തടാകം നിറയെ കറുത്ത പന്തുകൾ; കാരണം ഇതാണ്, Manorama Online

തടാകം നിറയെ കറുത്ത പന്തുകൾ; കാരണം ഇതാണ്

വി.ആർ.വിനയരാജ്

യുഎസിലെ ലൊസാഞ്ചലസിലെ പ്രധാന ജലസംഭരണിയുടെ ഉപരിതലം മുഴുവൻ ദൂരെനിന്നുനോക്കിയാൽ കറുത്തനിറത്തിൽ ഒരു പാട വിരിച്ചതുപോലെ തോന്നും. അടുത്തു ചെന്നു നോക്കിയാലോ..? അക്കാണുന്നതുമുഴുവൻ നാലിഞ്ചോളം വ്യാസമുള്ള കറുത്ത പന്തുകൾ ആണെന്നു മനസ്സിലാകും. എന്തിനാണ് കുടിവെള്ളത്തിന് ഉപയോഗിക്കുന്ന ജലസംഭരണിയുടെ ഉപരിതലം മുഴുവൻ ഇങ്ങനെ കറുത്തപന്തുകളാൽ നിറച്ചിരിക്കുന്നത്?


ബാഷ്പീകരണം കുറയ്ക്കാൻ
ലോകത്തു പല സ്ഥലത്തും ജലാശയങ്ങളുടെ മുകളിൽ ഇങ്ങനെ ഷേഡ് ബോൾസ് (Shade balls) എന്നു വിളിക്കുന്ന പ്ലാസ്റ്റിക് പന്തുകൾ ഇടാറുണ്ട്. പല ആവശ്യങ്ങൾക്കായാണ് ഇതു ചെയ്യുന്നത്. ബാഷ്പീകരണം കുറയ്ക്കാനും ജലാശയത്തിൽ പക്ഷികൾ വരാതിരിക്കാനുമാണ് ഇവ ഉപയോഗിക്കുന്നത്. ഖനനപ്രക്രിയകഴിഞ്ഞു പുറത്തേക്കൊഴുകുന്ന വിഷദ്രാവകങ്ങളിൽ പക്ഷികൾ വന്നിരിക്കാതിരിക്കാനായിട്ടാണ് ആദ്യമായി ഈ പരിപാടി വികസിപ്പിച്ചെടുത്തത്. അന്നതിനെ ബേഡ് ബോൾസ് (Bird balls) എന്നാണ് വിളിച്ചിരുന്നത്.

തടാകത്തിൽ അർബുദം
എന്നാൽ ലോസാഞ്ചലസിലെ തടാകത്തിൽ ഈ കറുത്തപന്തുകൾ നിക്ഷേപിച്ചിരിക്കുന്നതു മറ്റൊരുകാര്യത്തിനാണ്. 2007ൽ അവിടത്തെ ജലസംഭരണിയിൽ സാധാരണയിലും ഉയർന്നതോതിൽ, അർബുദ കാരണമാകുന്ന ബ്രോമൈറ്റ് കണ്ടെത്തി. അന്നു തടാകങ്ങളിലെ ജലം മുഴുവൻ ഒഴുക്കിക്കളയാൻ ദിവസങ്ങളെടുത്തു. എങ്ങനെ ഇതു സംഭവിച്ചു എന്നായി പിന്നീടുള്ള അന്വേഷണം. പ്രകൃതിയിൽത്തന്നെ കാണപ്പെടുന്ന ഒരു മൂലകമായ ബ്രോമിൻ, ജലസംഭരണിയിലെ ജലം ശുദ്ധീകരിക്കുന്നതിനുപയോഗിക്കുന്ന ക്ലോറിനുമായി ചേർന്നപ്പോഴാണ് ബ്രോമൈറ്റ് ഉണ്ടായതെന്നു കണ്ടെത്തി. ബ്രോമിനും ക്ലോറിനും തമ്മിലുള്ള രാസപ്രവർത്തനം നടക്കണമെങ്കി‍ൽ സൂര്യപ്രകാശം ആവശ്യമാണ്. തടാകത്തിൽ സൂര്യപ്രകാശം പതിക്കുന്നത് ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ കറുത്ത പന്തുകൾ ധാരാളമായി ജലാശയത്തിനുമുകളിൽ നിരത്തിയത്. ആയിരമോ ലക്ഷമോ ഒന്നുമല്ല, ഒൻപതര കോടി പന്തുകളാണ് തടാകത്തിനു മുകളിൽ ഇട്ടിരിക്കുന്നത്. ഒന്നിനോടൊന്നു മുട്ടിച്ചുവച്ചാൽ 9600 കിലോമീറ്റർ നീളം വരും ഇത്.

ഇങ്ങനെ കറുത്ത ബോളുകൾ ജലാശയത്തിനുമീതെ വിന്യസിച്ചതിനാൽ തടാകത്തിൽ നിന്നുമുള്ള ജലത്തിന്റെ ബാഷ്പീകരണവും നല്ലതോതിൽ കുറയുകയുണ്ടായി. ഉള്ളിലേക്ക് സൂര്യപ്രകാശം കടന്നുചെല്ലാത്തതിനാൽ ജലത്തിലെ ആൽഗകളുടെ വളർച്ചയും കുറഞ്ഞു. പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കിയ ഈ പന്തുകളുടെ ആയുസ് ഏതാണ്ട് പത്തുവർഷമാണ്.