2100 വർഷം പഴക്കമുള്ള ശവകുടീരത്തിൽ ‘ഐഫോൺ’; ഈ തമാശയിലും കാര്യമുണ്ട്!
2007 ജൂണ്‍ 29നാണ് ലോകത്ത് ആദ്യമായി ആപ്പിൾ ഐഫോൺ പുറത്തിറങ്ങുന്നത്. അതിനും 2000 വർഷം മുൻപ് ഐഫോൺ ലോകത്തുണ്ടായിരുന്നെന്നു പറഞ്ഞാൽ ആരായാലും ചിരിച്ചു പോകും. പക്ഷേ റഷ്യയിലെ പുരാവസ്തുഗവേഷകർ സമ്മതിക്കില്ല. അവരുടെ കയ്യിൽ അതിന്റെ തെളിവുണ്ടെന്നാണു പറയുന്നത്. ആ ‘തെളിവിന്റെ’ ചിത്രങ്ങളും അവർ പുറത്തുവിട്ടു. സംഗതി പക്ഷേ തമാശയാണു കേട്ടോ! കൂട്ടുകാർ അറ്റ്ലാന്റിസ് എന്നു കേട്ടിട്ടുണ്ടോ? കടലെടുത്തുവെന്നു വിശ്വസിക്കുന്ന സാങ്കൽപിക ഗ്രീക്ക് നഗരമാണത്. പ്രാചീനകാലത്തുള്ളതായിരുന്നെങ്കിലും ശാസ്ത്രീയമായും മറ്റും വൻ പുരോഗതി നേടിയിരുന്ന നഗരം.
റഷ്യയിലുമുണ്ട് ഒരു അറ്റ്ലാന്റിസ്. സൈബീരിയൻ മേഖലയിലെ ടുവ എന്നറിയപ്പെടുന്ന സ്ഥലത്താണിത്. റഷ്യൻ അറ്റ്ലാന്റിസ് എന്നറിയപ്പെടുന്ന ഇവിടം വർഷത്തിൽ മിക്ക സമയവും വെള്ളത്തിനടിയിലായിരിക്കും. ഒരു അണക്കെട്ടിന്റെ നിർമാണത്തെത്തുടര്‍ന്നായിരുന്നു പ്രദേശത്ത് 56 അടിയിലേറെ ഉയരത്തിൽ വെള്ളം കയറിയത്. പക്ഷേ മേയ്, ജൂൺ മാസങ്ങളിൽ വെള്ളമിറങ്ങും. അതോടെ പുരാവസ്തു ഗവേഷകരെത്തി ഗവേഷണം നടത്തും. ബിസി മൂന്നാം നൂറ്റാണ്ടിനും എഡി ഒന്നാം നൂറ്റാണ്ടിനും ഇടയ്ക്ക് ഈ മേഖല ഭരിച്ചിരുന്നത് ഷിയോങ്നു ഗോത്ര വിഭാഗമായിരുന്നു. വമ്പൻ സാമ്രാജ്യവുമായിരുന്നു അവരുടേത്. തികച്ചും പ്രാകൃതരീതിയിലായിരുന്നു ജീവിതം.
പുരാതന കാലത്തെ ശവകുടീരങ്ങൾ ഉൾപ്പെടെ ഒട്ടേറെ നിർമിതികളാണ് ഇവിടെയുള്ളത്. അത്തരമൊരു ശവകുടീരത്തിലാണ് ‘ഐഫോണ്‍’ കണ്ടെത്തിയതും. ഒരു ശവകുടീരത്തിൽ കിടന്നിരുന്ന അസ്ഥികൂടത്തിനൊപ്പം കറുത്ത നിറത്തിലൊരു ഫലകമുണ്ടായിരുന്നതിനെയാണ് ഗവേഷകർ ഐഫോണെന്നു വിശേഷിപ്പിച്ചത്. ഏഴിഞ്ച് നീളവും മൂന്നിഞ്ച് വീതിയുമുള്ളതായിരുന്നു അത്. യഥാർഥത്തിലുള്ള ഫോണല്ലെന്നത് വ്യക്തം. പക്ഷേ ഇന്നത്തെ കാലത്തെ ഐഫോണിനെയാണ് ആ കാഴ്ച ആദ്യം ഓർമിപ്പിച്ചതെന്നും ഗവേഷകർ പറയുന്നു. കറുത്ത ഫലകത്തിൽ മുത്തുമണികൾ പതിച്ച നിലയിലായിരുന്നു. യഥാർഥത്തിൽ ഒരു ബെൽറ്റിന്റെ ബക്ക്ളായിരുന്നു അതെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
അതിലുണ്ടായിരുന്നത് ചൈനീസ് നാണയങ്ങളാണെന്നും അത്രയേറെ വിലയില്ലാത്ത കല്ലുകളാണെന്നും ഗവേഷകർ പറയുന്നു. ആ നാണയങ്ങളിലൂടെയാണ് എത്ര വർഷം പഴക്കമുള്ള ശവകുടീരമാണു കണ്ടെത്തിയതെന്നു ഗവേഷകര്‍ക്കും എളുപ്പം മനസ്സിലായത്. അതായത് ഏകദേശം 2137 വർഷത്തെ പഴക്കം! അക്കാലത്തെ സംസ്കാരത്തെപ്പറ്റിയുള്ള വിവരങ്ങൾ കൂടുതൽ പേരിലേക്ക് എളുപ്പം എത്തിക്കുന്നതിനു വേണ്ടിയാണ് ശവകുടീരത്തിലെ ‘ഐഫോണിനെ’ കൂട്ടുപിടിച്ചതെന്നും ഗവേഷകർ പറയുന്നു. സംഗതി ലോകമാധ്യമങ്ങളിലേറെയും വാർത്തയാക്കുകയും ചെയ്തു. ഇത്തരത്തിലുള്ള പല കൗതുകങ്ങളും ടുവയിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്. മംഗോളിയൻ ചക്രവർത്തി ജെങ്കിസ് ഖാന്റെ കാലത്തെയും വെങ്കലയുഗത്തിലെയുമെല്ലാമാണ് ഈ ശവകുടീരങ്ങളെന്നാണു കരുതുന്നത്.
ശവകുടീരങ്ങൾ കൊള്ളയടിക്കുന്നവരുടെ കണ്ണിൽപ്പെടാതിരുന്നതു കൊണ്ട് പല പ്രാചീന വസ്തുക്കളും ഇപ്പോഴും യാതൊരു കുഴപ്പവും സംഭവിക്കാതെയിരിപ്പുണ്ടെന്നും സെന്റ് പീറ്റേഴ്സ്ബർഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറ്റീരിയൽ ഹിസ്റ്ററി കൾചറിലെ ഡോ. മറീന കിലുനോവ്സ്കയ പറയുന്നു. അന്നത്തെ കാലത്ത് ഓരോരുത്തരെയും അടക്കം ചെയ്യുമ്പോൾ അവർ ജോലിക്കായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും ഒപ്പം ചേർത്തിരുന്നു. അങ്ങനെയാണ് പുരോഹിതരെയും തുകൽ ഉൽപന്ന നിർമാതാക്കളെയും ശിൽപികളെയുമൊക്കെ ശവകുടീരത്തിൽ നിന്നു തിരിച്ചറിഞ്ഞിരുന്നത്. ടെറെസിൻ എന്ന സമീപ പ്രദേശത്തും ഒട്ടേറെ ശവകുടീരങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. വെള്ളത്തിനടിയിൽ നിന്ന് ഇവയെ സംരക്ഷിച്ചെടുക്കാനുള്ള ശ്രമത്തിലും കൂടിയാണിപ്പോൾ പുരാവസ്തു ഗവേഷകര്‍.