കണക്കു പഠിപ്പിക്കാൻ സൂപ്പർ ആപ്!
പ്രോബ്ലങ്ങൾ സോൾവ് ചെയ്തു പഠിച്ച് കണക്കിൽ മിടുക്കരാകാൻ ഇനി മൊബൈൽ ആപ്പും. വിദ്യാഭ്യാസ മേഖലയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ഇലകൾപച്ച ട്രസ്റ്റാണ് മൈ സ്റ്റഡി പാർക്ക് (my study park) എന്ന ആൻഡ്രോയ്ഡ് ആപ് വികസിപ്പിച്ചത്.
സംസ്ഥാന സിലബസിൽ ആറു മുതൽ 10 വരെയും സിബിഎസ്ഇ ഒൻപത്, 10 ക്ലാസുകളിലെയും ഗണിതപാഠങ്ങളാണു വിഡിയോ സഹിതം അവതരിപ്പിക്കുന്നത്.
ഓരോ തിയറിയും വിശദീകരിക്കുക എന്നതിനപ്പുറം അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ (പ്രോബ്ലം) ബോർഡിലെഴുതി ഉത്തരംകണ്ടെത്തുന്ന രീതിയിലാണ് അവതരണം. ഒപ്പം ഓഡിയോ വിശദീകരണവും ലഭിക്കും. പാഠപുസ്തകങ്ങളിലെ മുഴുവൻ പ്രോബ്ലങ്ങളും ഇത്തരത്തിൽ സോൾവ് ചെയ്യുന്നുണ്ട്. യഥാർഥ ക്ലാസ് മുറി അനുഭവമാണു കുട്ടിക്ക് ഇതിലൂടെ ലഭിക്കുന്നതെന്ന് ഇലകൾ പച്ച ട്രസ്റ്റി എസ്. മനോജ് കുമാർ പറയുന്നു.
ഓരോ ക്ലാസിലെയും പാഠങ്ങൾ പൂർണമായി ഡൗൺലോഡ് ചെയ്തു സൂക്ഷിക്കുകയും ഇന്റർനെറ്റ് ഇല്ലാതെതന്നെ പിന്നീട് ഉപയോഗിക്കുകയും ചെയ്യാം. ഒരുക്ലാസിലെ വിഡിയോകൾ അടക്കമുള്ള മൊത്തം പാഠഭാഗങ്ങളും 700 എംബിയിൽ ഒതുങ്ങുമെന്നതാണ് മറ്റൊരു പ്രത്യേകത. ചില പാഠങ്ങൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാം. മുഴുവൻ പാഠങ്ങളും വേണമെങ്കിൽ പണം നൽകേണ്ടിവരും. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നോ www.mystudypark.com എന്ന വെബ്സൈറ്റിൽനിന്നോ ആപ് ലഭിക്കും.