അന്റാർട്ടിക്കയിലെയും ഗ്രീൻലൻഡിലെയും മഞ്ഞ് മുഴുവൻ ഉരുകിയാൽ ?, Antarctic, Ice melting, Greenland, Padhippura, Manorama Online

അന്റാർട്ടിക്കയിലെയും ഗ്രീൻലൻഡിലെയും മഞ്ഞ് മുഴുവൻ ഉരുകിയാൽ ?

ഇന്തൊനീഷ്യയുടെ പ്രസിഡന്റ് ജോകോ വിഡോഡോ ഈയിടെ ഒരു പ്രഖ്യാപനം നടത്തി: “ഇന്തൊനീഷ്യയുടെ തലസ്ഥാനം ജക്കാർത്തയിൽ നിന്ന് മാറ്റാൻ പോകുന്നു. ഈസ്റ്റ് കാളിമാന്റൻ എന്ന സ്ഥലത്തായിരിക്കും പുതിയ തലസ്ഥാനം.”

തലസ്ഥാനം മാറ്റുന്നതിന്റെ കാരണങ്ങളിലൊന്ന് എന്താണെന്നോ? ജക്കാർത്ത നഗരം ദിനംപ്രതി മുങ്ങിക്കൊണ്ടിരിക്കുകയാണ്! ലോകത്ത് ഏറ്റവും വേഗത്തിൽ മുങ്ങുന്ന നഗരം കൂടിയാണത്. 2050 ആകുമ്പോഴേക്കും ജക്കാർത്ത ഏതാണ്ട് പൂർണമായും വെള്ളത്തിനടിയിലാകുമെന്ന് ഗവേഷകർ വിലയിരുത്തുന്നു.

കാലാവസ്ഥയിലെ മാറ്റങ്ങൾ മൂലം സമുദ്രജലനിരപ്പു കൂടിയതാണ് ജക്കാർത്തയുടെ ഈ അവസ്ഥയ്ക്കുള്ള കാരണങ്ങളിലൊന്ന്.

അപ്രത്യക്ഷമാകുന്ന ആർക്ടിക്
ഭൂമിയിലെ ചൂടു കൂടിയാൽ ധ്രുവങ്ങളിലെ മഞ്ഞുരുകും. ആ അവസ്ഥ തുടർന്നാൽ 2050 ആകുമ്പോഴേക്കും ആർക്ടിക് പ്രദേശത്ത് കര പോലെ കിടക്കുന്ന മഞ്ഞ് വേനൽക്കാലത്ത് ഉരുകി ഇല്ലാതാകും എന്നാണ് ശാസ്ത്രജ്ഞർ പ്രവചിക്കുന്നത്!

വെള്ളം പൊങ്ങുന്നേ!
2100 ആകുമ്പോഴേക്കും ഭൂമിയിലെ ശരാശരി സമുദ്രജലനിരപ്പ് ഒന്നു മുതൽ നാലടി വരെ ഉയർന്നേക്കാം എന്നാണ് ഗവേഷകരുടെ നിഗമനം. അന്റാർട്ടിക്കയിലെയും ഗ്രീൻലൻഡിലെയും മാത്രം മഞ്ഞ് മുഴുവൻ ഉരുകിയാൽ ഭൂമിയിലെ സമുദ്രനിരപ്പ് 65 മീറ്റർ ഉയരുമെന്നാണ് കണക്ക്! എന്നാൽ ഇത് അത്ര പെട്ടെന്നു സംഭവിക്കില്ല, കേട്ടോ.

കാലാവസ്ഥാമാറ്റം വില്ലൻ!
കാലാവസ്ഥയിലെ മാറ്റങ്ങൾ മൂലം വർഷം തോറും ലോകമെമ്പാടും ആറുലക്ഷത്തോളം മരണങ്ങളുണ്ടാകുന്നുവെന്നാണ് ഏകദേശ കണക്ക്. ചൂടു കൂടുന്നതു മൂലമുണ്ടാകുന്ന രോഗങ്ങളും മരണത്തിനു കാരണമാകാറുണ്ട്.

എല്ലാം തട്ടിപ്പ്..!
ആഗോളതാപനം (ഗ്ലോബൽ വാമിങ്) എന്ന പ്രതിഭാസം ശുദ്ധ തട്ടിപ്പാണെന്നു വിശ്വസിക്കുന്നവർ ഇപ്പോഴും ധാരാളമുണ്ട്. ആഗോളതാപനം മൂലം ഭൂമിക്ക് ഒരു ചുക്കും സംഭവിക്കില്ലെന്നാണ് അവരുടെ വിശ്വാസം!

കൂടുതൽ അറിയാൻ