‘ദൈവത്തിന്റെ പർവത’ത്തിനു സമീപത്തെ ആ അജ്ഞാത കാലടിപ്പാടുകൾ; ആരായിരുന്നു അത്?, 5Ancient human footprints, found near African volcano, Padhippura , Manorama Online

‘ദൈവത്തിന്റെ പർവത’ത്തിനു സമീപത്തെ ആ അജ്ഞാത കാലടിപ്പാടുകൾ; ആരായിരുന്നു അത്?

ആയിരക്കണക്കിനു വർഷങ്ങള്‍ക്കു മുൻപ് ടാൻസാനിയയിലെ ഒരു അഗ്നിപർവതം പൊട്ടിത്തെറിച്ചു. പ്രദേശവാസികളായ മസായ് ഗോത്ര വിഭാഗക്കാർ ആ പർവതത്തെ വിളിച്ചിരുന്നത് ‘ദൈവത്തിന്റെ പർവതം’ എന്നായിരുന്നു. എന്നാണത് പൊട്ടിത്തെറിച്ചതെന്നു വ്യക്തമായി കണ്ടെത്താനായിട്ടില്ല. പക്ഷേ അന്നത്തെ പൊട്ടിത്തെറിയിൽ ലാവയും ചാരവുമൊക്കെ ‘കുമുകുമാ’ പുറത്തേക്കു ചാടിയിരുന്നു. അതോടൊപ്പം ചുറ്റിലുമുള്ള മണ്ണും അടുത്തുള്ള തടാകത്തിൽനിന്നുള്ള വെള്ളവുമൊക്കെ ചേർന്ന് പർവതത്തിന്റെ ചുറ്റിലും കുഴഞ്ഞുമറിഞ്ഞു കിടന്നു. സിമന്റ് കുഴച്ച പോലെ കിടന്നിരുന്ന ആ സ്ഥലത്തുകൂടെ ആ സമയത്ത് ചില ഗോത്ര വർഗക്കാർ നടന്നുപോയി. ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ അതെല്ലാം ഉറച്ചു കട്ടിയാവുകയും ചെയ്തു. പക്ഷേ അപ്പോഴേക്കും അവിടെ കാൽപാദങ്ങളുടെ രൂപത്തില്‍ ആ കാലവും പതിഞ്ഞു പോയിരുന്നു.

പതിനായിരക്കണക്കിനു വർഷം പഴക്കമുള്ള കാൽപാദങ്ങളുടെ ഫോസിൽ അടയാളപ്പെടുത്തലാകട്ടെ ഗവേഷകരെ സംബന്ധിച്ചിടത്തോളം വൻ വിരുന്നുമായി. ആഫ്രിക്കയിൽ പ്രാചീന കാലത്തെ ഗോത്രങ്ങളുടെ, ഇന്നുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും കുടുതൽ പാദമുദ്രകൾ കണ്ടെത്തിയ ഇടമാണ് അവിടം. നിലവിൽ ടൂറിസ്റ്റ് കേന്ദ്രം കൂടിയാണിത്. കാലങ്ങളായി ഒട്ടേറെ പുരാവസ്തു ഗവേഷകർ കൗതുകത്തോടെ പഠിച്ച പാദമുദ്രകളും കൂടിയായിരുന്നു ഇവ. അടുത്തിടെ യുഎസിൽനിന്നുള്ള സർവകലാശാല ഗവേഷകർ നടത്തിയ പഠനം കൂടുതൽ കൗതുകം നിറഞ്ഞതായിരുന്നു.

ഈ അടയാളങ്ങൾക്കു പിന്നിൽ ആരാണെന്നായിരുന്നു അവർ അന്വേഷിച്ചത്. 2008ലാണ് ആദ്യമായി ഈ അടയാളങ്ങൾ ഗവേഷകരുടെ മുന്നിലേക്ക് ആദ്യമായെത്തുന്നത്. പ്രദേശവാസികൾക്കു പക്ഷേ അതിനും മുൻപേതന്നെ ഇതിനെപ്പറ്റി ധാരണയുണ്ടായിരുന്നു. ഏകദേശം 5760 മുതൽ 19,100 വർഷം വരെ പഴക്കമുള്ളവയാണ് കാൽപ്പാദങ്ങളെന്നാണു വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നത്. അതല്ല ഇവയ്ക്ക് ഏകദേശം 1.2 ലക്ഷം വർഷത്തെ പഴക്കമുണ്ടെന്നു പറയുന്നവരും ഏറെ. എന്നാൽ ലോകത്തിലെ ഏറ്റവും പഴക്കമേറിയ കാൽപ്പാടുകൾ ഇതല്ല, ടാൻസാനിയയിൽ തന്നെ 37 ലക്ഷം വർഷം പഴക്കമുള്ള അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
‘എങ്കാറെ സെറോ’ എന്നു വിശേഷിപ്പിക്കുന്ന ഈ അടയാളങ്ങളുടെ കാലപ്പഴക്കമല്ല ഗവേഷകരെ ആകർഷിച്ചത്, മറിച്ച് അവയുടെ എണ്ണമാണ്. ആകെ 408 കാലടിപ്പാടുകളുണ്ടായിരുന്നു അവിടെ. ആഫ്രിക്കൻ ഗോത്രത്തിലെ ഏതു വിഭാഗക്കാരായിരുന്നു അവർ? എന്താണവിടെ ആ സമയത്ത് അവർ ചെയ്തിരുന്നത്? ഈ ചോദ്യങ്ങളുടെ ഉത്തരമാണ് ഗവേഷകർ തേടിയത്. ആയിരക്കണക്കിനു വർഷം പിന്നിലേക്ക് സഞ്ചരിച്ച് അവർ ചില കാര്യങ്ങൾ കണ്ടെത്തുകയും ചെയ്തു. അന്നു ചെളിക്കുഴമ്പിലൂടെ സഞ്ചരിച്ചിരുന്നവരുടെ കൂട്ടത്തിൽ 17 പേർ അത്യാവശ്യം വേഗത്തിൽ സഞ്ചരിക്കുന്നവരായിരുന്നെന്നായിരുന്നു ഒരു കണ്ടെത്തൽ. തെക്കുപടിഞ്ഞാറൻ ദിശയിലേക്കായിരുന്നു യാത്ര. കൂട്ടത്തിൽ 14 പേർ മുതിർന്ന വനിതകളായിരുന്നു. രണ്ട് മുതിർന്ന പുരുഷന്മാരും ഒരു യുവാവുമായിരുന്നു മറ്റുള്ളവർ.

ആറു പേരുടെ മറ്റൊരു സംഘവുമുണ്ടായിരുന്നു. ഈ 17 പേർക്കും എതിർവശത്തുനിന്നായിരുന്നു അവരുടെ യാത്ര. അവർ ഓടുകയായിരുന്നുവെന്നു കാലടിപ്പാടുകൾ വ്യക്തമാക്കുന്നു. വേഗതയിലെ വ്യത്യാസംകൊണ്ടുതന്നെ ഒരു കാര്യം വ്യക്തം– ആ രണ്ടു സംഘങ്ങളും ഒരുമിച്ചായിരുന്നില്ല യാത്ര. അച്ചെ, ഹദ്സ പോലുള്ള ഇന്നത്തെ കാലത്തെ ടാൻസാനിയ ഗോത്ര വിഭാഗക്കാരിൽ സ്ത്രീകളാണ് ഭക്ഷണം തേടിപ്പോകുന്നത്. ഇവരെ സഹായിക്കാനായി ഒന്നോ രണ്ടോ മുതിർന്ന പുരുഷന്മാരും ഒപ്പം കാണും.അത്തരത്തിലുള്ള സംഘത്തിന്റെ കാലടിപ്പാടുകളാണോ കണ്ടെത്തിയത്? ആണെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.

ഇത്തരം യാത്രകളിൽ കുട്ടികളെ ഉൾപ്പെടുത്താറില്ല, ഒരു കുട്ടിയുടെയും കാൽപ്പാദം അവിടെയുണ്ടായിരുന്നുമില്ല. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലും കാൽപ്പാദങ്ങളുടെ അളവും ആഴവുമെല്ലാം നോക്കിയുള്ള പഠനത്തിൽനിന്നുമാണ് ഈ നിഗമനത്തിലേക്കു ഗവേഷകരെത്തിയത്. ചരിത്രം അവശേഷിപ്പിച്ച അടയാളങ്ങളിൽനിന്ന് എങ്ങനെ അവയ്ക്കു പിന്നിലെ യാഥാർഥ്യം കണ്ടെത്താനാകും എന്നതിന്റെ മികച്ച ഉദാഹരണം കൂടിയായി ഇത്. നേച്ചർ ജേണലിലുണ്ട് ഇതു സംബന്ധിച്ച വിശദമായ പഠനം.