ശത്രുവിനു നേരെ വെടിയുതിർക്കും, ഉള്ളിൽ വെടിമരുന്ന് ഫാക്ടറിയുള്ള ഈ പീരങ്കി വണ്ടുകള്‍!
വിജയകുമാർ ബ്ലാത്തൂർ
‘ഒരുവെടിക്കുള്ള മരുന്ന്’ കയ്യിലുണ്ട് എന്ന് തന്ത്രശാലികളായ ചിലരെ വിശേഷിപ്പിക്കാൻ നമ്മുടെ നാട്ടിൽ ഒരു പദ പ്രയോഗം ഉണ്ടല്ലോ. തുരുതുരാ വെടിവയ്ക്കാനുള്ള മരുന്നും ശരീരത്തിൽ സൂക്ഷിച്ച് നടക്കുന്ന ചില നിലവണ്ടുകളുണ്ട്. കരാബിഡെ വിഭാഗത്തിൽ പെട്ട കുഞ്ഞുവണ്ടുകളുടെ ഈ പ്രത്യേകത കാരണം ഇവയ്ക്കു ബൊംബാർഡിയർ ബീറ്റിലുകൾ (Bombardier beetle) എന്നാണു പേരിട്ടിരിക്കുന്നത്. അന്റാർട്ടിക്കിൽ ഒഴികെ ഭൂമിയിലെ കാടും മേടും ഉള്ള കരപ്രദേശങ്ങളിൽ പലയിടങ്ങളിലും ഇവരെ കാണാം. അഞ്ഞൂറിലേറെ സ്പീഷിസ് പീരങ്കി വണ്ടുകളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരപിടിയന്മാരിൽ നിന്നു പെട്ടന്നു പറന്നുപൊങ്ങി രക്ഷപ്പെടാൻ പറ്റാത്തവയാണ് ഇവർ. ആരെങ്കിലും ആക്രമിക്കാൻ വന്നാൽ, പേടി കുടുങ്ങിയാലുടൻ രക്ഷപ്പെടാനായി ഉപയോഗിക്കുന്ന തന്ത്രമാണ് പീരങ്കി വെടി.
പിൻകാലുകളുടെ ഇടയിൽ വയറിനു` താഴെയുള്ള കുഞ്ഞു കുഴലിലൂടെ ദിശതെറ്റാതെ വെടിയുതിർക്കും. വെടിക്കു തീയില്ല എന്നു മാത്രം. പൊട്ടൽ ശബ്ദവും, നീരാവിപ്പുകയുടെ അകമ്പടിയും ഒക്കെ ഉണ്ടാവും. രൂക്ഷഗന്ധമുള്ള വിഷപദാർത്ഥം, ഉന്നം തെറ്റാതെ ശത്രുവിന് നേരെ ചീറ്റാൻ ഇതിനു കഴിയും. ആഫ്രിക്കയിൽ കാണുന്ന ചില വണ്ടുകൾക്ക് 270 ഡിഗ്രി അളവിൽ ചുറ്റുപാടും വെടിവെയ്ക്കാനാവും. ‘ടപ്പേ’ എന്ന ചെറു ശബ്ദത്തോടെ ചൂടുള്ള രാസദ്രാവകങ്ങൾ പുറത്തേക്കു ശക്തമായി തെറിക്കും. കൂടാതെ നീരാവിപ്പുകയും ഉണ്ടാവും. ഇതു ദേഹത്തു വീണാൽ ശത്രുക്കൾ ജീവനും കൊണ്ട് ഓടും. ചിലപ്പോൾ ചിലന്തികളും വമ്പൻ ഉറുമ്പുകളും ചാവുകയും ചെയ്യും.
ഉള്ളിലുണ്ട് വെടിമരുന്ന് ഫാക്ടറി
ഒരു വെടിമരുന്നു ഫാക്ടറി ശരീരത്തിൽ കൊണ്ടുനടന്നാണ് ഈ പീരങ്കിപ്രയോഗം സാധ്യമാക്കുന്നത്. ശത്രുഭയം വന്നാലുടൻ, ശരീരത്തിലെ ഇരുഭാഗത്തുമായി രണ്ട് അറകളിൽ വെവ്വേറെ പ്രത്യേകം സൂക്ഷിച്ചിരിക്കുന്ന ഹൈഡ്രജൻ പെറോക്സൈഡ്, ഹൈഡ്രോക്യുനോൺ എന്നിവ മൂന്നാമതൊരു അറയിൽ എത്തും. ഹൈഡ്രജൻ പെറോക്സൈഡ് ആ അറയിലെ കാറ്റലേസസ് എൻസൈം പാളിയുടെ സഹായത്തോടെ ജലവും ഓക്സിജനും ആയി വിഘടിക്കും. അറയിലെ തന്നെ പെറോക്സിഡേസ് എൻസൈമുകൾ, ഹൈഡ്രോക്യുനോണിനെ ഓക്സിഡേഷൻ വഴി p- ക്യുനോൺ ആക്കിമാറ്റും. ഇങ്ങനെയാണ് ഇതിന്റെ കെമിസ്ട്രി.
ഇതൊരു താപമോചക (exothermic) പ്രവർത്തനമായതിനാൽ പുറത്തേക്ക് വിടുന്ന ചൂട് ചേംബറിലെ ജലാംശത്തെ നൂറ് ഡിഗ്രി ചൂടിലേക്ക് എത്തിക്കുകയും തിളപ്പിക്കുകയും ചെയ്യും. ഇങ്ങനെ ഉണ്ടാകുന്ന നീരാവി അറയിലെ മർദ്ദം പെട്ടന്ന് വർധിപ്പിക്കും. ശരീരത്തിലെ ഉള്ളറകളിലെക്കുള്ള വൺവേ വാൽവുകൾ അടയുകയും തിളച്ച രാസസംയുക്തങ്ങൾ തിരികെ ഉള്ളിലേക്ക് കയറി വണ്ടിന്റെ ആന്തരിക അവയവങ്ങളെ കേടുവരുത്താതെ സംരക്ഷിക്കുകയും ചെയ്യുന്നു. മർദം കൂടി ഔട്‌ലെറ്റ് വാൽവ് തുറന്നു വെടിശബ്ദത്തോടെ പെട്ടന്നു പുറത്തേക്കു ശക്തിയിൽ ചീറ്റുന്നു. ഈ പ്രവർത്തനങ്ങളെല്ലാം കൂടി നടക്കാൻ സെക്കൻഡിന്റെ ചെറിയൊരു അംശം സമയം മാത്രമേ ആവശ്യമുള്ളു താനും. പുറത്തേക്കുചീറ്റുന്ന ദ്രാവകത്തിൽ അടങ്ങിയ 1- 4 ബെൻസോക്യുനൊൺ ചെറിയ ശത്രുക്കളെ കൊല്ലാൻ പറ്റുന്നത്ര ശക്തമാണ്. 20 തവണ വരെ തുടരെ തുടരെ ‘വെടി’ പൊട്ടിക്കാൻ ആവശ്യമുള്ളത്ര രാസവസ്തുക്കൾ ഉള്ളിലെ രണ്ട് അറകളിലും സംഭരിച്ചു വയ്ക്കാൻ ഇവയ്ക്കു കഴിയും.
മാംസഭോജികളാണ് ഈ വണ്ടുകൾ. ഇവയുടെ ലാർവകളും നല്ല ഇരപിടിയന്മാർ തന്നെ. രാത്രിയാണ് ഇരതേടൽ.
അത്ഭുതകരമായ ഈ അതിജീവന തന്ത്രത്തെ മുൻ നിർത്തി ചിലർ ഇത് ഇന്റലിജന്റ് ഡിസൈനിന് ഉദാഹരണമാണെന്ന് പറയാറുണ്ടെങ്കിലും പരിണാമ വഴിയിൽ ഈ വണ്ടുകളിൽ സ്വരക്ഷയ്ക്കായി ഈ സങ്കീർണ സംവിധാനങ്ങൾ ഉരുത്തിരിഞ്ഞ് വന്നത് എങ്ങനെയാണെന്ന് വ്യക്തമായി വിശദീകരിക്കാൻ ശാസ്ത്രത്തിന് സാധിച്ചിട്ടുണ്ട്.