ചോക്ലേറ്റ് പൊതിഞ്ഞ കടലാസല്ല, അത് ശരിക്കും ‘സ്വർണനിധി’; അമ്പരപ്പിക്കുന്ന കണ്ടെത്തൽ!
നാണയത്തിന്റെ ആകൃതിയിൽ സ്വർണക്കടലാസു കൊണ്ടു പൊതിഞ്ഞ ചോക്ലേറ്റ് കഴിച്ചിട്ടുണ്ടാകുമല്ലോ കൂട്ടുകാർ. ഒറ്റക്കാഴ്ചയിൽ ശരിക്കും ഒരു സ്വര്‍ണനാണയം പോലുണ്ടാകും. മിക്കവരും യഥാർഥ സ്വർണനാണയം വഴിയിൽക്കിടന്നു കിട്ടിയാലും ആദ്യം കരുതുക അതു ചോക്ലേറ്റായിരിക്കുമെന്നാണ്. അത്തരമൊരു അനുഭവമായിരുന്നു ഇംഗ്ലണ്ടിലെ റേച്ചർ കാർട്ടർ എന്ന നാൽപത്തിയൊന്നുകാരിക്കുമുണ്ടായത്.
അവിടങ്ങളിൽ ഒരു ഹോബിയുണ്ട്. മെറ്റൽ ഡിറ്റക്ടറുമായി വലിയ പാടങ്ങളിലും പറമ്പുകളിലും കുന്നിൻപുറത്തുമൊക്കെ ചുറ്റിക്കറങ്ങുകയെന്നത്. ഭൂമിക്കടിയിൽ എന്തെങ്കിലും ലോഹവസ്തുവുണ്ടെങ്കിൽ ഡിറ്റക്ടർ സിഗ്നല്‍ തരും. കുഴിച്ചു നോക്കിയാൽ മിക്കവാറും ലോഹവസ്തുക്കളും നാണയങ്ങളുമൊക്കെ ലഭിക്കും. അവയാകട്ടെ പലപ്പോഴും ഒരു നിധി പോലെ വിലമതിക്കാനാകാത്തതായിരിക്കും. അവയുടെ പഴക്കമാണ് ‘വില’ കൂട്ടുന്നത്.
രാജഭരണകാലത്തെ നാണയവും ലോഹവസ്തുക്കളുമൊക്കെയാണെങ്കിൽ മൂല്യം കൂടും. പക്ഷേ വളരെ അപൂർവമായാണു സ്വർണ നാണയമൊക്കെ ലഭിക്കുക. ആ ഭാഗ്യമാണ് റേച്ചലിനുണ്ടായതും. ഭർത്താവ് റിക്കിക്കൊപ്പം ഒരു കൂട്ടുകാരിയുടെ ഫാമിലായിരുന്നു റേച്ചൽ മെറ്റൽ ഡിറ്റക്ടറുമായിറങ്ങിയത്. അവിടം മൊത്തം അരിച്ചുപെറുക്കി പരിശോധിച്ചു. പക്ഷേ ഡിറ്റക്ടർ ഒരു കുഞ്ഞുസിഗ്നൽ പോലും തന്നില്ല. എന്നാലിനി ഫാം ഉപേക്ഷിച്ചു പോകാമെന്നു കരുതിയപ്പോഴാണ് റിക്കി ഒരിടം ചൂണ്ടിക്കാട്ടിയത്. ഫാമിൽ ഇനി അവിടെ മാത്രമേ പരിശോധിക്കാനുണ്ടായിരുന്നുള്ളൂ. എന്നാൽപ്പിന്നെ അതുകൂടി നോക്കാമെന്നു വച്ചു.
ഡിറ്റക്ടറുമായി പരിശോധന തുടങ്ങിയതേയുള്ളൂ, ആദ്യത്തെ സിഗ്നൽ കിട്ടി. ആ നിമിഷം താൻ അന്തംവിട്ടുപോയെന്നു പറയുന്നു റേച്ചൽ. പെട്ടെന്നു തന്നെ കുഴിക്കാൻ തുടങ്ങി. ഏകദേശം അഞ്ച് ഇഞ്ച് കുഴിച്ചപ്പോഴേക്കും കുഞ്ഞന്‍ വസ്തു കയ്യിൽപ്പെട്ടു. സാധാരണ നാണയമാണെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ പിന്നീടാണു മനസ്സിലായത് സംഗതി ഒരു സ്വർണ ലോക്കറ്റാണ്. അതിന്റെ പഴക്കമാകട്ടെ ഏകദേശം 1500 കൊല്ലം വരും! ആറാം നൂറ്റാണ്ടിന്റെ അവസാനമോ ഏഴാം നൂറ്റാണ്ടിന്റെ ആദ്യമോ ഉപയോഗത്തിലുണ്ടായിരുന്നതാണ് ആ ലോക്കറ്റെന്നാണു കരുതുന്നത്. ആംഗ്ലോ–സാക്സൻ കാലഘട്ടമെന്നാണ് അത് അറിയപ്പെട്ടിരുന്നത്.
അക്കാലത്ത് ഇംഗ്ലണ്ടിൽ നാണയങ്ങൾ ഉപയോഗിച്ചുള്ള കച്ചവടം നടന്നിരുന്നില്ല. അതിനാൽത്തന്നെ സ്വർണ ലോക്കറ്റുകളാണ് ഉപയോഗത്തിലുണ്ടായിരുന്നത്. പിന്നീട് ഏഴാം നൂറ്റാണ്ട് മധ്യത്തോട് അടുത്തതോടെയാണ് നാണയങ്ങൾ പ്രചാരത്തിലെത്തിയത്. എന്തായാലും നാണയത്തിന്റെ ചരിത്രം പരിശോധിച്ചു കൊണ്ടിരിക്കുകയാണ് ഗവേഷകർ. മാത്രവുമല്ല, ഇതു കണ്ടെത്തിയ ഫാമിൽ കൂടുതൽ പരിശോധനയ്ക്കും ഒരുങ്ങുകയാണ്. ഇന്നേവരെ ഈ പ്രദേശത്തിന്റെ ചരിത്രം സംബന്ധിച്ച ഒരു സൂചനയും ലഭിച്ചിരുന്നില്ല. ഇംഗ്ലണ്ടിന്റെ ചരിത്രരഹസ്യങ്ങളിലേക്കു വെളിച്ചം വീശുന്ന കണ്ടെത്തലാണു റേച്ചൽ നടത്തിയതെന്നു ചുരുക്കം. എന്തായാലും മ്യൂസിയത്തിലേക്കു നാണയം കൊടുക്കാനാണു തീരുമാനം. അവിടെ റേച്ചലാണിത് കണ്ടെത്തിയത് എന്ന കാര്യം ഉൾപ്പെടെ രേഖപ്പെടുത്തിയായിരിക്കും പ്രദർശനത്തിനു വയ്ക്കുക.