47 വര്‍ഷം ഭദ്രമായി സൂക്ഷിച്ചു, ഒടുവില്‍ തുറക്കുന്നു ചന്ദ്രനിലെ പരീക്ഷണവസ്തുക്കള്‍
അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയെപ്പറ്റി കൂട്ടുകാര്‍ക്കു പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ! നാസയുടെ കീഴിലാണ് അപ്പോളോ ദൗത്യങ്ങള്‍ നടപ്പാക്കിയിട്ടുളളത്. ചന്ദ്രനില്‍ ചെന്നിറങ്ങുകയെന്നതായിരുന്നു അപ്പോളോ ദൗത്യങ്ങളുടെ പ്രധാന ലക്ഷ്യം. അങ്ങനെ ആറു തവണ അപ്പോളോ പേടകങ്ങള്‍ ചന്ദ്രനിലിറങ്ങിയിട്ടുണ്ട്. വെറുതെ ചന്ദ്രനില്‍ പോയി കാഴ്ചകളൊക്കെ കണ്ടു തിരികെ വരികയല്ല അവര്‍ ചെയ്തത്. മറിച്ച് ചന്ദ്രനില്‍ നിന്നു കിലോക്കണക്കിന് പാറയും മണ്ണുമൊക്കെ ഭൂമിയിലെത്തിച്ചു. ഇത്തരത്തില്‍ ഏകദേശം 380 കിലോഗ്രാം ചാന്ദ്രസാംപിളുകള്‍ പലപ്പോഴായി ഭൂമിയിലെത്തിയിട്ടുണ്ട്. അവയില്‍ ഒട്ടേറെ പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റെ ഉപരിതലത്തെപ്പറ്റി വിശദമായി മനസ്സിലാക്കാന്‍ ആ സാംപിളുകളിലൂടെ സാധിച്ചിട്ടുമുണ്ട്.
എന്നാല്‍ ഭൂമിയിലേക്കെത്തിച്ച എല്ലാ പാറയും മണ്ണും ഗവേഷകര്‍ പരിശോധിച്ചിരുന്നില്ല. ചിലതു ഭദ്രമായി ‘സീല്‍’ ചെയ്തു സൂക്ഷിച്ചു. ഭൂമിയുടെ അന്തരീക്ഷത്തിലെ വസ്തുക്കളുമായി കൂടിച്ചേരാതിരിക്കാനാണ് അവ ‘സീല്‍’ ചെയ്തു വച്ചത്. ഇത് എന്തിനാണെന്നല്ലേ? വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു നാസയുടെ അപ്പോളോ ദൗത്യങ്ങളെല്ലാം. അന്നു ശാസ്ത്രം വികസിച്ചിട്ടുണ്ടെങ്കിലും പല ഗവേഷണ ഉപകരണങ്ങളും കണ്ടുപിടിക്കപ്പെട്ടിട്ടില്ലായിരുന്നു. എന്തിനേറെപ്പറയുന്നു. ഇന്നു കാണുന്നതു പോലുള്ള കംപ്യൂട്ടറുകളും യന്ത്രങ്ങള്‍ക്കു നല്‍കുന്ന നിര്‍മിത ബുദ്ധിയൊന്നും അന്നില്ലായിരുന്നു. ഇതറിയാവുന്ന ഗവേഷകര്‍ സാംപിളുകള്‍ ഭാവിയിലേക്കു സൂക്ഷിക്കുകയായിരുന്നു.
ഒടുവില്‍ ഗവേഷകര്‍ ആഗ്രഹിച്ചതു പ്രകാരമുള്ള ഉപകരണങ്ങള്‍ കണ്ടുപിടിക്കപ്പെട്ടതോടെ ചാന്ദ്ര സാംപിളുകള്‍ പരിശോധിക്കാനും തീരുമാനിച്ചു. അക്കൂട്ടത്തില്‍ രണ്ടെണ്ണമാണു നാസയുടെ അപ്പോളോ നെക്‌സ്റ്റ് ജനറേഷന്‍ സാംപിള്‍ അനാലിസിസ് (എഎന്‍ജിഎസ്എ) വഴി തുറന്നു പരിശോധിക്കുന്നത്. അപ്പോളോ 15, 16, 17 ദൗത്യങ്ങളില്‍ ശേഖരിച്ച സാംപിളുകളാണ് ഗവേഷകര്‍ പൂട്ടി വച്ചിരിക്കുന്നത്. അക്കൂട്ടത്തില്‍ അപ്പോളോ 17 ദൗത്യത്തിലെ രണ്ടു സാംപിളുകളാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. 1972 ഡിസംബര്‍ ഏഴിനായിരുന്നു മൂന്നു യാത്രികരുമായി അപ്പോളോ 17 ദൗത്യം ചന്ദ്രനിലേക്കു പറന്നത്. ഡിസംബര്‍ 14നു തിരികെയെത്തുകയും ചെയ്തു. മനുഷ്യരുമായി നാസ അയച്ച അവസാനത്തെ ചാന്ദ്രദൗത്യമായിരുന്നു അത്. അതിനു ശേഷം വേറെ രാജ്യത്തു നിന്നും ആരും ചന്ദ്രനില്‍ കാലു കുത്തിയിട്ടുമില്ല.
47 വര്‍ഷം പഴക്കമുള്ള ആ സാംപിളുകളില്‍ ഒരെണ്ണം വാക്വം സീല്‍ഡ് ആണ്. അതായത് വായു പോലും കടക്കാതെ ചന്ദ്രനില്‍ വച്ചു തന്നെ സീല്‍ ചെയ്‌തെടുത്തത്. ഇത് അടുത്ത വര്‍ഷം ആദ്യം തുറക്കും. രണ്ടാമത്തേത് ചുമ്മാതെ എടുത്തു സൂക്ഷിച്ചതാണ്. അത് ഇക്കഴിഞ്ഞ നവംബര്‍ അഞ്ചിനു ഗവേഷകര്‍ തുറന്നു പരിശോധിക്കുകയും ചെയ്തു. ഭൂമിയിലെ അന്തരീക്ഷവുമായി കൂടിച്ചേര്‍ന്നാലും വലിയ കുഴപ്പം പറ്റാത്തതായിരുന്നു ആ സാംപിള്‍. റിഗലിത്ത് എന്നാണ് ചന്ദ്രനിലെ മണ്ണ് അറിയപ്പെടുന്നത്.
ചന്ദ്രനില്‍ വെള്ളമുണ്ടോ എന്നും അവിടെയുള്ള ധാതുസമ്പത്തും അറിയുകയാണ് നാസയുടെയും മറ്റു ബഹിരാകാശ ഗവേഷണ സംഘടനകളുടെയും ഇനിയുള്ള പ്രധാന ലക്ഷ്യം. അതിനായി 2020ലും അതിനു ശേഷമോ പല രാജ്യങ്ങളുടെയും നേതൃത്വത്തില്‍ ചന്ദ്രനിലേക്കു യാത്രക്കാരെ വിടാനൊരുങ്ങുകയാണ്. അതിനു മുന്നോടിയായി പേടകങ്ങളില്‍ ഒരുക്കേണ്ട സൗകര്യങ്ങളെക്കുറിച്ച് അറിയാനും സാംപിള്‍ അനാലിസിസ് സഹായിക്കും. 2024ലായിരിക്കും നാസയുടെ ആര്‍ട്ടിമിസ് ദൗത്യം ചാന്ദ്രയാത്രികരുമായി പറന്നുയരുക. അതേസമയത്തു തന്നെ ചൈനയും ചന്ദ്രനിലേക്ക് പേടകം അയയ്ക്കുന്നുണ്ട്. ഇന്ത്യയുടെ സ്വന്തം ചന്ദ്രയാന്‍ പേടകവും വീണ്ടും അടുത്ത വര്‍ഷം പറന്നുയരാനൊരുങ്ങുകയാണ്.
Summary : Minerals detected in Jezero Crater to preserve tiny fossils