ഇരയെ എറിഞ്ഞു പിടിക്കും, ശത്രുക്കളെ കൊത്തിത്തുരത്തും: ഇത് തേനീച്ച തീനി!
ഡോ.അബ്ദുല്ല പാലേരി
വലിയ വേലിത്തത്തയുടെ ഇഷ്ടഭക്ഷണമാണ് തേനീച്ച. അതുകൊണ്ടാണ് ഈ പക്ഷിയുടെ ഇംഗ്ലിഷ് പേര് തേനീച്ച തീനി(Blue-tailed Bee-eater) എന്നായത്. എന്നുവച്ച് തേനീച്ചകളെ മാത്രമേ ഇതു ഭക്ഷിക്കൂ എന്നൊന്നും ധരിക്കരുത്. തുമ്പികളെയും കടന്നലുകളെയും പുഴുക്കളെയും യഥേഷ്ടം ഭക്ഷിക്കും. കമ്പികളിലും വേലികളിലും മരക്കൊമ്പുകളിലും പ്രാണികളെ കാത്തിരിക്കും. പ്രാണികൾ കണ്ണിൽപെട്ടാൽ ഒറ്റപ്പറക്കലിന് അവയെ കൊക്കിലൊതുക്കി മുൻപ് ഇരുന്നിടത്തു തന്നെ വന്നിരിക്കും. ഇരയെ വായുവിൽ എറിഞ്ഞു പിടിച്ചു വിഴുങ്ങന്ന കാഴ്ച ആരിലും കൗതുകമുണർത്തും. ചിലപ്പോൾ തേനീച്ചക്കൂടുകളിൽ അതിക്രമിച്ചു കടന്നു തേനീച്ചകളെ പിടിച്ചു തിന്നാറുണ്ട്. അതിനാൽ ഈ പക്ഷിയെ തേനീച്ച കർഷകർക്ക് തീരെ ഇഷ്ടമില്ല.
സെപ്റ്റംബർ മുതൽ മേയ് വരെ കേരളത്തിൽ കാണാം. ചിലതു മേയ് കഴിഞ്ഞും ഇവിടെ തങ്ങാറുണ്ട്. കേരളത്തിൽ ചിലയിടങ്ങളിൽ ഇതു കൂട് കൂട്ടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജലാശയങ്ങളുടെ സമീപം കഴിയാനാണ് ഏറെ ഇഷ്ടം. പാടങ്ങളുടെയും പുഴകളുടെയും തണ്ണീർത്തടങ്ങളുടെയും സമീപത്തെ മരങ്ങളിലും ടെലിഫോൺ വയറുകളിലും വൈദ്യുത കമ്പികളിലും ഇതിനെ സാധാരണയായി കാണാം. കൂട്ടമായിട്ടാണ് സഞ്ചാരം.
മാർച്ചു മുതൽ ജൂൺ വരെയാണ് പ്രജനന കാലം. പാക്കിസ്ഥാനിലും ബംഗ്ലദേശിലും ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലകളിലുമാണ് ഇതു മുഖ്യമായും പ്രത്യുത്പാദനം നടത്തുന്നത്. ശിശിര കാലത്ത് ഇതു തെക്കേ ഇന്ത്യലേക്കും ശ്രീലങ്കയിലേക്കും ദേശാടനത്തിനു പോകും.
കൂട്ടമായിട്ടാണു കൂടുകൂട്ടുക. ചെങ്കുത്തായ മൺതിട്ടകളിലോ നിലത്തോ മാളമുണ്ടാക്കിയാണു കൂട് നിർമാണം. കൊക്കും കാലും ഉപയോഗിച്ചു മണ്ണു മാറ്റിയാണ് തുരങ്കം നിർമിക്കുന്നത്. മാളത്തിനു രണ്ടു മീറ്ററോളം നീളം കാണും. പെണ്ണാണ് കൂട് നിർമാണം തുടങ്ങുന്നത്. പൂവനും കൂടുണ്ടാക്കാൻ സഹായിക്കാറുണ്ട്. ഒരു കൂട്ടിൽ അഞ്ചോ ആറോ മുട്ടയിടും. മുട്ടയ്ക്ക് തൂവെള്ളനിറമാണ്. ആണും പെണ്ണും അടയിരിക്കാറുണ്ട്. മുട്ടകളെയും കുഞ്ഞുങ്ങളെയും ശത്രുക്കളിൽ നിന്ന് സംരക്ഷിക്കാൻ അച്ഛനമ്മമാർ ബദ്ധശ്രദ്ധരായിരിക്കും. ശത്രുക്കളെ പിന്തുടർന്നു കൊത്തിത്തുരത്തും. അച്ഛനും അമ്മയും കുഞ്ഞുങ്ങളെ തീറ്റിപ്പോറ്റും.
കാണാൻ അഴകുള്ള പക്ഷിയാണിത്. ദേഹത്തിനു മിക്കവാറും പച്ചനിറമാണ്. വാലിന്റെയും അരപ്പട്ടയുടെയും നീലനിറം ഇതിനെ മറ്റു വേലിത്തത്തകളിൽ നിന്നു തിരിച്ചറിയാൻ സഹായിക്കുന്നു. താടിക്കു മഞ്ഞയും തൊണ്ടയ്ക്കു തുരുമ്പിന്റെയും നിറമാണ്.
ഇന്ത്യയുടെ ചില ഭാഗങ്ങളിൽ ഒരുകാലത്ത് ആയിരക്കണക്കിനു കണ്ടിരുന്ന ഇവയുടെ എണ്ണം ഇപ്പോൾ വളരെ ചുരുങ്ങിയിട്ടുണ്ട്.
വലിയ വേലിത്തത്ത
ഇംഗ്ലിഷ്‌പേര് : Blue-tailed Bee-eater
ശാസ്ത്രനാമം : Merops philippinus
കുടുംബം: Meropidae