ആ സ്ഫോടനത്തിൽ ലോകം അവസാനിച്ചില്ല; ഇന്ത്യൻ ഗ്രാമം ഒളിപ്പിച്ചുവച്ച ‘ശിലായുധ’ രഹസ്യം!
കഴിഞ്ഞ 20 ലക്ഷം വർഷത്തിനിടയ്ക്ക് ലോകത്തിലുണ്ടായ ഏറ്റവും പേടിപ്പെടുത്ത അഗ്നിപർവത സ്ഫോടനം ഏതായിരിക്കും? ഗവേഷകർക്ക് ഒരൊറ്റ ഉത്തരമേയുള്ള– ഇന്തൊനീഷ്യയിലെ സുമാത്രയിലുള്ള ടോബ അഗ്നിപർവം പൊട്ടിത്തെറിച്ചത്! ഏകദേശം 74,000 വർഷം മുൻപായിരുന്നു ഭൂമിയെ വിറപ്പിച്ച ആ പൊട്ടിത്തെറി. ഇന്നത്തെ കാലത്തെ മനുഷ്യർ അനുഭവിച്ച വമ്പൻ അഗ്നിപർവത സ്ഫോടനങ്ങളിൽ ഏറ്റവും മുന്നിൽ 1980ൽ വാഷിങ്ടൻ സ്റ്റേറ്റിലെ മൗണ്ട് സെന്റ് ഹെലൻസിനു സംഭവിച്ചതാണ്. അന്നു മാർച്ച് 27 മുതൽ മേയ് 18 വരെ ഈ അഗ്നിപർവതം സൃഷ്ടിച്ച ഭീതി മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ളതായിരുന്നു. അന്നുപക്ഷേ സെന്റ് ഹെലൻസ് പുറത്തുവിട്ടതിനേക്കാളും ആയിരമിരട്ടി പാറയും ചാരവുമാണ് ടോബ പൊട്ടിത്തെറിച്ചപ്പോൾ പുറത്തുവന്നത്.
നാളുകളോളം ജനജീവിതത്തെ സ്തംഭിപ്പിക്കുന്നതായിരുന്നു മൗണ്ട് സെന്റ് ഹെലൻസിന്റെ പൊട്ടിത്തെറി. അപ്പോൾപ്പിന്നെ അതിനേക്കാളും ആയിരമിരട്ടി ശക്തിയുള്ള സ്ഫോടനത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ! ആകാശത്തു ചാരവും പുകയും നിറഞ്ഞ് ഭൂമിയിലേക്ക് സൂര്യപ്രകാശം പതിക്കാതെ അക്കാലത്ത് വോൾക്കാനിക് വിന്റർ രൂപപ്പെട്ടുവെന്നാണ് ഒരു വിഭാഗം പറയുന്നത്. 1000 വർഷത്തോളം നീണ്ട മഞ്ഞുകാലമായിരുന്നു അതിന്റെ ഫലം. അതു താങ്ങാനാകാതെ പല മനുഷ്യ വിഭാഗങ്ങളും ഇല്ലാതായെന്ന നിഗമനത്തിലും ഗവേഷകരെത്തി. ഏതാനും ആയിരങ്ങളിലേക്ക് ലോകത്തിലെ ജനസംഖ്യ താഴ്ന്നെന്നും അവർ കണക്കുകൂട്ടി. പക്ഷേ അതൊക്കെ വെറും തോന്നൽ മാത്രമായിരുന്നെന്നും ടോബയുടെ പൊട്ടിത്തെറി ലോകത്തിനോ മനുഷ്യരാശിക്കോ കാര്യമായ പ്രശ്നങ്ങളൊന്നുമുണ്ടാക്കിയില്ലെന്നുമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. അതിനു സഹായിച്ചതാകട്ടെ നമ്മുടെ ഇന്ത്യയിലെ ഒരു കൊച്ചുഗ്രാമവും.
മധ്യപ്രദേശിലെ ധാബ എന്ന ഗ്രാമത്തിൽനിന്നു കണ്ടെത്തിയ കല്ലുകൊണ്ടുള്ള ആയുധങ്ങളും മറ്റുമാണ് ടോബയുടെ പൊട്ടിത്തെറി മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം ‘ചീറ്റിപ്പോയ പടക്കം’ ആയിരുന്നെന്നു വ്യക്തമാക്കിയത്. 74,000 വർഷം മുൻപ് മനുഷ്യരുടെ ജനിതക വൈവിധ്യത്തിൽ കുറവു വന്നെന്ന് ഗവേഷകർ കണ്ടെത്തിയിരുന്നു. അതായത്, ചില ജനിതക സ്വഭാവമുള്ള മനുഷ്യർക്കു മാത്രമേ അഗ്നിപർവത സ്ഫോടനത്തെ മറികടക്കാനായുള്ളൂ എന്ന നിഗമനമാണു ഗവേഷകർ നടത്തിയത്. പക്ഷേ ഇതിന് ടോബ സ്ഫോടനവുമായി ഒരു ബന്ധവുമില്ലെന്നാണ് ഇപ്പോൾ യൂണിവേഴ്സിറ്റി ഓഫ് ക്യൂൻസ്‌ലൻഡിലെ പുരാവസ്തു ഗവേഷകർ പറയുന്നത്. ഏഷ്യയിലെയും ആഫ്രിക്കയിലെയും പുരാതന കാലത്തെ കല്ലായുധങ്ങളുടെ നിർമാണത്തിൽനിന്നായിരുന്നു ഇക്കാര്യം അവർ കണ്ടെത്തിയത്.
പുരാവസ്തു ഗവേഷകർക്കിടയിൽ മിഡിൽ സോൺ വാലി എന്നറിയപ്പെടുന്നതാണ് മധ്യപ്രദേശിലെ ധാബ ഗ്രാമപ്രദേശം. ഇവിടെനിന്ന് ശിലായുധങ്ങളുടെ വൻ ശേഖരം നേരത്തേ കണ്ടെത്തിയിരുന്നു. ഇവയ്ക്ക് ഏകദേശം 80,000 വർഷത്തെ പഴക്കമുണ്ടായിരുന്നു. ചിലത് ടോബ സ്ഫോടനത്തിനു മുന്‍പുള്ളതായിരുന്നു, മറ്റു ചിലത് സ്ഫോടനത്തിനു ശേഷമുള്ളതും. അതായത് പൊട്ടിത്തെറിക്കു ശേഷവും ധാബയിൽ ജീവിച്ചിരുന്ന മനുഷ്യർക്ക് യാതൊരു കുഴപ്പവും പറ്റിയിരുന്നില്ലെന്നർഥം! ടോബ അഗ്നിപർവതം പൊട്ടിത്തെറിച്ചത് ഒരുതരത്തിലും അവരെ ബാധിച്ചില്ല. ആഫ്രിക്കയിലെ ഹോമോ സാപിയൻസ് വിഭാഗം ഉപയോഗിച്ചിരുന്ന അതേ കല്ലായുധങ്ങളാണ് ധാബയിൽനിന്നു കണ്ടെത്തിയത്. ഇവ ടോബ സ്ഫോടനത്തിനിടെ നശിച്ചു പോയതുമില്ല, സ്ഫോടനത്തിനു ശേഷം ഇവയിൽ മാറ്റങ്ങളും വന്നിട്ടില്ല. പതിയെപ്പതിയെയാണ് ശിലായുധങ്ങൾക്കെല്ലാം രൂപമാറ്റം സംഭവിച്ചിരിക്കുന്നത്. ലോകത്തെ മുഴുവൻ താറുമാറാക്കിയെന്നു കരുതിയിരുന്ന ഒരു വൻ ദുരന്തം ധാബയിലെ മനുഷ്യരെ തൊട്ടതു പോലുമില്ലെന്നു ചുരുക്കം.
2007ൽ തെക്കേ ഇന്ത്യയിലെ തന്നെ ചില ഭാഗങ്ങളിൽ നടത്തിയ ഗവേഷണത്തിൽ ടോബ സ്ഫോടനത്തെത്തുടർന്ന് മഞ്ഞുകാലമൊന്നും രൂപപ്പെട്ടിരുന്നില്ലെന്നും വ്യക്തമായിരുന്നു. ആഫ്രിക്കയിൽനിന്നു മനുഷ്യർ പഴയകാല യൂറേഷ്യയിലേക്ക് വിചാരിച്ചതിലും നേരത്തേ ദേശാടനം നടത്തിയിരുന്നുവെന്നും ഈ പഠനത്തിൽ തെളിഞ്ഞു. യൂറോപ്പും ഏഷ്യയും പൂർണമായും ഉൾപ്പെട്ട ഭൂഖണ്ഡമായിരുന്നു യൂറേഷ്യ. ആഫ്രിക്കയിലും അറേബ്യയിലും ശിലായുഗ കാലത്ത് ഉപയോഗിച്ചിരുന്ന അതേ കല്ലായുധങ്ങളാണ് ധാബയിൽ കണ്ടെത്തിയത്. ചിലതിനാകട്ടെ ഓസ്ട്രേലിയയിലെ ആദിമ മനുഷ്യർ ഉപയോഗിച്ചിരുന്ന ആയുധങ്ങളുമായിട്ടായിരുന്നു സാമ്യം.ആഫ്രിക്കയിൽനിന്നു തെക്കുകിഴക്കൻ ഏഷ്യയിലേക്ക് വളരെ നേരത്തേതന്നെ മനുഷ്യരുടെ പലായനം ഉണ്ടായെന്നാണ് ഇത് വ്യക്തമാക്കുന്നത്. അതായത് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്ന 65,000 വർഷങ്ങള്‍ക്കു മുന്‍പേതന്നെ. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള സംസ്കാരങ്ങളുടെ കൈമാറ്റത്തിന്റെ നിർണായക കണ്ണിയായി മധ്യപ്രദേശിലെ ധാബ മാറിയെന്നു ചുരുക്കം.
എന്നാൽ ചിലർ പറയുന്നത് ഈ കല്ലായുധങ്ങളൊന്നും ഹോമോ സാപിയൻസ് നിർമിച്ചതല്ലെന്നാണ്. സമീപത്തുനിന്ന് മനുഷ്യരുടെ അസ്ഥികൂടങ്ങളൊന്നും ലഭിക്കാത്തതാണ് ഇതിനു തെളിവായി അവർ ചൂണ്ടിക്കാണിക്കുന്നത്. നിയാൻഡർതാൽ മനുഷ്യരും ഇത്തരം ശിലായുധങ്ങൾ നിർമിച്ചിരുന്നുവെന്നും വാദമുണ്ട്. നിലവിൽ ഇതിനു പിന്നിൽ ആരാണെന്നു കണ്ടെത്താനായിട്ടില്ല. ആരു നിർമിച്ചാലും ആ മനുഷ്യവിഭാഗത്തെ അഗ്നിപർവത സ്ഫോടനം തൊട്ടുനോവിച്ചിട്ടില്ലെന്നതാണ് ക്യൂൻസ്‌ലൻഡ് സർവകലാശാല ഗവേഷകരുടെ വാദം. അക്കാലത്ത് മനുഷ്യ വിഭാഗങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാകാൻ മറ്റേതോ കാരണമുണ്ടെന്നും അവർ വാദിക്കുന്നു. എന്തായിരിക്കും അത്? ഇനി അതും കണ്ടെത്തേണ്ടിയിരിക്കുന്നു!