കാർഡ് ബോർഡ് പെട്ടിയുണ്ടോ? ഗ്രഹണം കാണാൻ ബോക്സ് പ്രൊജക്ടർ സ്വയം ഉണ്ടാക്കാം
ഗ്രഹണസമയത്തു സൂര്യനെ നേരിട്ടു നോക്കുന്നത് കണ്ണിനു ദോഷകരമാണെന്നു കൂട്ടുകാർക്കറിയാമല്ലോ.. അപ്പോൾ ഡിസംബർ 26ലെ വലയ സൂര്യഗ്രഹണം എങ്ങനെ കാണും? അതിനായി നമുക്കൊരു ബോക്സ് പ്രൊജക്ടർ ഉണ്ടാക്കിയാലോ?
ആവശ്യമുള്ള വസ്തുക്കൾ
∙ വലുപ്പമുള്ള കാർഡ് ബോർഡ് പെട്ടി
∙അലുമിനിയം ഫോയിൽ (ഭക്ഷണസാധനങ്ങൾ പൊതിയാനുപയോഗിക്കുന്ന അലുമിനിയം കോട്ടിങ് ഉള്ള കടലാസ്)
∙സൂചി
∙വെള്ളക്കടലാസ്
∙കത്രിക
എങ്ങനെ നിർമിക്കാം?
1.പെട്ടിയുടെ ഒരു വശത്ത് മുകൾഭാഗത്തായി ചതുരാകൃതിയിൽ ഒരു ദ്വാരമിടുക
2.ഈ ദ്വാരം അലുമിനിയം ഫോയിൽ ഉപയോഗിച്ച് അടച്ച് ഒട്ടിക്കണം
3.ഈ വശത്തിന്റെ എതിർ വശത്ത് വെള്ളക്കടലാസ് ഒട്ടിക്കലാണ് ഇനിയുള്ള പണി. ഇതാണ് നമ്മുടെ സ്ക്രീൻ
4.ഇനി ഫോയിലിന്റെ നടുവിൽ സൂചി ഉപയോഗിച്ച് ഒരു കൊച്ചു ദ്വാരമിടണം. സൂര്യപ്രകാശം സ്ക്രീനിൽ പതിപ്പിക്കാനുള്ള ദ്വാരമാണ് ഇത്.
5.പെട്ടിയുടെ അടിവശത്ത് നമ്മുടെ തല അകത്തേക്കിടാൻ പാകത്തിൽ ഒരു ദ്വാരം നിർമിക്കണം
ചില കാര്യങ്ങൾ കൂടി ഓർക്കാം. കാർഡ്ബോർഡ് പെട്ടിയിൽ മറ്റു ദ്വാരങ്ങൾ ഉണ്ടെങ്കിൽ അത് കറുത്ത ടേപ്പ് ഉപയോഗിച്ചോ കട്ടിയുള്ള കടലാസ് ഉപയോഗിച്ചോ മറയ്ക്കണം.
എങ്ങനെ നിരീക്ഷിക്കാം?
∙സൂര്യന് എതിർവശത്തേക്കു തിരിഞ്ഞിരിക്കണം (അലുമിനിയം ഫോയിലിലൂടെ സൂര്യപ്രകാശം പെട്ടിയുടെ അകത്തേക്കു കയറുന്ന രീതിയിൽ)
∙തല പെട്ടിയുടെ അകത്തേക്കു സ്ക്രീനിലേക്കു നോക്കുക. (ഒരിക്കലും അലുമിനിയം ഫോയിൽ ഒട്ടിച്ച വശത്തേക്കു നോക്കരുത്)
സൂര്യന്റെ പ്രതിബിംബം ചെറുതായി സ്ക്രീനിൽ കാണാം. സൂര്യനെ നേരിട്ടു നോക്കാതെ സ്ക്രീനിൽ ഗ്രഹണം കാണാവുന്ന ഒരു രീതിയാണ് ഇത്.