യജമാനന് ‘സ്നേഹം’ കൂടി; പിക്കാച്ചുപ്പൂച്ച ബഹിരാകാശത്തേക്ക്..., Cosmic burial, Felicette cat, Padhippura, Manorama Online

യജമാനന് ‘സ്നേഹം’ കൂടി; പിക്കാച്ചുപ്പൂച്ച ബഹിരാകാശത്തേക്ക്...

നവീൻ മോഹൻ

ബഹിരാകാശത്തെത്തിയ ആദ്യത്തെ നായ്ക്കുട്ടിയുടെ പേരറിയാമോ? 1957 നവംബർ മൂന്നിന് റഷ്യ അയച്ച ലെയ്ക്കയാണത്. എന്നാൽ ബഹിരാകാശത്തെത്തിയ ആദ്യത്തെ പൂച്ചക്കുട്ടിയോ? അതിന്റെ ക്രെഡിറ്റ് ഫ്രാൻസിനാണ്. 1963 ഒക്ടോബർ 18നാണ് ഫ്രഞ്ച് ഗവേഷകർ ഫെലിസിറ്റ് എന്ന പെൺപൂച്ചക്കുട്ടിയെ ബഹിരാകാശത്തേക്ക് അയച്ചത്. ലെയ്ക്ക ബഹിരാകശത്തു വച്ചു ചത്തു പോയെങ്കിലും ഫെലിസിറ്റ് സുരക്ഷിതയായി ഭൂമിയിലേക്കു തിരിച്ചെത്തി. റോക്കറ്റിലേറി പാഞ്ഞ ഫെലിസിറ്റ് 157 കിലോമീറ്റർ ഉയരത്തിലെത്തിയ ശേഷം തിരികെ ഭൂമിയിലേക്കു പതിക്കുകയായിരുന്നു. പാരച്യൂട്ടിൽ ഭൂമിയിലെത്തിയ ഈ പൂച്ചക്കുട്ടിയെ ജീവനോടെ തിരികെ ലഭിക്കാൻ ഹെലികോപ്ടറിൽ പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിരുന്നു.

ബഹിരാകാശത്ത് ജീവികളുടെ ഭാരത്തിനുണ്ടാകുന്ന മാറ്റം സംബന്ധിച്ച പഠനത്തിനായിരുന്നു ഫെലിസിറ്റിനെ അയച്ചത്. പഠനത്തിന്റെ ഭാഗമായി മസ്തിഷ്കം പരിശോധിക്കേണ്ടിയിരുന്നതിനാൽ ഭൂമിയിലെത്തി രണ്ടു മാസം കഴിഞ്ഞപ്പോൾ ഈ പൂച്ചക്കുട്ടിയെ ദയാവധത്തിനിരയാക്കേണ്ടി വന്നു. മരിച്ചെങ്കിലും ഇന്നും ശാസ്ത്രത്തിന്റെ മനസ്സിൽ മായാതെ നടന്ന് ‘മ്യാവൂ മ്യാവൂ’ പറയുന്നുണ്ട് ഫെലിസിറ്റ്. ഇതുപോലെത്തന്നെ ഒരു ബഹിരാകാശ വിദഗ്ധന്റെ മനസ്സിലും ഇപ്പോഴും മായാതെ കിടപ്പുണ്ട് പിക്കാച്ചു എന്ന പൂച്ചക്കുട്ടി. ബഹിരാകാശത്തേക്ക് നാസ അയച്ച ഹബിൾ സ്പെയ്സ് ടെലസ്കോപ്പിനു വേണ്ടി പ്രത്യേക സോഫ്റ്റ്‌വെയർ തയാറാക്കിയ സ്റ്റീവ് മുൻട് എന്ന ഗവേഷകന്റെ പൂച്ചയായിരുന്നു പിക്കാച്ചു. ഇക്കഴിഞ്ഞ ജനുവരിയിൽ വൃക്ക സംബന്ധിയായ അസുഖം കാരണം അതു ചത്തുപോയി. എങ്കിലും പിക്കാച്ചുവിനെ മറക്കാൻ സ്റ്റീവിനായില്ല.

ആ പൂച്ചക്കുട്ടിക്ക് അനുയോജ്യവും മറ്റാരും ഇന്നേവരെ നൽകാത്തതുമായ ഒരു യാത്രയയപ്പ് എങ്ങനെ നൽകുമെന്ന് കുറേ ആലോചിച്ചു. അങ്ങനെയാണു പിക്കാച്ചുവിന്റെ ചിതാഭസ്മം ബഹിരാകാശത്തേക്ക് അയയ്ക്കുന്നതിനെപ്പറ്റി ആലോചിക്കുന്നത്. സംഗതി അൽപം വട്ടാണെന്നു തോന്നുമെങ്കിലും സത്യത്തിൽ ചിതാഭസ്മം ബഹിരാകാശത്തേക്ക് അയയ്ക്കാൻ സഹായിക്കുന്ന ഒരു കമ്പനി തന്നെയുണ്ട്. അതിനു നാസയുടെ സ്പെയ്സ്ഫ്ലൈറ്റ് ഓപ്പർച്യുണിറ്റീസ് പ്രോഗ്രാമിന്റെ പിന്തുണയുമുണ്ട്.

യുഎസിലെ ടെക്സസ് ആസ്ഥാനമായുള്ള സെലെസ്റ്റിസ് മെമോറിയൽ സ്പെയ്സ്ഫ്ലൈറ്റ്സ് കമ്പനിയാണ് ഇതിനുള്ള സൗകര്യങ്ങളൊരുക്കുന്നത്. ചിതാഭസ്മം ചന്ദ്രനിലേക്ക് അയയ്ക്കുക, ഭൂമിക്കു ചുറ്റും ഭ്രമണം ചെയ്യിക്കുക, ബഹിരാകാശത്തേക്ക് അയച്ചു തിരികെയെത്തിക്കുക, ബഹിരാകാശത്തിന്റെ ‘ആഴങ്ങളിലേക്ക്’ അയയ്ക്കുക എന്നിങ്ങനെ പല പദ്ധതികളുണ്ട് കമ്പനിക്കു കീഴിൽ. ഇതിൽ ഭൂമിക്കു ചുറ്റും പിക്കാച്ചുവിന്റെ ചിതാഭസ്മം ഭ്രമണം ചെയ്യുന്നതാണ് സ്റ്റീവ് തിരഞ്ഞെടുത്തത്. 5000 ഡോളറാണ് ഫീസ്. പലരിൽ നിന്നു സഹായം തേടി ഈ പണം സംഘടിപ്പിച്ച് സ്റ്റീവ് നൽകിക്കഴിഞ്ഞു. ഗോഫണ്ട്മി വെബ്സൈറ്റിൽ ‘ലവിങ് പിക്കാച്ചു’ എന്നൊരു ക്യാംപെയ്നും ആരംഭിച്ചു. ഇതിനോടകം രണ്ടായിരത്തിനടുത്ത് ഡോളർ ലഭിച്ചിട്ടുണ്ട്.

ഒന്നരക്കൊല്ലത്തിനിടെ എപ്പോൾ വേണമെങ്കിലും പിക്കാച്ചുവിന്റെ ചിതാഭസ്മം ബഹിരാകാശത്തേക്ക് അയയ്ക്കും. ഒരു ബഹിരാകാശ പേടകത്തിലെ ചെറു ക്യാപ്സൂളിലാക്കി അയയ്ക്കുന്ന ചിതാഭസ്മം പേടകത്തിനൊപ്പം ഭൂമിയെ ചുറ്റിക്കൊണ്ടേയിരിക്കും. പിക്കാച്ചു ആകാശത്ത് എവിടെയാണെന്നു ഭൂമിയിലിരുന്ന് ‘ട്രാക്ക്’ ചെയ്യാനും സ്റ്റീവിനു സാധിക്കും. പ്രവർത്തന കാലാവധി കഴിയുന്നതോടെ ഭൂമിയുടെ അന്തരീക്ഷത്തിലേക്കു കടന്ന് പേടകത്തിനൊപ്പം ഒരു കൊള്ളിയാൻ പോലെ ഇതു കത്തിത്തീരുകയും ചെയ്യും. നേരത്തേ രണ്ടു നായ്ക്കുട്ടികളുടെ ചിതാഭസ്മം ബഹിരാകാശത്തേക്ക് അയച്ചിട്ടുണ്ട്. എന്നാൽ ഇതാദ്യമായാണ് ഒരു പൂച്ചക്കുട്ടിയുടെ ചിതാഭസ്മം ബഹിരാകാശത്തേക്ക് അയയ്ക്കുന്നത്. ചത്തുപോയെങ്കിലും ബഹിരാകാശ ചരിത്രത്തിൽ പിക്കാച്ചുവിന്റെ പേര് എന്നെന്നുമിങ്ങനെ ഭ്രമണം ചെയ്തു കൊണ്ടേയിരിക്കുമെന്നു ചുരുക്കം.