തമോഗർത്തത്തിൽ നിന്ന് ഊർജം; അന്യഗ്രഹജീവികൾ മനുഷ്യനും മുൻപേ അത് കണ്ടെത്തിയോ?, Black hole, Energy extraction, Padhippura,Manorama Online

തമോഗർത്തത്തിൽ നിന്ന് ഊർജം; അന്യഗ്രഹജീവികൾ മനുഷ്യനും മുൻപേ അത് കണ്ടെത്തിയോ?

ചുമ്മാ റോഡിലൂടെ പാട്ടുംപാടി നടക്കുന്നതിനിടെ ‘ഭും’– എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലാകും മുൻപേ അന്തരീക്ഷത്തിലെ ഏതോ ഒരു അദൃശ്യശക്തി നമ്മെ വിഴുങ്ങിയിരിക്കുന്നു. ഭൂമിയിൽ ഇതു നടക്കുക സിനിമയിൽ മാത്രമായിരിക്കും. പക്ഷേ ബഹിരാകാശത്ത് അങ്ങനെയല്ല. ‘വഴിയിൽ’ പതിയിരിക്കുന്ന ഒരു ഭീകരനുണ്ട്. പേര് ബ്ലാക്ക് ഹോൾ അഥവാ തമോഗർത്തം. ഇതിനകത്തേക്കു വീണു കഴിഞ്ഞാൽ പ്രകാശത്തിനു പോലും പുറത്തുകടക്കാനാകില്ല. എന്നെങ്കിലുമൊരിക്കൽ ഭൂമിയെയും ഒരു തമോഗർത്തം വിഴുങ്ങുമെന്നാണു ഗവേഷകർ പറയുന്നത്.

എന്നാൽ തമോഗർത്തം ഭൂമിയെ നശിപ്പിക്കുന്നതല്ല, രക്ഷിക്കുന്ന കാര്യങ്ങളെപ്പറ്റി ആലോചിക്കാനാണു ഒരാൾ പറയുന്നത്. അതായത്, തമോഗർത്തത്തിൽ നിന്നുള്ള ‘ഊർജം’ ഉപയോഗിച്ച് ബഹിരാകാശത്ത് എത്ര ദൂരം വേണണെങ്കിലും സഞ്ചരിക്കാനുള്ള തന്ത്രം. ഇതിനൊരു പേരും ഇട്ടുകഴിഞ്ഞു കൊളംബിയ സർവകലാശാലയിലെ ജ്യോതിശാസ്ത്ര വിദഗ്ദൻ ഡേവിഡ് കിപ്പിങ്– ‘ഹാലോ ഡ്രൈവ്’. ഈ സാങ്കേതിക വിദ്യയിലൂടെ തമോഗർത്തത്തിലെ അപാരമായ ഊർജം ‘വലിച്ചെടുക്കാം’ എന്നാണ് അദ്ദേഹം പറയുന്നത്. നമുക്കു മുൻപേ അന്യഗ്രഹ ജീവികൾ ഈ രീതി പ്രയോഗിച്ച് ഇപ്പോഴും പ്രപഞ്ചത്തിൽ ചുറ്റിക്കറങ്ങുന്നുണ്ടാകുമെന്നും അദ്ദേഹം പറയുന്നു.
മനുഷ്യന്റെ പരിമിതമായ അറിവു വച്ചാണ് ഇപ്പോൾ പല നിഗമനങ്ങളിലും എത്തുന്നത്. എന്നാൽ ബഹിരാകാശത്തെ അസാധാരണ സാഹചര്യങ്ങളെല്ലാം മനസ്സിലാക്കി അവയെ ഉപയോഗപ്പെടുത്താന്‍ ശേഷിയുള്ള മറ്റു ജീവികൾ ഉണ്ടാകാമെന്ന കാര്യം പലരും മറക്കുന്നു. അവരുടെ ഭാഗത്തു നിന്നു ചിന്തിച്ചാൽ ഇത്തരം രീതികളെല്ലാം സാധാരണമായി തോന്നിയേക്കാമെന്നും എയർഎക്സ്ഐവി ജേണലിലെ പഠനത്തിൽ ഡേവിഡ് പറയുന്നു. തമോഗർത്തങ്ങളിൽ ബഹിരാകാശ ദ്രവ്യങ്ങളെ വിഴുങ്ങുന്ന ‘ഗ്രാവിറ്റേഷനൽ മിറേഴ്സ്’ എന്ന ഭാഗം ഉപയോഗപ്പെടുത്തി പേടകങ്ങളെ പറപ്പിക്കാനാകുമെന്നാണു പ്രധാന വാദം. മിറേഴ്സിലേക്കു വീഴുന്ന ഫോട്ടോണുകളെപ്പറ്റി പഠിച്ചാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. തമോഗർത്തത്തിലേക്കു വീണു തിരികെയെത്തുന്ന ഫോട്ടോണുകൾ കൂടുതൽ വേഗം കൈവരിക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്. ബൂമറാംഗ് ഫോട്ടോണുകൾ എന്നാണ് ഇവയുടെ പേര്. ഈ ഫോട്ടോണുകളുടെ ഊർജത്തെ ‘പിടികൂടുന്ന’തിനെപ്പറ്റിയാണ് ഡേവിഡ് വിശദമാക്കിയത്.

തമോഗർത്തത്തിൽ സഞ്ചരിക്കുന്നതിനേക്കാൾ 133 ശതമാനം അധികം വേഗതയോടെ ഇവ ഉപയോഗിച്ച് ബഹിരാകാശത്തു യാത്ര നടത്താമത്രേ! നേരിട്ട് തമോഗർത്തത്തിനു സമീപത്തേക്കു പോകാത്തതിനാൽ അവയ്ക്ക് അകത്തു പെട്ടുപോകുമെന്ന പേടിയും വേണ്ട. ബഹിരാകാശത്ത് ദൂരങ്ങൾ താണ്ടുന്നതിന് ഭൂമിയിലെ കണക്കു വച്ചു നോക്കിയാൽ ഇന്ധനം ഒരിക്കലും തികയില്ല. അത്രയും ഇന്ധനവുമായി ആകാശത്തേക്കു പോകാനുമാകില്ല. നിലവിൽ സൗരോർജമാണ് ബഹിരാകാശത്ത് ഉപയോഗപ്പെടുത്തുന്നത്. എന്നാൽ സൂര്യനിൽ നിന്ന് അകലുംതോറും ഈ ഊർജസ്രോതസ്സും ഇല്ലാതാകും. ഈ സാഹചര്യത്തിലാണ് തമോഗർത്തത്തിൽ നിന്നുള്ള ഊർജത്തെപ്പറ്റിയുള്ള തന്റെ വാദം ഡേവിഡ് മുന്നോട്ടു വയ്ക്കുന്നതും. പക്ഷേ പ്രായോഗികതലത്തിലേക്ക് ഇതെത്താൻ ഇനിയും കാലങ്ങളേറെയെടുക്കുമെന്നതാണു സത്യം.

Summary : Black hole, Energy extraction