ഗവേഷകർ കണ്ടെത്തി, പുരാതന റോമ സാമ്രാജ്യത്തിലെ ‘മാന്ത്രിക’ നിധി
മായാവിയുടെയും ലുട്ടാപ്പിയുടെയും കുട്ടൂസന്റെയുമൊക്കെ കഥയിൽ കൊച്ചുകൂട്ടുകാർ കണ്ടിട്ടില്ലേ പലതരം മാന്ത്രികവസ്തുക്കൾ ഉപയോഗിക്കുന്നത്. അദൃശ്യനാകാനുള്ള മരുന്ന്, ആനയെപ്പോലെ വലുതാനാകാനുള്ള മന്ത്രവടി...അങ്ങനെയങ്ങനെ എത്രയോ തരം മാന്ത്രികവസ്തുക്കൾ. കഥകളിലെ കുട്ടൂസനും ഡാകിനിയും മാത്രമല്ല ഇത്തരം മാന്ത്രികവസ്തുക്കൾ ഉപയോഗിക്കുന്നത്. പണ്ട് റോമൻ സാമ്രാജ്യത്തിലുമുണ്ടായിരുന്നു ഇത്തരം മന്ത്രവാദികളും മാന്ത്രികവസ്തുക്കളും. അതിന്റെ തെളിവ് അടുത്തിടെ പുരാവസ്തു ഗവേഷകർ കണ്ടെത്തുകയും ചെയ്തു.
പോംപെ എന്നറിപ്പെടുന്ന പുരാതന നഗരത്തിൽ നിന്നാണ് മന്ത്രവാദികൾ ഉപയോഗിച്ചു കൊണ്ടിരുന്ന പലതരം വസ്തുക്കൾ കണ്ടെത്തിയത്. ഗവേഷകരെ സംബന്ധിച്ചിടത്തോളം വമ്പൻ സംഭവമാണത്. പോംപെ നഗരത്തിനുള്ള ചരിത്രപ്രാധാന്യം തന്നെ കാരണം. ഇന്നത്തെ ഇറ്റലിയിലെ നേപ്പിൾസിനു സമീപമായിരുന്നു പുരാതനകാലത്തെ പോംപെ നഗരം. പക്ഷേ എഡി 79–ാം ആണ്ടിൽ എന്നന്നേക്കുമായി ആ നഗരം ഇല്ലാതായി. യുദ്ധമോ രോഗമോ ഒന്നുമായിരുന്നില്ല കാരണം. മറിച്ച്, ഒരു അഗ്നിപർവതം പൊട്ടിത്തെറിച്ചതായിരുന്നു. വെസൂവിയസ് അഗ്നിപർവതം പൊട്ടിത്തെറിച്ചാണ് റോമൻ ചരിത്രത്തിലെ ഒരു വലിയ അധ്യായം തന്നെ ചാരം മൂടിപ്പോയത്.
പോംപെയിലുള്ളവരുടെ തലയോട്ടി പോലും പൊട്ടിച്ചിതറും വിധം കൊടുംചൂടായിരുന്നു അഗ്നിപർവതം പൊട്ടിയപ്പോഴുണ്ടായിരുന്നതെന്നാണു ഗവേഷകർ അടുത്തിടെ കണ്ടെത്തിയത്. ചോര പോലും ആവിയായി, എല്ലും മാംസവുമെല്ലാം വെറും ചാരമായിപ്പോയ അവസ്ഥ. ഏകദേശം നാലു മുതൽ ആറു മീറ്റർ വരെ ആഴത്തിലായിരുന്നു അഗ്നിപർവതത്തിലെ ചാരം നഗരത്തെ മൂടിയത്. ഈ ചാരത്തിനടിയിൽ നിന്നാണ് അടുത്തിടെ ഗവേഷകർക്ക് പുരാതന കാലത്തെ മന്ത്രവിദ്യകൾക്കുപയോഗിച്ചിരുന്ന വസ്തുക്കളടങ്ങിയ ‘നിധി’ ലഭിച്ചത്. ഒരു മരപ്പെട്ടിയിൽ സൂക്ഷിച്ചതായിരുന്നു അവയെന്നു വ്യക്തം. പക്ഷേ പെട്ടിയുടെ വെങ്കലം കൊണ്ടുണ്ടാക്കിയ കൊളുത്ത് ഒഴികെ ബാക്കിയെല്ലാം ദ്രവിച്ചുപോയിരുന്നു. അകത്തുള്ള വസ്തുക്കൾക്കു മാത്രം കുഴപ്പമൊന്നും സംഭവിച്ചില്ല.
‘മന്ത്രവാദികളുടെ നിധിപ്പെട്ടി’ എന്നാണ് ഗവേഷകർ ഇതിനെ വിശേഷിപ്പിച്ചത്. അത്രയധികം പ്രത്യേകതയുള്ള വസ്തുക്കളായിരുന്നു അതിൽ. പലതരം അസ്ഥിക്കഷ്ണങ്ങളും മൃഗങ്ങളുടെയും പക്ഷികളുടെയുമെല്ലാം തലയോട്ടികളും കല്ലുകളും ആഭരണങ്ങളുമെല്ലാം നിറഞ്ഞതായിരുന്നു പെട്ടി. പണ്ടത്തെ വിശ്വാസമനുസരിച്ച് ദുർമന്ത്രവാദത്തിനും നല്ല കാര്യങ്ങൾക്കും ഉപയോഗിക്കാവുന്ന തരം വസ്തുക്കളും പെട്ടിയിലുണ്ടായിരുന്നു. ക്രിസ്റ്റലുകളും സെറാമിക് കഷണങ്ങളും മരതകക്കല്ലും കുന്തിരിക്കവും കൂടാതെ ഈജിപ്തിലും മറ്റും കാണപ്പെട്ടിരുന്ന സ്കറാബ്സ് എന്ന വണ്ടിന്റെ ആകൃതിയിലുള്ള ലോഹവസ്തുക്കളും കല്ലിൽ കൊത്തിയ ചെറു ശിൽപങ്ങളുമെല്ലാം പെട്ടിയിൽ നിന്നു കണ്ടെത്തി. ഈജിപ്തുമായും മധ്യപൂർവദേശവുമായുമെല്ലാം റോമക്കാർ വ്യാപാരം നടത്തിയിരുന്നതിന്റെയും തെളിവുമായിരുന്നു ഇവയെല്ലാം.
മദ്യത്തിന്റെ ദേവനായ ഡയോണിസസിന്റെ രൂപം കൊത്തിയ ചില്ലു കൊണ്ടുള്ള മുത്തുമണികളും കണ്ടെത്തി. ആഭരണങ്ങൾ പക്ഷേ ഭംഗിക്കു വേണ്ടി ധരിച്ചവയായിരുന്നില്ല–ചില പ്രത്യേക ചടങ്ങുകൾ നടക്കുമ്പോൾ ധരിക്കാൻ വേണ്ടിയുള്ളവയായിരുന്നു. ഭക്ഷണം കഴിക്കാനുള്ള പ്രത്യേക ഇടവും ചുമർചിത്രങ്ങളുമെല്ലാം അടുത്തിടെ പോംപെയിൽ നിന്നു കണ്ടെത്തിയിരുന്നു. പതിനാറാം നൂറ്റാണ്ടിലാണ് ഈ നഗരത്തിന്റെ അവശിഷ്ടങ്ങൾ ആദ്യമായി കണ്ടെത്തുന്നത്.