അവഞ്ചേർസ് നാല്: കഥയറിയാമോ?

ലോകമെമ്പാടുമുളള കുട്ടികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അവഞ്ചേർസ് 4. കട്ടപ്പയെ ബാഹുബലി പിന്നിൽനിന്ന് കുത്തിയതുപോലൊരു ക്ലൈമാക്സിൽ സിനിമ തീർത്താണ് അവഞ്ചേർസ്: ഇൻഫിനിറ്റി വാർ അവസാനിച്ചത്. സ്പൈഡർമാൻ, ഡോക്ടർ സ്ട്രെയ്ഞ്ച്, ബക്കി തുടങ്ങി നമ്മുടെ പ്രിയതാരങ്ങളെല്ലാം താനോസിന്റെ ആക്രമണത്താൽ ഇല്ലാതായി. ഇനിയെന്ത് ചെയ്യും, താനോസിനെ ആർക്ക് കീഴടക്കാനാകും...? എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് അവശേഷിക്കുന്നത്.

ഇപ്പോഴിതാ അവഞ്ചേർസ് നാലാം ഭാഗത്തിന്റെ പ്രമേയം പുറത്തായിരിക്കുന്നു. മാർവൽ സ്റ്റുഡിയോസിന്റെ 22 സിനിമകളുടെ ക്ലൈമാക്സ് ആയിരിക്കും നാലാം ഭാഗം. 22 സിനിമകളുമായും ചിത്രത്തിനു ബന്ധമുണ്ടാകും. എത്ര ദുർബലമാണു യാഥാർഥ്യമെന്നു സൂപ്പർഹീറോസ് തിരിച്ചറിയുകയും ജീവൻബലികൊടുത്തും അതിനെ തരണം ചെയ്യുകയാണു പ്രതിവിധിയെന്നും മനസ്സിലാക്കുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്.

2008ൽ മാർവൽ സ്റ്റുഡിയോസ് നിർമിച്ച അയൺമാനിൽ നിന്നു കഥാതന്തു ആരംഭിക്കും. അടുത്ത വർഷം മേയ് മാസം ചിത്രം റിലീസിനെത്തും. അതിനു മുമ്പ് മാർച്ചിൽ മാർവലിന്റെ ക്യാപ്റ്റൻ മാർവൽ റിലീസിനെത്തും. അവഞ്ചേർസ് നാലാം ഭാഗത്തിന്റെ ചിത്രീകരണസ്ഥലത്തെ ചിത്രങ്ങൾ ഇന്റർനെറ്റിലൂടെ പുറത്തായിരുന്നു. അതിൽ ക്യാപ്റ്റൻ അമേരിക്ക, ആന്റ്മാൻ, അയൺമാൻ പിന്നെ ലോക്കിയെയും മാത്രമാണ് അതിൽ കാണാനാകുന്നത്.

ടൈം ട്രാവൽ വഴി കാലം പുറകോട്ട് പോയി ഏവരെയും രക്ഷപ്പെടുത്തുകയാണു നാലാം ഭാഗത്തിലെന്നു റിപ്പോർട്ട് ഉണ്ട്. എന്നാൽ ഡോക്ടർ സ്ട്രെയ്ഞ്ചിന്റെ ടൈംസ്റ്റോണും താനോസിന്റെ കൈകളിൽ ഇരിക്കുമ്പോൾ ഇവർ എങ്ങനെ ടൈം ട്രാവൽ ചെയ്യും എന്ന സംശയവും ആരാധകരിൽ ഉയരുന്നു. എന്തായാലും ഇതിനൊക്കെയുള്ള ഉത്തരം തേടാൻ ഒരുവര്‍ർഷം കാത്തിരിക്കണം.