കൂർത്ത പല്ല്, ആനയേക്കാളും വലുപ്പം, ഇത് ഇരയെ കടിച്ചുകീറുന്ന ‘ജലരാക്ഷസൻ’, Bbizarre, Spinosaurus Aegyptiacus, Swimming Dinosaur, Padhippura Manorama Online

കൂർത്ത പല്ല്, ആനയേക്കാളും വലുപ്പം, ഇത് ഇരയെ കടിച്ചുകീറുന്ന ‘ജലരാക്ഷസൻ’!

വെള്ളത്തിലൂടെ കുഞ്ഞുകുഞ്ഞു മീനുകൾ നീന്തിത്തുടിക്കുന്നതു കാണാൻതന്നെ നല്ല രസമാണ്. ആ മീനുകളുടെ സ്ഥാനത്ത് ഒരു സ്രാവ് വന്നാലോ? പേടിച്ചുപോകും. ഇനി വെള്ളത്തിൽ ഒരു മുതല വായും പൊളിച്ചു വന്നാലോ– ജീവനും കൊണ്ടോടുമെന്നുറപ്പ്. ഒരാനയോളം വലുപ്പമുള്ള ഭീകര ജീവിയാണ് വെള്ളത്തിലൂടെ വരുന്നെങ്കിലോ? ഓടാൻ പോലും പറ്റാതെ മരവിച്ചു നിന്നുപോകും. ഏകദേശം 9.5 മുതൽ 10 കോടി വർഷം മുന്‍പ് ഭൂമിയിൽ അത്തരമൊരു ജീവിയുണ്ടായിരുന്നുവെന്നാണു ഗവേഷകർ പറയുന്നത്. അതിന്റെ പേരാണ് സ്പൈനോസറസ് ഈജിപ്ഷ്യാക്കസ്.

അടുത്തിടെയാണ് ഗവേഷകർ ഈ ജലരാക്ഷസനെ തിരിച്ചറിഞ്ഞത്. അവർ ഇതുവരെ കരുതിയിരുന്നത്, ലോകത്തിലെ ഏറ്റവും വലുതും ശക്തിമാനും വ്യത്യസ്തനുമായ ദിനോസർ ടി–റെക്സ് ആണെന്നായിരുന്നു. ‘ജൂറാസിക് പാർക്ക്’ സിനിമകളിലുൾപ്പെടെ പ്രധാന വില്ലൻ ദിനോസറായി എത്തിയിരുന്നതും ടി–റെക്സായിരുന്നു. എന്നാൽ സ്പൈനോസറസ് അതുക്കും മേലെയായിരുന്നുവെന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ. ഇന്നേവരെ കണ്ടെത്തിയതിൽ ഏറ്റവും വലിയ ‘അക്വാട്ടിക്’ ദിനോസറും ഇതാണ്. ഒരേസമയം വെള്ളത്തിലും കരയിലും കഴിയാനുള്ള ശേഷിയുണ്ടായിരുന്നു ഇവയ്ക്ക്.
9 കോടി വർഷം മുൻപത്തെ സഹാറ മരുഭൂമിയായിരുന്നു പ്രധാന വിളനിലം. ഏകദേശം 6000–7000 കിലോഗ്രാം ഭാരമുണ്ടായിരുന്നു ഇവയ്ക്ക്. നമ്മുടെ നാട്ടിൽ കാണപ്പെടുന്ന ആനകൾക്ക് ശരാശരി 4000–5000 കിലോഗ്രാമാണു ഭാരമെന്നോര്‍ക്കണം. നല്ല നീന്തൽക്കാരും ആയിരുന്നു സ്പൈനോസറസ്. അതിനാൽത്തന്നെ ജലജീവികളുടെ പേടിസ്വപ്നവും. സഹാറയിൽ ഒരുകാലത്ത് ഒട്ടേറെ നദികളുണ്ടായിരുന്നുവെന്നു തെളിഞ്ഞിട്ടുണ്ട്. ആ നദികളിലൂടെ നീന്താൻ സ്പൈനോസറസിനെ സഹായിച്ചത് പ്രത്യേക നീളൻ വാലായിരുന്നു. ഇതാദ്യമായിട്ടാണ് വെള്ളത്തിൽ നീന്താൻ സഹായിക്കുന്ന നീളൻ വാലുമായി ഒരു ദിനോസറിനെ കണ്ടെത്തുന്നതെന്ന് പഠനത്തിനു നേതൃത്വം നൽകിയ യുകെയിലെ ലെസെസ്റ്റർ സർവകലാശാല ഗവേഷകരും പറയുന്നു.

ഇവർതന്നെയാണ് ‘റിവർ മോൺസ്റ്റർ’ അഥവാ നദിയിലെ രാക്ഷസൻ എന്ന പേരും ഈ പുതിയ ദിനോസറിനു നൽകിയത്. ശക്തിയേറിയ എല്ലുകൾ, ചെറിയ കാലുകൾ, മൂക്കിന്റെ സ്ഥാനം, മീനിന്റെ ചിറകുകൾ പോലുള്ള കാൽപാദം തുടങ്ങിയവയെല്ലാമാണ് ഇവയെ നദിയിലെ രാക്ഷസന്മാരാക്കി മാറ്റിയത്. ഏകദേശം 15 മീറ്റർ വരും നീളം, വായിൽനിറയെ കൂർത്ത പല്ലുകളാണ്. കണ്മുന്നിൽ ഇരകൾ പെട്ടാൽ മരണം ഉറപ്പ്! വമ്പൻ മീനുകളും സ്രാവുകളുമൊക്കെയായിരുന്നു പ്രധാന ഭക്ഷണം. കരയിലെത്തിയാലും ഇവയുടെ ക്രൂരതയ്ക്കു കുറവൊന്നുമുണ്ടായിരുന്നില്ല. വെള്ളത്തിലും ആ സമയത്ത് അതിക്രൂരന്മാരായ വേട്ടക്കാരുണ്ടായിരുന്നു. മുതലകളുടെ പൂർവികരും പ്ലീസിയോസോറസ്, മൊസാസറസ് തുടങ്ങിയവയുമൊക്കെ ഉദാഹരണം.

സ്പൈനോസറസ് വെള്ളത്തിലെ ആദ്യ ദിനോസറാണെങ്കിലും മുട്ടയിട്ടിരുന്നത് കരയിലായിരുന്നു. മാംസഭോജികളായ ദിനോസറുകൾ അക്കാലത്തു രണ്ടു കാലിലായിരുന്നു നടന്നിരുന്നത്. എന്നാൽ സ്പൈനസോറസ് നാലു കാലിലും. 2008ൽ തെക്കുകിഴക്കൻ മൊറോക്കോയിലെ കെം കെം നദിയിലാണ് ഈ ദിനോസറിന്റെ ഫോസിൽ ലഭിച്ചത്. ഇവയുടെ വാലിന്റെ ആകൃതിയിലുള്ള ഒരു വസ്തു നിർമിച്ച് അത് റോബട്ടിക് ബോട്ട് പോലുള്ള ഉപകരണത്തിൽ ഘടിപ്പിച്ച് പരീക്ഷിച്ചു നോക്കിയായിരുന്നു വെള്ളത്തിലെ വേഗതയെല്ലാം മനസ്സിലാക്കിയത്. ദിനോസറുകൾക്ക് കരയിലും വെള്ളത്തിലും ഒരുപോലെ കഴിയാനാകില്ലെന്ന വർഷങ്ങൾ പഴക്കമുള്ള സങ്കൽപമായിരുന്നു സ്പൈനസോറസിന്റെ വരവോടെ ഇല്ലാതായത്. .