യന്ത്രക്കയ്യുമായി അദ്ഭുതങ്ങൾ കാണിക്കുന്ന പെൺകുട്ടി! വിഡിയോ
നവീൻ മോഹൻ
ട്രെയിനിലും റയിൽവേ സ്റ്റേഷനിലും വിമാനത്താവളത്തിലുമെല്ലാം മൊബൈൽ ചാർജ് ചെയ്യാനുള്ള സംവിധാനം കൂട്ടുകാർ കണ്ടിട്ടുണ്ടാകും. അങ്ങനെ ഒരിടത്ത് നാം മൊബൈൽ ചാർജ് ചെയ്തു കൊണ്ടിരിക്കുകയാണെന്നിരിക്കട്ടെ. പെട്ടെന്ന് ഒരു പെൺകുട്ടി വന്നു ചോദിക്കുകയാണ് ‘എനിക്കെന്റെ കൈ ഒരു ചാർജ് ചെയ്യാൻ അൽപം സമയം തരുമോ’ എന്ന്. എന്തായിരിക്കും നിങ്ങളുടെ പ്രതികരണം. സ്വാഭാവികമായും അന്തംവിട്ടു പോകും. കൈ ചാർജ് ചെയ്യുകയോ? പക്ഷേ അങ്ങനെ ചാർജ് ചെയ്തുപയോഗിക്കാവുന്ന കൈകളുണ്ട്. അത് ഘടിപ്പിച്ച് സിനിമയിൽ വരെ അഭിനയിച്ച ആളുമുണ്ട്. അമേരിക്കക്കാരിയായ ഏയ്ഞ്ചൽ ജ്യുഫ്രിയയാണ് ആ മിടുക്കി. ജനിച്ചപ്പോൾ തന്നെ ഇടതു കൈമുട്ടിനു താഴേക്കുണ്ടായിരുന്നില്ല ഏയ്ഞ്ചലിന്. പക്ഷേ ആറാം വയസ്സു മുതൽ പലതരം കൃത്രിമ കൈകൾ പരിശോധിക്കാൻ തുടങ്ങി ഏയ്ഞ്ചലിന്റെ മാതാപിതാക്കൾ. വെറും കൃത്രിമക്കൈ അല്ലാതെ ഏയ്ഞ്ചലിനു സ്വയം ചലിപ്പിക്കാൻ സാധിക്കുന്ന ബയോണിക് കൈയ്ക്കു വേണ്ടിയായിരുന്നു അവർ ശ്രമിച്ചത്. അങ്ങനെ ഏറെ വർഷങ്ങൾക്കു ശേഷം ഒരെണ്ണം കണ്ടെത്തുകയും ചെയ്തു. ഇപ്പോൾ 28 വയസ്സായി ഏയ്ഞ്ചലിന്. സ്വയം ‘സൈബോർഗ്’ എന്നാണ് ഈ പെണ്‍കുട്ടി വിശേഷിപ്പിക്കുന്നതു തന്നെ. (പാതി മനുഷ്യനും പാതി യന്ത്രവും ചേർന്നതാണ് സൈബോർഗുകൾ).
കൃത്രിമക്കൈകളുടെ മേഖലയിലെ ഏറ്റവും പുതിയ സാങ്കേതികത ഉപയോഗിച്ചാണ് ഏയ്ഞ്ചലിന്റെ ബയോണിക് ഹാൻഡ് നിർമിച്ചിരിക്കുന്നത്. ഇടതു കൈമുട്ടിനോടു ചേർന്ന് ഒട്ടേറെ ഇലക്ട്രോഡുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഏയ്ഞ്ചലിന്റെ കയ്യിലെ പേശികളുടെ ചലനം ഈ ഇലക്ട്രോഡുകൾ പിടിച്ചെടുക്കും. ഓരോ വിരലിനു വേണ്ടിയും പ്രത്യേകം മോട്ടോറുകൾ ഉൾപ്പെടെ ഘടിപ്പിച്ചിട്ടുണ്ട്. അതിനാൽത്തന്നെ ശരിക്കും മനുഷ്യരുടെ കൈവിരലുകൾ പോലെത്തന്നെ ഈ യന്ത്രക്കൈവിരലുകളും പ്രവർത്തിക്കും. 2012ലിറങ്ങിയ ‘ദ് ഹംഗർ ഗെയിംസ്’ എന്ന സിനിമയിലാണ് ഏയ്ഞ്ചൽ ഈ കൈ ഉപയോഗിച്ച് അഭിനയിച്ചത്. ചിത്രത്തിൽ അമ്പെയ്ത്തു വരെ ചെയ്യണമായിരുന്നു. പക്ഷേ കയ്യിലെ പ്രത്യേക സംവിധാനങ്ങളോടെ അമ്പെയ്യാനും ആയുധങ്ങൾ കൊണ്ടു പോരാടാനുമൊക്കെ ഏയ്ഞ്ചലിന് എളുപ്പം സാധിച്ചു. ചിത്രത്തിലെ നായിക ജെന്നിഫർ ലോറൻസ് ആദ്യം കരുതിയത് ഏയ്ഞ്ചലിന്റേത് കൃത്രിമക്കൈ ആണെന്നാണ്. എൽഇഡി ബൾബുകൾ വരെ ഘടിപ്പിച്ചിട്ടുണ്ട് അതിൽ. അതിനാൽത്തന്നെ ശരിക്കും സിനിമകളിലൊക്കെ കാണുന്ന റോബട്ടുകളുടേതിനു സമാനമാണ് ബയോണിക് ഹാൻഡ്. എന്തായാലും സംഗതി കൃത്രിമക്കൈ ആണെന്നറിഞ്ഞപ്പോൾ ജെന്നിഫർ അന്തിച്ചുപോയെന്ന് ഏയ്ഞ്ചൽ പറയുന്നു.
ചാർജ് ചെയ്താണ് ഈ ബയോണിക് ഹാൻഡ് ഉപയോഗിക്കുന്നത്. രണ്ടുമണിക്കൂർ ചാർജ് ചെയ്താൽ 20 മണിക്കൂർ നേരം വരെ പ്രവർത്തിക്കും. ചാർജ് തീരാറായാൽ ‘ബീപ്’ ശബ്ദം മുഴക്കി മുന്നറിയിപ്പു നൽകും. രാത്രി ഉറങ്ങുന്ന നേരത്ത് ഫോണിനൊപ്പം ചാർജ് ചെയ്യുകയാണു പതിവെന്ന് ഏയ്ഞ്ചൽ പറയുന്നു. 20 മണിക്കൂർ നേരം ചാർജ് നിൽക്കുന്നതു തന്നെ ധാരാളമെന്നും ഏയ്ഞ്ചലിന്റെ വാക്കുകൾ. എന്നാൽ അടുത്തിടെ ഒരു ചെറിയ പ്രശ്നം പറ്റി. അമേരിക്കയിലെ ടെക്സസിൽ ഒരു സാങ്കേതികമേളയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഏയ്ഞ്ചൽ. കൃത്രിമക്കൈകളിലെ ഏറ്റവും പുതിയ സാങ്കേതികതയെപ്പറ്റി ഒരു സെമിനാറിലും പങ്കെടുക്കണമായിരുന്നു. ഒട്ടേറെ പേർക്ക് കയ്യുടെ പ്രവർത്തനം കാണിച്ച് ഒടുവിൽ അതിന്റെ ചാർജ് തീർന്നു. മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നിടത്തു പോയപ്പോൾ ഒരാളു പോലും സമ്മതിക്കുന്നില്ല. അവർ പറയുന്നത് ഏയ്‍ഞ്ചൽ ചുമ്മാ തമാശ പറയുകയാണെന്നാണ്. പിന്നീട് തന്റെ അനുഭവം പങ്കുവച്ച് കൈ ചാർജ് ചെയ്യുന്ന ഫോട്ടോ ഏയ്ഞ്ചൽ ട്വീറ്റ് ചെയ്തതോടെയാണു സംഗതി സത്യമാണെന്നു പലരും തിരിച്ചറിഞ്ഞതു തന്നെ. പക്ഷേ, ഏയ്ഞ്ചലിന് ഇതൊന്നും ഒരു പ്രശ്നമേയല്ല, പുള്ളിക്കാരി ‘സൈബോർഗ്’ ജീവിതത്തിന്റെ ആവേശത്തിലാണിപ്പോഴും...