എല്ലും പല്ലും കൂടുതൽ, അയർലൻഡിന്റെ അദ്ഭുത മമ്മി; ടക്കബൂട്ടി മരിച്ചത് എങ്ങനെ?, Belfast's ancient egyptian mummy, Takabuti, murdered, Padhippura, Manorama Online

എല്ലും പല്ലും കൂടുതൽ, അയർലൻഡിന്റെ അദ്ഭുത മമ്മി; ടക്കബൂട്ടി മരിച്ചത് എങ്ങനെ?

ലോകപ്രശസ്തമാണ് ഈജിപ്തിലെ തുത്തൻഖാമന്റെ മമ്മി. അത്രത്തോളമില്ലെങ്കിലും പ്രശസ്തമായ മറ്റൊരു മമ്മിയുമുണ്ട്. അതിന്റെ പേരാണ് ടക്കബൂട്ടി. അയർലൻഡിലെ ബെൽഫാസ്റ്റിലുള്ള ഒരു മ്യൂസിയത്തിലാണ് ഈ മമ്മിയുള്ളത്. ഈജിപ്തിൽ നിന്നു അയർലൻഡിലേക്ക് ഈ മമ്മിയെ കൊണ്ടുവന്നത് തോമസ് ഗ്രെഗ് എന്ന ധനികനായിരുന്നു. മമ്മിയുടെ പേടകങ്ങൾ തുറന്നു പരിശോധിക്കുന്നത് ഗവേഷകർക്ക് ഹരമായിരുന്ന 1800കളിലായിരുന്നു ടക്കബൂട്ടിയെ അയർലൻഡിലെത്തിച്ചത്. 1835 ജനുവരി 27ന് പേടകം തുറന്നു പരിശോധിച്ചു. അങ്ങനെയാണ് ഈ മമ്മി 20–30 വയസ്സുള്ള ഒരു പെൺകുട്ടിയുടേതാണെന്നു കണ്ടെത്തിയത്. ഈജിപ്തിലെ തീബ്സിലായിരുന്നു ഇവരുടെ കൊട്ടാരം. പിതാവ് പുരോഹിതനായിരുന്നു. ടസെനിറിക് എന്നായിരുന്നു അമ്മയുടെ പേര്.

ടക്കബൂട്ടി വിവാഹിതയായിരുന്നെന്നും പേടകത്തിലെ ഹൈറോഗ്ലിഫിക് രേഖകളിൽ നിന്ന് എഡ്വേഡ് ഹിങ്ക്സ് എന്ന ഈജിപ്റ്റോളജിസ്റ്റ് വായിച്ചെടുത്തു. പക്ഷേ ടക്കബൂട്ടിയുടെ ശരീരത്തിലെ മുറിവുകളാണ് ഗവേഷകരെ അമ്പരപ്പിച്ചത്. കത്തികൊണ്ടു കുത്തേറ്റതു പോലെയായിരുന്നു അത്. 185 വർഷത്തോളം ഗവേഷകർ അതിനെപ്പറ്റി പഠിച്ചു. ഒടുവിൽ അടുത്തിടെയാണ് കണ്ടെത്തിയത്– മരിക്കുമ്പോൾ ടക്കബൂട്ടിയുടെ യഥാർഥ പ്രായം ഇരുപതുകളിലായിരുന്നു. പിന്നിൽ ഇടതു ചുമലിനോടു ചേർന്ന് കുത്തേറ്റാണ് ആ പെൺകുട്ടി മരിച്ചതെന്നും ഗവേഷകർ കണ്ടെത്തി. ചരിത്ര വിദ്യാർഥികളിൽ ഉൾപ്പെടെ ഏറെ കൗതുകമുണർത്തുന്നതായിരുന്നു ഈ മരണം. അതിനു കാരണവുമുണ്ട്.


ഇന്ന് ഈജിപ്തിലെ ലക്സർ എന്നറിയപ്പെടുന്ന നഗരം ഏകദേശം 2600 വർഷം മുൻപ് തീബ്സ് ആയിരുന്നു. അവിടത്തെ ഏറെ സ്വാധീനമുള്ള വീടുകളിലൊന്നിലായിരുന്നു ടക്കബൂട്ടിയുടെ ജനനം. അമുൻ ദേവനെ ആരാധിക്കുന്ന പുരോഹിതനായിരുന്നു പിതാവെന്നതിനാൽ സമൂഹത്തിലും ഏറെ അംഗീകാരം. തവിട്ടുനിറത്തിൽ, ചുരുണ്ട് മുടിയായിരുന്നു ടക്കബൂട്ടിക്കെന്നും ഗവേഷകർ കണ്ടെത്തി. 32 പല്ലിനു പകരം ഒരെണ്ണം കൂടുതയായിരുന്നു ഈ പെൺകുട്ടിക്ക്. ലോകത്തിലെ 0.02% വരുന്നവരിൽ മാത്രമേ ഈ അവസ്ഥ കാണുകയുള്ളൂ. നട്ടെല്ലിൽ ഒരെല്ല് കൂടുതലും ആയിരുന്നു ടക്കബൂട്ടിക്ക്. ലോകത്തിലാകെ രണ്ടു ശതമാനം ആൾക്കാർക്കു മാത്രമേ അതു സംഭവിക്കാറുള്ളൂ.

എക്സ് റേ സ്കാനിങ്, സിടി സ്കാൻ, കാർബൺ ഡേറ്റിങ്, തലമുടി വിശകലനം, ഡിഎൻഎ ടെസ്റ്റ് ഇവയെല്ലാം ഉപയോഗിച്ചായിരുന്നു ഈ മമ്മിയുടെ വിവരങ്ങൾ ഗവേഷകർ ശേഖരിച്ചത്. പിന്നിൽ കുത്തേറ്റാണു മരണമെന്നു കണ്ടെത്തിയതും അങ്ങനെത്തന്നെ. മുറിവിൽ പലതരം വസ്തുക്കൾ നിറച്ചിരുന്നു. കാലപ്പഴക്കം കാരണം ചുരുങ്ങിയ അവസ്ഥയിലായിരുന്നു അത്. ഗവേഷകർ ഇതുവരെ കരുതിയിരുന്നതാകട്ടെ അത് ടക്കബൂട്ടിയുടെ ഹൃദയമായിരുന്നെന്നും! പക്ഷേ റെസിൻ എന്ന മരക്കറയിൽ മുക്കിയ ലിനൻ തുണിയായിരുന്നു മുറിവിൽ നിറച്ചിരുന്നത്. മരണത്തിൽ നിന്നു രക്ഷപ്പെടാൻ നടത്തിയ മാന്ത്രികവിദ്യയുടെ ഭാഗമായോ ഔഷധമായോ ആയിരിക്കാം അതുപയോഗിച്ചതെന്നു ഗവേഷകർ കരുതുന്നു.

എക്സ്റേ സ്കാനിലൂടെ യഥാർഥ ഹൃദയവും കണ്ടെത്താനായി. ചുരുങ്ങി നശിച്ച അവസ്ഥയിൽ നെഞ്ചിൽത്തന്നെയുണ്ടായിരുന്നു ഹൃദയം. മമ്മികളില്‍ നിന്ന് ഹൃദയം ഉൾപ്പെടെയുള്ള ആന്തരികാവയവങ്ങൾ മാറ്റി പ്രത്യേക ജാറുകളിലാക്കി സൂക്ഷിക്കുകയാണു പതിവ്. അല്ലെങ്കിൽ ലിനനിൽ പൊതിഞ്ഞ് നെഞ്ചിൽതന്നെ സ്ഥാപിക്കും. രാജകീയ കുടുംബങ്ങളല്ലാത്ത ചില വിഭാഗക്കാർക്കും ഈ രീതിക്ക് അനുവാദം നൽകിയിരുന്നു. ടക്കബൂട്ടി ഇത്രയും വലിയ കുടുംബത്തിൽ ജനിച്ചിട്ടും എന്തുകൊണ്ട് ഹൃദയം മാറ്റാതെ മമ്മിയാക്കിയെന്നും ഗവേഷകർ അന്വേഷിക്കുന്നുണ്ട്. ഒരാളുടെ മരണം സംഭവിച്ച് 1000 വർഷം കഴിഞ്ഞാലും അവരെപ്പറ്റിയുള്ള എല്ലാ വിവരം അറിയാനാകുമെന്ന നിർണായക കണ്ടെത്തലാണ് ടക്കബൂട്ടിയിലൂടെ ഗവേഷകർ നടത്തിയിരിക്കുന്നത്.

Summary : Belfast's ancient egyptian mummy Takabuti murdered