട്ടിയിടിച്ചതിന്റെയായിരുന്നു അത്. സൗരയൂഥത്തിനു പുറത്ത് ഇത്തരമൊരു കൂട്ടിയിടിയുടെ തെളിവ് ഇതാദ്യമായാണു ലഭിക്കുന്നത്.

സംഗതി അത്ര ചെറിയ കൂട്ടിയിടിയൊന്നുമായിരുന്നില്ല. രണ്ടു ഗ്രഹങ്ങളും പരസ്പരം ഇടിച്ചു കയറിയതോടെ മറ്റൊരു വമ്പൻ ഗ്രഹമാണു രൂപപ്പെട്ടത്. അതിലാകട്ടെ നിറയെ ഇരുമ്പും. ഭൂമിയേക്കാളും പത്തിരട്ടി ഭാരമുണ്ടായിരുന്നു അതിന്. അയൺ മാൻ പോലൊരു അയൺ ഗ്രഹം! ഇതുപോലൊരു കൂട്ടിയിടി പണ്ടും നടന്നിട്ടുണ്ട്. പണ്ടെന്നു പറഞ്ഞാൽ ഏകദേശം 450 കോടി വർഷം മുൻപ്! അന്നു നമ്മുടെ ഭൂമിയും ചൊവ്വാഗ്രഹത്തിന്റെ അത്രയും വലുപ്പമുള്ള ഒരു ‘ബഹിരാകാശ വസ്തുവും’ കൂട്ടിയിടിച്ചാണു ചന്ദ്രൻ ഉണ്ടായതെന്നാണു ശാസ്ത്രലോകത്തെ പല വിദഗ്ധരും വിശ്വസിക്കുന്നത്.

കാനറി ദ്വീപുസമൂഹത്തിൽ നിന്നു നടത്തിയ വാനനിരീക്ഷണത്തിലാണ് ഗവേഷകർ ‘ഇരുമ്പുഗ്രഹ’ത്തിന്റെ രൂപപ്പെടൽ തണ്ടെത്തിയത്. നാലു ഗ്രഹങ്ങൾ ചേർന്ന ഒരു നക്ഷത്രസമൂഹത്തെ നിരീക്ഷിക്കുകയായിരുന്നു അവർ. അതാകട്ടെ ഏകദേശം 1600 പ്രകാശം വർഷം അകലെയുള്ളതാണ് (ബഹിരാകാശത്തെ ദൂരമൊക്കെ അളക്കുന്നത് പ്രകാശ വർഷം ഉപയോഗിച്ചാണ്. പ്രകാശത്തിന് ഒരു വർഷം കൊണ്ടു സഞ്ചരിക്കാൻ കഴിയുന്ന ദൂരമാണിത്. ഓരോ സെക്കൻഡിലും മൂന്നു ലക്ഷം കിലോമീറ്റർ എന്ന കണക്കിലാണ് പ്രകാശത്തിന്റെ വേഗം. അതായത് ഒരു വർഷം പ്രകാശത്തിന് 10 ട്രില്യൻ കിലോമീറ്റർ സഞ്ചരിക്കാനാകും. കൃത്യമായിപ്പറഞ്ഞാൽ ഒരു പ്രകാശവർഷമെന്നത് 9.5 ലക്ഷം കോടി കിലോമീറ്ററാണ്. എറണാകുളവും ആലപ്പുഴയും തമ്മിലുള്ള ദൂരം നമുക്കു വേണമെങ്കിൽ കിലോമീറ്ററിൽ രേഖപ്പെടുത്താം. പക്ഷേ ബഹിരാകാശത്ത് പല ഗ്രഹങ്ങളും നക്ഷത്രങ്ങളുമൊക്കെ തമ്മിലുള്ള ദൂരം കിലോമീറ്ററിലെഴുതിയാൽ പൂജ്യമെണ്ണിത്തീർക്കാൻ തന്നെ ഏറെ സമയമെടുക്കും. അതിനാലാണ് എളുപ്പത്തിനു വേണ്ടി പ്രകാശ വർഷം അളവായി സ്വീകരിച്ചത്)

പറഞ്ഞുവന്നത് ഇരുമ്പുഗ്രഹത്തെപ്പറ്റിയാണ്. കെപ്ലർ –107 സി എന്ന ഗ്രഹത്തെയാണ് ഗവേഷകർ നിരീക്ഷിച്ചത്. വലുപ്പം കുറവാണെങ്കിലും ഗ്രഹത്തിന്റെ ഭാരം അസാധ്യമാണെന്നു ഗവേഷകർ തിരിച്ചറിഞ്ഞു. അതിൽ നിന്നാണ് ഒരിക്കൽ മറ്റേതോ ഗ്രഹവുമായി ഇതു കൂട്ടിയിടിച്ചിട്ടുണ്ടെന്ന നിഗമനത്തിലെത്തിയത്. ആ കൂട്ടിയിടിയിൽ കെപ്ലെറിന്റെ പുറംപാളി അടർന്നു പോയി. ഫലമാകട്ടെ അകത്തെ പാളിയിലുണ്ടായിരുന്ന ഇരുമ്പെല്ലാം പുറത്തെത്തി. ആ ഇരുമ്പാണ് ഗ്രഹത്തിന്റെ അസാധാരണ ഭാരത്തിനുള്ള കാരണം. ഏകദേശം 70% വരും ഇരുമ്പിന്റെ അളവ്.

കെപ്ലർ 107 സിയുടെ തൊട്ടപ്പുറത്താണ് െകപ്ലർ 107ബി എന്ന ഗ്രഹം. രണ്ടിനും ഒരേ വലുപ്പമാണ്. പക്ഷേ 107സിയേക്കാൾ രണ്ടുമടങ്ങ് ഭാരം കുറവാണ് 107ബിക്ക്! ഈ ഗ്രഹത്തിന്റെ ആകെ ഭാരത്തിന്റെ 30% മാത്രമേയുള്ളൂ ഇരുമ്പിന്റെ അംശം. 107സിയും മറ്റൊരു ഗ്രഹവും കൂട്ടിയിടിക്കുമ്പോൾ രണ്ടിനും സെക്കൻഡിൽ ഏകദേശം 60 കി.മീ വേഗതയുണ്ടായിരുന്നുവെന്നാണു നിഗമനം. അതാണ് കൂട്ടിയിടി ഉഗ്രനാകാൻ കാരണമായതും. എങ്ങനെയാണു പ്രപഞ്ചത്തിൽ ഗ്രഹങ്ങൾ രൂപപ്പെട്ടത് എന്നു പഠിക്കാൻ ഇത്തരം കണ്ടെത്തലുകൾ ഏറെ സഹായകമാണെന്നു ഗവേഷകർ പറയുന്നു. നേച്ചർ ആസ്ട്രോണമി ജേണലിലുണ്ട് ഇതു സംബന്ധിച്ച വിശദമായ പഠനം.