ആ അമൂല്യനിധി കാക്കാൻ

സീമ ശ്രീലയം

മൊബൈൽ ഫോണിലും വയർലെസിലും സന്ദേശങ്ങൾ കൈമാറുന്നത് എങ്ങനെ...? ജൈവവൈവിധ്യത്തെ ആശ്രയിച്ചാണെന്നും എന്തുവിലകൊടുത്തും അതു കാക്കണമെന്നുമുള്ള ഓർമപ്പെടുത്തലായി നാളെ ജൈവവൈവിധ്യ ദിനം (International Day for Biological Diversity). ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം, അതു സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത, ജൈവവൈവിധ്യം നേരിടുന്ന വെല്ലുവിളികൾ എന്നിവയെക്കുറിച്ചൊക്കെ അവബോധമുണ്ടാക്കുകയാണ് ദിനാചരണ ലക്ഷ്യം.

മനുഷ്യന്റെ വിവേചനരഹിതമായ പ്രവർത്തനങ്ങളും ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ആവാസവ്യവസ്ഥാ നാശവുമൊക്കെ ജൈവവൈവിധ്യത്തെ ശോഷിപ്പിച്ചുകൊണ്ടിരിക്കുന്നു. ഒട്ടേറെ ജീവികൾ ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു. ഓരോ വർഷവും റെഡ് ലിസ്റ്റിൽ (വംശനാശം നേരിടുന്ന ജീവികളുടെ പട്ടിക) ഉൾപ്പെടുത്തേണ്ടി വരുന്ന ജീവികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു.

സിബിഡിയുടെ രജത ജൂബിലി
കൺവൻഷൻ ഓൺ ബയോളജിക്കൽ ഡൈവേഴ്സിറ്റിയുടെ (CBD) 25 കൊല്ലത്തെ പ്രവർത്തനങ്ങളാണ് ഇത്തവണ ദിനാചരണ വിഷയമായി യുഎൻ തിരഞ്ഞെടുത്തിരിക്കുന്നത് (celebrating 25 years of action for biodiversity). ജൈവവൈവിധ്യ സംരക്ഷണം, സുസ്ഥിര വിനിയോഗം, ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞുവരുന്ന അറിവുകളുടെയും ഉൽപന്നങ്ങളുടെയും പ്രയോജനം എല്ലാവർക്കും ലഭ്യമാക്കൽ എന്നിവയ്ക്കായി പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് CBD.

യുഎൻഇപി (യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാം) 1980കളുടെ അവസാനം രാജ്യാന്തര ജൈവവൈവിധ്യ ഉടമ്പടിയുടെ ആവശ്യകതയെയും പ്രാധാന്യത്തെയും കുറിച്ചു പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചു. 1992 മേയ് 22ന് നെയ്റോബി ഉച്ചകോടിയിൽ CBD യുടെ കരടു രൂപരേഖയ്ക്ക് അംഗീകാരമായി. അതേ വർഷം തന്നെ ബ്രസീലിലെ റിയോ ഡി ജനീറോയിൽ യുഎൻ ഭൗമ ഉച്ചകോടിയിൽ വിവിധ ലോകരാജ്യങ്ങൾ സിബിഡിയിൽ ഒപ്പുവയ്ക്കുകയും 1993 ഡിസംബർ 29ന് അത് നിലവിൽ വരികയും ചെയ്തു.

2000 വരെ ഡിസംബർ 29 ആയിരുന്നു ജൈവവൈവിധ്യ ദിനമായി ആചരിച്ചു വന്നത്. എന്നാൽ 2000 മുതൽ മേയ് 22 രാജ്യാന്തര ജൈവവൈവിധ്യ ദിനമായി ആചരിക്കാൻ യുഎൻ തീരുമാനിക്കുകയായിരുന്നു.

കാർട്ടജീന, നഗോയ ഉടമ്പടികൾ
നൂതന ജൈവസാങ്കേതിക വിദ്യയുടെ സഹായത്തോടെ ജനിതക മാറ്റം വരുത്തിയെടുക്കുന്ന ജീവജാലങ്ങളുടെ സുരക്ഷിതമായ കൈകാര്യം ചെയ്യൽ, ഉപയോഗം, ഒരിടത്തു നിന്നു മറ്റൊരിടത്തേക്ക് കൊണ്ടുപോകൽ ,വിനിമയം എന്നിവയുമായി ബന്ധപ്പെട്ട രാജ്യാന്തര ഉടമ്പടിയാണ് 2003ൽ പ്രാബല്യത്തിലായ കാർട്ടജീന പ്രോട്ടോകോൾ. ജനിതക വിഭവങ്ങൾ, ഈ രംഗത്തെ ഗവേഷണ ഫലങ്ങൾ, ഉൽപന്നങ്ങൾ എന്നിവയുടെ നീതിയുക്തമായ പങ്കുവയ്ക്കലും വിനിമയവും സംബന്ധിച്ചുള്ളതാണ് 2014 ൽ നിലവിൽ വന്ന നഗോയ പ്രോട്ടോകോൾ.

ജൈവവൈവിധ്യ ദശകം (2011– 2020)
എയ്‌ചി (Aichi) ബയോഡൈവേഴ്സിറ്റി ടാർഗിറ്റിലെ 20 ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ശ്രമങ്ങൾ ജൈവവൈവിധ്യ ദശകത്തിന്റെ ഭാഗമായി നടക്കുന്നു.

അമൂല്യനിധി കാക്കാൻ
കാനഡയിലെ മോൺട്രിയലിലാണ് CBD സെക്രട്ടേറിയറ്റ്. വിവിധ രാജ്യങ്ങളുടെ ജൈവവൈവിധ്യവും സംസ്കാരവും ലോകത്തിനു പരിചയപ്പെടുത്താൻ ഒരു മ്യൂസിയം ഒരുക്കിയിട്ടുണ്ട് ഇവിടെ. ലൈഫ് വെബ് ഇനിഷ്യേറ്റീവിന്റെ ഭാഗമായി ദ്വീപുകളിലെ ജൈവവൈവിധ്യ നാശം തടയാനും സുസ്ഥിരവികസനം ഉറപ്പുവരുത്താനും ഉള്ള ശ്രമങ്ങൾ, ജീവികളുടെ വംശനാശം തടയാനുള്ള സീറോ എക്റ്റിൻക്‌ഷൻ പ്രചാരണം, ആഗോളതാപനത്തിലും കാലാവസ്ഥാ വ്യതിയാനത്തിലും ഒരു പ്രദേശത്തിന്റെ പങ്ക് നിർണയിക്കുന്ന കാർബൺ ആൻഡ് ബയോഡൈവേഴ്സിറ്റി കാൽക്കുലേറ്റർ, ശ്രദ്ധേയമായ ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾക്കുള്ള മിഡോരി പ്രൈസ്, ജൈവവൈവിധ്യ ചാംപ്യനെ തിരഞ്ഞെടുക്കൽ, ലിനേയസ് പ്രഭാഷണ പരമ്പരകൾ എന്നിങ്ങനെ പോകുന്നു CBD പ്രവർത്തനങ്ങൾ.

നമ്മുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം പ്രകൃതിവിഭവങ്ങളുടെ അമിത ചൂഷണം ഒഴിവാക്കിയും അവ വരുംതലമുറകൾക്കായി കരുതിവച്ചുകൊണ്ടും പരിസ്ഥിതിക്ക് പോറൽ ഏൽപിക്കാതെയുമുള്ള വികസനമാണ് സുസ്ഥിര വികസനം.

വരുന്നത് കൂട്ട വംശനാശം
ആറാം കൂട്ട വംശനാശത്തിന്റെ ഘട്ടത്തിലേക്കു ഭൂമി കടന്നിരിക്കുന്നുവെന്നു വിവിധ പഠനങ്ങൾ അപായമണി മുഴക്കിക്കഴിഞ്ഞു. ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനങ്ങൾ, വിവേചനരഹിതമായ വികസന പ്രവർത്തനങ്ങൾ, മലിനീകരണം, ആവാസവ്യവസ്ഥാ നാശം, രാസകീടനാശിനികളുടെ അമിത ഉപയോഗം, അനധികൃത വന്യജീവി വ്യാപാരം, അന്യ സ്പീഷിസ്സുകളുടെ അധിനിവേശം എന്നിവയൊക്കെ വംശനാശത്തിന് ആക്കം കൂട്ടിക്കൊണ്ടിരിക്കുന്നു. കാണ്ടാമൃഗങ്ങളുടെ കൊമ്പിന് ദിവ്യൗഷധ ശേഷിയുണ്ടെന്നും കരിങ്കുരങ്ങിന് ഔഷധഗുണമുണ്ടെന്നും വെള്ളിമൂങ്ങ, നക്ഷത്ര ആമ, ഇരുതലമൂരി എന്ന പാമ്പ് എന്നിവയ്ക്ക് വീട്ടിൽ ഐശ്വര്യം കൊണ്ടുവരാനുള്ള കഴിവുണ്ടെന്നുമൊക്കെയുള്ള അന്ധവിശ്വാസങ്ങളും ഇക്കാലത്ത് പാവം ജീവികളുടെ വംശനാശത്തിനു കാരണമാകുന്നുണ്ട്.

തിരികെ വരുമോ
ദിനോസറുകളും മാമത്തുകളുമൊക്കെ ഒരുനാൾ തിരികെ വന്നാലെങ്ങനെയിരിക്കും? വംശനാശം സംഭവിച്ച പല ജീവികളെയും ക്ലോൺ ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട് പല ഗവേഷണശാലകളിലും. ബയോടെക്നോളജിയും ജനിതക എൻജിനീയറിങ്ങും ക്രിസ്പർ എന്ന നൂതന ജീൻ എഡിറ്റിങ് മാർഗവുമൊക്കെ കൈകോർക്കുമ്പോൾ പാടേ കുറ്റിയറ്റു പോയ ജീവി വർഗങ്ങൾ തിരിച്ചു വന്നുകൂടെന്നില്ല. മഞ്ഞിൽ പുതഞ്ഞുകിടന്ന വൂളി മാമത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് അവയെ ക്ലോൺ ചെയ്യാനുള്ള ശ്രമത്തിലാണ് ഹാർവഡിലെയും സാന്റാ ബാർബറയിലെ കലിഫോർണിയ സർവകലാശാലയിലെയും ജപ്പാനിലെ കിൻകി സർവകലാശാലയിലെയും ഗവേഷകർ. ഇതു പോലെ ഡോഡോ, സഞ്ചാരിപ്രാവ്, ടാസ്മാനിയൻ ടൈഗർ വുൾഫ് തുടങ്ങി പല ജീവികളെയും ക്ലോണിങ്ങിലൂടെ പുന:സൃഷ്ടിക്കാനുള്ള ഗവേഷണങ്ങൾ നടക്കുന്നുണ്ട്.