വരൾച്ചയിൽ ഉയർന്നു വന്നത് കൊട്ടാരം; ഫറവോമാരുമായി ബന്ധമുള്ള സാമ്രാജ്യം അണക്കെട്ടിനടിയിൽ
അതെന്താണു സംഗതിയെന്ന് പുരാവസ്തു ഗവേഷകർക്കറിയാം. ലോകത്തിന് അജ്ഞാതമായ ഒരു സാമ്രാജ്യത്തിന്റെ ഏറ്റവും വിലപ്പെട്ട തെളിവായിരുന്നു. പക്ഷേ അണക്കെട്ടിലേക്കിറങ്ങി പരിശോധിക്കാൻ മാത്രം വഴിയൊന്നുമില്ല. പ്രതീക്ഷ കൈവിടാതെ ഗവേഷകർ കാത്തിരുന്നു. കഴിഞ്ഞ വർഷം കഠിനമായൊരു വരൾച്ച വടക്കൻ ഇറാഖിനെ പിടികൂടി. മൊസൂൾ ഡാം വറ്റിവരണ്ടു. അതോടെ അതാ ഉയർന്നു വരുന്നു ഡാമിൽ നിന്നൊരു കൊട്ടാരം.
കാര്യം വരൾച്ചയൊക്കെയാണെങ്കിലും ഗവേഷകർക്ക് നിധി കിട്ടിയ സന്തോഷമായിരുന്നു അന്നേരം. സത്യത്തിൽ ലോകചരിത്രത്തെ സംബന്ധിച്ചിടത്തോളം നിർണായക നിധിയുമായിരുന്നു അത്. അധികമൊന്നും അറിയപ്പെടാത്ത മിത്താനി സാമ്രാജ്യത്തിന്റെ ആസ്ഥാന കൊട്ടാരങ്ങളിലൊന്നായിരുന്നു ഡാമിൽ ‘ഒളിച്ചിരുന്നിരുന്നത്’. വെള്ളം വറ്റിയതിനു പിന്നാലെ ജർമൻ–ഇറാഖി ഗവേഷകസംഘം കൊട്ടാരത്തെപ്പറ്റി പഠിക്കാൻ ആരംഭിച്ചു. വെങ്കലയുഗത്തിൽ നിർമിക്കപ്പെട്ടതായിരുന്നു ടൈഗ്രിസ് നദീതീരത്തെ ഈ കൊട്ടാരം. നദിയുടെ യഥാർഥ കിഴക്കൻ തീരത്തു നിന്ന് (അണക്കെട്ട് നിർമിച്ചപ്പോൾ സ്ഥാനം മാറി) ഏകദേശം 20 മീറ്റർ മാറിയായിരുന്നു കൊട്ടാരത്തിന്റെ സ്ഥാനം. ഇതിന്റെ മട്ടുപ്പാവിൽ നിന്നു നോക്കിയാൽ വിശാലമായ ടൈഗ്രിസ് നദിയുടെ ഭംഗിയായിരിക്കും കണ്മുന്നിൽ.
വടക്കൻ മെസപ്പൊട്ടേമിയൻ താഴ്‌വാരങ്ങളും സിറിയയും ഒരു കാലത്ത് അടക്കിഭരിച്ചിരുന്നത് മിത്താനി സാമ്രാജ്യമായിരുന്നു. ഏകദേശം ബിസി 1500നും 1300നും ഇടയ്ക്കായിരുന്നു അത്. എന്നാൽ അതിനെപ്പറ്റി കാര്യമായ ചരിത്രരേഖകളൊന്നും ലഭിച്ചിരുന്നില്ലതാനും. സാമ്രാജ്യത്തിന്റെ തലസ്ഥാനം പോലും ആർക്കുമറിയില്ല. ചരിത്രത്തിൽ നിന്നു ‘വിട്ടുപോയ’ ആ അധ്യായം പൂരിപ്പിക്കാനുള്ള അവസരമാണ് ഇപ്പോൾ ഡാമിലെ കൊട്ടാരത്തിലൂടെ ലഭിച്ചിരിക്കുന്നത്. ഇറാഖി കുർദിസ്ഥാനിൽപ്പെട്ട കെമ്യൂൺ എന്ന പ്രദേശത്താണ് മൊസൂൾ ഡാം. ഇതിനോടകം കൊട്ടാരത്തിന്റെ മിക്ക ഭാഗങ്ങളും ഗവേഷകർ പരിശോധിച്ചു കഴിഞ്ഞു.
ഏകദേശം 2 മീറ്റർ വരെയായിരുന്നു കൊട്ടാരത്തിലെ ചുമരുകളുടെ വീതി. അത്രയേറെ ഉറപ്പോടെയായിരുന്നു നിർമാണമെന്നതിനാൽ ഇത്രയും കാലം വെള്ളത്തിനടിയിൽ നിന്നിട്ടും കാര്യമായ കുഴപ്പങ്ങളൊന്നും സംഭവിച്ചില്ല. ഇഷ്ടിക ചുട്ടെടുത്തായിരുന്നു കൊട്ടാരത്തിന്റെ തറ നിർമിച്ചിരുന്നത്. പലതരം എഴുത്തുകളുള്ള, ചുട്ടെടുത്ത കളിമണ്‍ ഫലകങ്ങളും കേടുപാടുകളൊന്നുമില്ലാതെ ലഭിച്ചു. ഈ എഴുത്തുകളിൽ മിത്താനി സാമ്രാജ്യത്തിന്റെ രഹസ്യങ്ങളും യാഥാർഥ്യങ്ങളും ഒളിച്ചിരിപ്പുണ്ടെന്നാണു കരുതുന്നത്. അക്കാലത്തെ രാഷ്ട്രീയം, സമ്പദ്‌വ്യവസ്ഥ, ചരിത്രം, രാജവംശം എന്നിവയെപ്പറ്റിയെല്ലാം ഫലകങ്ങളിലുണ്ട്. വിവാഹരേഖകളും ഫലകങ്ങളിലുണ്ടായിരുന്നു. അതിൽ നിന്നാണ് ഫറവോകളോളം ശക്തരാണ് മിത്താനി രാജാക്കന്മാരെന്നും വ്യക്തമായത്. ഫറവോകളുമായി ശക്തമായ ബന്ധവും കാത്തുസൂക്ഷിച്ചിരുന്നു.
ചില ചുമർചിത്രങ്ങൾ പോലും യാതൊരു കുഴപ്പവും പറ്റാതെ കൊട്ടാരത്തിനകത്തുണ്ടായിരുന്നു. പുരാതന കാലത്ത് പൗരസ്ത്യ രാജ്യങ്ങളിലെ രാജകൊട്ടാരങ്ങളെ വേറിട്ടു നിർത്തിയവയിലൊന്നായിരുന്നു ചുമർചിത്രങ്ങള്‍. എന്നാൽ പലതും കൃത്യമായി സംരക്ഷിക്കാതെ നശിച്ചു പോവുകയായിരുന്നു. അതെന്തായാലും മിത്താനി കൊട്ടാരത്തിന്റെ കാര്യത്തിൽ സംഭവിച്ചില്ല. അതിനാൽത്തന്നെ ഈ കണ്ടെത്തലിനെ ഒരു ‘ഗംഭീര സംഭവം’ എന്നാണ് ഗവേഷക സംഘം വിശേഷിപ്പിച്ചത്. ഏറെക്കാലം മിത്താനി സാമ്രാജ്യം ഈ കൊട്ടാരത്തെ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നതെന്നും സൂചനകളുണ്ട്.
പുരാതന കാലത്തെ സാഖിക്കു നഗരത്തിന്റെ ഭാഗമായിരുന്നു കൊട്ടാരമെന്നും കരുതുന്നുണ്ട്. ഈ നഗരം ബിസി 1800ലാണ് ഏറെ പേരെടുക്കുന്നത്. ഏകദേശം 400 വർഷത്തോളം നിലനിൽക്കുകയും ചെയ്തു. നിലവിലെ തെളിവുകൾ വച്ചു നോക്കുമ്പോൾ കിഴക്കൻ മെഡിറ്ററേനിയൻ തീരം മുതൽ ഇന്നത്തെ വടക്കൻ ഇറഖിന്റെ കിഴക്കൻ ഭാഗം വരെ പരന്നുകിടന്നിരുന്നു മിത്താനി സാമ്രാജ്യമെന്നാണ് വ്യക്തമായിരിക്കുന്നത്. മഴ പെയ്ത് ഡാമിൽ വെള്ളം നിറഞ്ഞ് ചരിത്രം മറയും മുൻപ് പരമാവധി വിവരം ശേഖരിക്കാനുള്ള ശ്രമത്തിലാണിപ്പോൾ ഗവേഷകർ...