ഈ കാഴ്ച കണ്ടോ?; മരിച്ചാലും അവർ നിറമുള്ള ഓർമകളായി ചില്ലുശിൽപത്തിൽ..., Artful Ashes, Creates, beautiful handmade glass art memorials,Padhippura,   Manorama Online

ഈ കാഴ്ച കണ്ടോ?; മരിച്ചാലും അവർ നിറമുള്ള ഓർമകളായി ചില്ലുശിൽപത്തിൽ...

പ്രിയപ്പെട്ടവർ നമ്മെ വിട്ടുപോയാലും അവരുടെ നിറമുള്ള ഓർമകൾ എന്നും മനസ്സിൽ നിറഞ്ഞുനിൽക്കും. മനസ്സിലല്ലാതെ, ആ ഓർമകൾ നിറമുള്ള കാഴ്ചകളായി കണ്മുന്നിൽത്തന്നെയുണ്ടെങ്കിലോ? യുഎസിലെ സിയാറ്റിലിലുള്ള ഗ്രെഗ്–ക്രീസ്റ്റീന ദമ്പതികളാണ് അതിനൊരു വഴി കണ്ടെത്തിയത്. പ്രിയപ്പെട്ടവരുടെ ചിതാഭസ്മം പല വർണത്തിലും ആകൃതിയിലുമുള്ള ചില്ലു ശിൽപങ്ങളാക്കി മാറ്റുക! ഗ്രെഗിന്റെ പിതാവ് അസുഖബാധിതനായതിനു പിന്നാലെയായിരുന്നു ഇത്തരമൊരു ആശയം ലഭിച്ചത്. ഡോക്ടർമാർ പറഞ്ഞത് പിതാവ് വൈകാതെ ജീവൻ വെടിയുമെന്നായിരുന്നു. ഒരു ശസ്ത്രക്രിയ മാത്രമായിരുന്നു പ്രതീക്ഷ. പക്ഷേ തന്റെ മരണം ആർക്കും സങ്കടകരമായ അനുഭവമാകരുതെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. അക്കാര്യം അദ്ദേഹം ഗ്രെഗിനോടും പറഞ്ഞു.
ഏതുവഴിയിലൂടെ പിതാവിന്റെ ഓർമ നിലനിർത്താമെന്ന് ആലോചിച്ചപ്പോഴാണ് ഗ്ലാസ് ആർട് എന്ന ആശയം ലഭിച്ചത്. പക്ഷേ ശസ്ത്രക്രിയയ്ക്കു ശേഷം ആരോഗ്യവനായി മാറി ഗ്രെഗിന്റെ പിതാവ്. അദ്ദേഹമാണ് തന്റെ മാതാപിതാക്കളുടെ ചിതാഭസ്മം ഗ്രെഗിനെ ഏൽപിച്ചത്. അങ്ങനെ ആദ്യത്തെ ആർട്ഫുൾ ആഷസ് ശിൽപം പിറന്നു. 2012ൽ ആരംഭിച്ച ആർട്ഫുൾ ആഷസ് എന്ന ഈ പദ്ധതി പ്രകാരം ഇതിനോടകം ഇത്തരം അരലക്ഷത്തോളം ചില്ലുശിൽപങ്ങൾ തയാറാക്കി നൽകിക്കഴിഞ്ഞു ഗ്രെഗും ക്രിസ്റ്റീനയും. ശിൽപം മാത്രമല്ല ഗ്ലാസ് കൊണ്ടുള്ള ലോക്കറ്റുകളും നിർമിച്ചു നൽകുന്നുണ്ട് കമ്പനി. സിയാറ്റിലിൽ ഇതിനുവേണ്ടി പ്രത്യേക ഷോപ് തന്നെ തുറന്നു.

അൽപം ചിതാഭസ്മം നൽകിയാൽ മാത്രം മതി, ലോകത്തിന്റെ എവിടെയാണെങ്കിലും നാലാഴ്ചയ്ക്കകം പ്രിയപ്പെട്ടവരുടെ ഓർമശിൽപങ്ങൾ കണ്മുന്നിലെത്തുമെന്നതാണ് ഇവരുടെ വാഗ്ദാനം. ഏതു നിറം വേണമെന്നും ശില്‍പത്തിന്റെ ആകൃതി എന്തായിരിക്കണമെന്നുമൊക്കെ തീരുമാനിക്കാൻ ഷോപ്പ് ജീവനക്കാരും സഹായിക്കും. ഫെയ്സ്ബുക് ചാറ്റിലൂടെയും പല കുടുംബങ്ങളും ഇതിനു വേണ്ട നിർദേശങ്ങൾ നൽകുന്നുണ്ട്. നീല, പച്ച, ചുവപ്പ്, മഞ്ഞ തുടങ്ങി എണ്ണമറ്റ നിറങ്ങളിലാണു ശിൽപങ്ങൾ. ഏകദേശം 13,000 രൂപയാണു ഫീസെങ്കിലും വിലമതിക്കാനാകാത്തതായാണു പലരും ഈ ശിൽപങ്ങളെ കാണുന്നത്. മാത്രവുമല്ല യുഎസിനു പുറത്തേക്കും ഇതിന്റെ പ്രശസ്തിയെത്തി. ഒട്ടേറെ മാധ്യമങ്ങളും വാർത്തയാക്കി. വെബ്സൈറ്റ് വഴിയും ഫെയ്സ്ബുക് പേജ് വഴിയും ശിൽപങ്ങൾ ബുക്ക് ചെയ്യാം. artfulashes.com എന്നാണ് സൈറ്റിന്റെ പേര്.

Summary : Artful Ashes creates beautiful handmade glass art memorials

ചില്ലുശിൽപങ്ങൾ നിർമിക്കുന്നതെങ്ങനെ?; വിഡിയോ