ഇനി വിശ്വസിച്ചേ മതിയാകൂ, ഇതാ എവറസ്റ്റിനും മുകളിലൂടെ പറക്കുന്ന പക്ഷി!
ലോകത്തിലെ ഏറ്റവും വലിയ പർവതമായ എവറസ്റ്റിന്റെ ഉയരം എത്രയാണെന്നറിയാമോ? ഏകദേശം 8848 മീറ്റർ വരും. അതായത് 350ലേറെ തെങ്ങുകൾ ഒന്നിനു മുകളിലൊന്നായി വച്ചാലുള്ളത്ര ഉയരം. ജെറ്റ് വിമാനങ്ങൾ പറക്കുക ഏകദേശം 8534 മീറ്റർ ഉയരത്തിലൂടെയാണ്. പക്ഷേ എവറസ്റ്റിനും ജെറ്റ് വിമാനങ്ങൾക്കുമെല്ലാം മുകളിലൂടെ പറക്കുന്ന ഒരു പക്ഷിയുണ്ട്. വാത്ത താറാവ് എന്നു നമ്മൾ വിളിക്കുന്ന ഗൂസ് പക്ഷിയാണത്. കേരളത്തിലെ വാത്ത വെളുത്തിട്ടാണെങ്കിൽ ഈ കഥയിലെ താറാവിനു നിറം കറുപ്പും വെളുപ്പുമാണ്. കഴുത്തിലെ നീളന്‍ വരകള്‍ കാരണമാണ് ഇവയിൽ ചിലതിന് ബാർ–ഹെഡഡ് ഗൂസ് എന്ന പേരു വന്നതുതന്നെ.
എവറസ്റ്റ് കീഴടക്കിയ പലരും പറഞ്ഞിട്ടുണ്ട് പര്‍വതത്തിനു മുകളിൽ ഈ പക്ഷി പറക്കുന്നതു കണ്ടിട്ടുണ്ടെന്ന്. ആദ്യമായി എവറസ്റ്റ് കീഴടക്കിയ എഡ്മണ്ട് ഹിലറിക്കും ടെൻസിങ് നോർഗെയ്ക്കും വേണ്ട സഹായം നൽകി ഒപ്പമുണ്ടായിരുന്ന ന്യൂസീലന്‍ഡുകാരൻ ജോർജ് ലോവ് ആണ് ഇക്കാര്യത്തിൽ പ്രധാനികളിലൊരാൾ. 1953ൽ താൻ എവറസ്റ്റില്‍ കണ്ടത് വാത്ത താറാവുകളെയാണെന്ന കാര്യത്തിൽ പല മറുവാദങ്ങളുണ്ടായിട്ടും അദ്ദേഹം ഉറച്ചു തന്നെ നിന്നു. പിന്നീടു പലരും ഇക്കാര്യം ആവർത്തിക്കുകയും ചെയ്തു. പക്ഷേ അധികമാരും അതു വിശ്വസിച്ചില്ല. മുകളിലെത്തുമ്പോൾ ആർക്കുമുണ്ടായേക്കാവുന്ന വെറും തോന്നൽ മാത്രമാണതെന്നായിരുന്നു വിശദീകരണം.
എന്നാലിപ്പോൾ പ്രത്യേക പരിശീലനം നൽകി വളർത്തിയെടുത്ത ഗൂസ് പക്ഷികളെ നിരീക്ഷിച്ചതിൽ നിന്നാണ് ഗവേഷകർക്ക് പുതിയ വിവരങ്ങൾ ലഭിച്ചിരിക്കുന്നത്. ഉയർന്ന മേഖലകളിലെത്തുമ്പോൾ ശരീരത്തിലെ ചയാപചയ പ്രക്രിയയിൽ (മെറ്റബോളിസം) മാറ്റം വരുത്താൻ ഈ പക്ഷികള്‍ക്കു സാധിക്കുമെന്നാണു ഗവേഷകരുടെ കണ്ടെത്തൽ. മുകളിലേക്കു പോകുംതോറും ഓക്സിജൻ കുറഞ്ഞു വരുമല്ലോ, അത്തരം ഘട്ടങ്ങളിലാണ് ഈ മെറ്റബോളിസം സഹായമാവുക. വാത്തകളുടെ ശരീരത്തിൽ പ്രത്യേകം സെൻസറുകളും ബ്രീത്തിങ് മാസ്കുകളും ഘടിപ്പിച്ചായിരുന്നു പരീക്ഷണം. പല ഘട്ടങ്ങളിലായി 9000 മീറ്റർ ഉയരത്തിലുള്ള ഓക്സിജന്‍ നില വരെ മാസ്കിലൂടെ സൃഷ്ടിച്ചെടുത്തു. പക്ഷേ അവയിലെല്ലാം ഇവ സുഖമായി പറന്നു.
വിമാനത്തിന്റെ മോഡലുകളുടെ പറക്കൽ പരീക്ഷണത്തിനും മറ്റും ഉപയോഗിക്കുന്ന തരം വിൻഡ് ടണലുകളിലൂടെയും ഈ പക്ഷിയെ പറത്തി നോക്കി. എല്ലായിടത്തും ഇവയുടെ പറക്കൽ സൂപ്പർഹിറ്റ്. ബാർ–ഹെഡഡ് ഗൂസ് എന്നറിയപ്പെടുന്ന താറാവായിരുന്നു കൂട്ടത്തിൽ മിടുക്കൻ. പർവതങ്ങൾക്കും തടാകങ്ങൾക്കും സമീപം കൂട്ടത്തോടെയെത്തി ജീവിക്കുന്നവയാണ് ഈ വാത്ത താറാവുകൾ. തെക്കനേഷ്യൻ പ്രദേശങ്ങളിലാണു പ്രധാനമായും കാണാറുള്ളത്. ഇതുള്‍പ്പെടെ വാത്ത താറാവുകളിലെ ഏകദേശം 19 ഇനത്തിന് എവറസ്റ്റിനു മുകളിലൂടെ പറക്കാനുള്ള ശേഷിയുണ്ടെന്നാണു ഗവേഷകരുടെ കണ്ടെത്തൽ.
മുകളിലേക്കു പോകും തോറും വായുവിന്റെ കനം കുറഞ്ഞുവരും. പക്ഷേ അപ്പോൾ പോലും ഇവയുടെ ഹൃദയമിടിപ്പിൽ മാറ്റം വരുന്നില്ലെന്നു കണ്ടെത്തി.
മാത്രവുമല്ല ശരീരത്തിലെ ഞരമ്പുകളിലെ താപനില താഴ്ത്തി ‘തണുപ്പിക്കാനുള്ള’ കഴിവും ഇവയ്ക്കുണ്ട്. അതോടെ ഓക്സിജൻ കുറഞ്ഞാലും പ്രശ്നമില്ലെന്നായി. കാരണം ശ്വാസകോശത്തിൽ നിന്ന് രക്തത്തിലേക്കുള്ള ഓക്സിജന്റെ അളവ് കൂട്ടാൻ ഈ രീതി സഹായിക്കും. ബാർ–ഹെഡഡ് ഗൂസുകളുടെ ഹൃദയത്തിനു മറ്റു പക്ഷികളുടേതിനേക്കാൾ വലുപ്പവും കൂടുതലാണ്. അതുവഴി ഹൃദയത്തിൽ നിന്നു പേശികളിലേക്കും കൂടുതൽ രക്തം ‘പമ്പ്’ ചെയ്യാനാകും. ഇന്ത്യയിൽ നിന്ന് മംഗോളിയയിലേക്ക് എല്ലാ വർഷവും ഈ താറാവുകൾ ദേശാടനം നടത്തുന്നത് എവറസ്റ്റിനു മുകളിലൂടെയാണെന്ന് ഏകദേശം വ്യക്തമായിട്ടുണ്ട്. എവറസ്റ്റിലെത്തുന്നതോടെ ഓക്സിജന്റെ അളവ് ഏഴു ശതമാനമായി താഴുന്നുണ്ട്. പക്ഷേ അപ്പോഴെല്ലാം മെറ്റബോളിസത്തിൽ മാറ്റം വരുത്തിയും അതിവേഗം ചിറകടിച്ചുമെല്ലാമാണ് ഇവ രക്ഷപ്പെടുക. ഇലൈഫ് മാഗസിനിലുണ്ട് പഠനത്തിന്റെ വിശദവിവരങ്ങൾ.