'ബർഗർ കിങ്ങി'ന്റെ സംഭവബഹുലമായ ആ വിജയഗാഥ!, Burger king, Success Story Padhippura, Manorama Online

'ബർഗർ കിങ്ങി'ന്റെ സംഭവബഹുലമായ ആ വിജയഗാഥ!

യു ശിവപ്രസാദ്

അമേരിക്കയിലെ മക് ഡൊണാൾഡ്സ് എന്ന വമ്പൻ റസ്റ്റോറന്റിലെത്തിയതായിരുന്നു കെയ്ത്ത് ക്രമാർ. ബന്ധുവായ മാത്യു ബേൺസും കൂടെയുണ്ട്.

“നമുക്കും ഇതുപോലെ നല്ല ഒരു ഹോട്ടൽ തുടങ്ങിക്കൂടേ.” കെയ്ത്ത് ചോദിച്ചു. കൂടെ വന്നയാൾക്ക് പൂർണസമ്മതം!

ഏറെ അന്വേഷണങ്ങൾക്കു ശേഷം അവർ ഒരു പ്രത്യേകതരം ഗ്രില്ലർ വാങ്ങി. ഇൻസ്റ്റാ ബ്രോയ്‌ലർ എന്ന ഈ അവ്നിൽ മികച്ച രീതിയിൽ ബർഗറുകളും മറ്റും പാചകം ചെയ്യാൻ കഴിയുമായിരുന്നു.

വൈകാതെ കെയ്ത്ത് ക്രാമറും മാത്യു ബേൺസും അതുവരെയുള്ള സമ്പാദ്യം ചെലവഴിച്ച് 1953ൽ ഒരു ഹോട്ടൽ തുടങ്ങി; ‘ഇൻസ്റ്റാ ബർഗർ കിങ്’.

പതുക്കെപ്പതുക്കെ ആളുകൾ ഇൻസ്റ്റാ ബർഗർ കിങ്ങിലെ വേറിട്ട രുചി ആസ്വദിക്കാന്‍ തുടങ്ങി. കേട്ടറിഞ്ഞ് നിരവധി പേർ ഹോട്ടൽ തേടി എത്തിത്തുടങ്ങി. കച്ചവടം പൊടിപൊടിച്ചു. പല സ്ഥലങ്ങളിലും ശാഖകൾ തുറന്നു. ശാഖകൾ നടത്തുന്നവർക്ക് ഇൻസ്റ്റാ ബ്രോയ്‌ലർ കെയ്ത്ത് ക്രാമർ നൽകും. ഇൻസ്റ്റാ ബർഗർ കിങ്ങ് എന്ന പേരിൽ അവർ കച്ചവടവും നടത്തും.

നല്ല കാലം അധികം നീണ്ടുനിന്നില്ല. കെയ്ത്ത് ക്രാമറും മാത്യു ബേൺസും സാമ്പത്തിക പ്രതിസന്ധിയിലായി.

ഇൻസ്റ്റാ ബർഗർ കിങ്ങിന്റെ ഫ്ലോറിഡ ശാഖ നടത്തിയിരുന്ന ജെയിംസ് മക്‌ലമോർ ഡേവിഡ് എഡ്ഗർടെൺ എന്നിവർ ‘ഇൻസ്റ്റാ ബർഗർ കിങ്ങ്’ വാങ്ങാൻ തയ്യാറായി. അങ്ങനെ ജെയിംസ് മക്‌ലമോറിന്റെയും ഡേവിഡ് എഡ്ഗർടെണിന്റെയും നേതൃത്വത്തിൽ ഇൻസ്റ്റാ ബർഗർ കിങ്ങിന്റെ രണ്ടാം അധ്യായം തുടങ്ങി. അവർ ആദ്യം ചെയ്തത് ഇൻസ്റ്റാ ബർഗർ കിങ് എന്ന പേരു മാറ്റുകയായിരുന്നു. പകരം ഓർത്തെടുക്കാനും വിളിക്കാനും എളുപ്പമുള്ള തരത്തിൽ ‘ബർഗർ കിങ്’ എന്ന സുന്ദരൻ പേരിട്ടു.

കമ്പനിയുടെ എല്ലാ വിഭാഗത്തിലും അവർ അഴിച്ചുപണി നടത്തി. ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന അവ്ൻ കൊണ്ട് കൂടുതൽ നന്നായി പാചകം ചെയ്തു. ബർഗറുകളും മറ്റും പെട്ടെന്നു തന്നെ ഹിറ്റായി. ആളുകൾ ബർഗർ കിങ് തേടിപ്പിടിച്ചു വരാൻ തുടങ്ങി. അമേരിക്കയിൽ ബർഗർ കിങ്ങിന്റെ ഇരുന്നൂറ്റമ്പതിൽ അധികം ശാഖകൾ തുടങ്ങി.

വർഷങ്ങൾക്കു ശേഷം പിൽസ്ബറി എന്ന കമ്പനി ബർഗർ കിങ് വിലയ്ക്കു വാങ്ങി. പിൽസ്ബറി ഒരു സൂത്രവിദ്യ ചെയ്തു. അന്നത്തെ വമ്പന്മാരായ മക് ഡൊണാൾഡ്സ് കമ്പനിയുടെ എക്സിക്യുട്ടീവ് ഡൊണാൾഡ് എം സ്മിത്തിനെ വലിയ പ്രതിഫലം കൊടുത്ത് ബർഗര്‍ കിങ്ങിൽ നിയമിച്ചു.

പിന്നീട് ഡൊണാൾഡിന്റെ നേതൃത്വത്തിൽ പുതിയ മാറ്റങ്ങൾ കമ്പനിയിൽ വരുത്തി. മെനു കാർഡിലെ ചിത്രങ്ങളിൽ മുതൽ കമ്പനിയുടെ ഭരണപരമായ തീരുമാനങ്ങളിൽ വരെ ഡൊണാൾഡ് മാറ്റങ്ങൾ കൊണ്ടുവന്നു. മക് ഡൊണാൾഡ്സിനൊപ്പം തന്നെ ബർഗർ കിങ്ങും വളർന്നു.

വർഷങ്ങൾക്കു ശേഷം ബ്രിട്ടിഷ് കമ്പനിയായ ഗ്രാൻഡ് മെട്രോപൊളിറ്റന്‍ ബർഗർ കിങ്ങിനെ ഏറ്റെടുത്തു. കുറേ വർഷം നടത്തിയ ശേഷം അവരും ബർഗർ കിങ് വിൽപനയ്ക്ക് വച്ചു. ടിപിജി കാപ്പിറ്റൽ എന്ന കമ്പനിയാണ് പിന്നീട് ബർഗർ കിങ് സ്വന്തമാക്കിയത്. അവർ കമ്പനിയുടെ ഓഹരികൾ പൊതുജനങ്ങൾക്ക് വാങ്ങാനുള്ള സൗകര്യമൊരുക്കി. ഇത് വൻവിജയമായിരുന്നു.

ബർഗർ കിങ് വാങ്ങിയ ഓരോ ഉടമയും കമ്പനിയിൽ നിരവധി പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കി. ഇങ്ങനെ നിരവധി പേരുടെ പ്രതിഭയും കഠിനാധ്വാനവും ചേർന്നതോടെ ബർഗർ കിങ്ങിന്റെ പ്രശസ്തി കുതിച്ചുയർന്നു.

ബർഗറുകൾക്ക് പുറമേ സോഡ, പലതരം ഷേക്കുകൾ, വിവിധയിനം സാലഡുകൾ തുടങ്ങിയവയെല്ലാം ബർഗർ കിങ് വിതരണം ചെയ്തു. ഗുണമേന്മയും രുചിയും കഴിക്കാനെത്തുന്നവരെ വീണ്ടും വീണ്ടും ബർഗർ കിങ് തേടിച്ചെല്ലാൻ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.

ഇന്ന് ഫാസ്റ്റ് ഫുഡ് കമ്പനികളിൽ ഒന്നാം സ്ഥാനത്താണ് ബർഗർ കിങ്.

നൂറിലധികം രാജ്യങ്ങളിൽ പതിനാലായിരത്തിലധികം ബർഗർ കിങ് ശാഖകൾ പ്രവർത്തിക്കുന്നുണ്ട്. മടിച്ചുനിൽക്കാതെ കാലത്തിനനുസരിച്ച് മാറിയതാണ് ബർഗർ കിങ്ങിന്റെ വിജയരഹസ്യം.

രുചിയേറും ചോപ്പർ
ബർഗർ കിങ്ങിന്റെ പ്രശസ്തമായ വിഭവമാണ് ചോപ്പർ. പച്ചക്കറികളും പാകം ചെയ്ത മാംസവുമൊക്കെ ചേർത്ത് തയ്യാറാക്കുന്ന സാങ് വിച്ച് ആണിത്. ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളതും ചോപ്പറിനാണ്.

ബർഗർ കിങ് ലോഗോ
രണ്ടു ബണ്ണുകൾക്കിടയിൽ ബർഗർ കിങ് എന്ന എഴുത്ത് ആണ് ബർഗർ കിങ്ങിന്റെ ഇന്നത്തെ ലോഗോ. ആദ്യകാലത്ത് കിരീടം ധരിച്ചിരിക്കുന്ന ഒരു രാജാവായിരുന്നു ലോഗോ.

ബർഗർ കിങ് ക്രൗൺ കാർഡ്
ബർഗർ കിങ് ലോകപ്രശസ്ത വ്യക്തികൾക്ക് ‘ക്രൗൺ കാർഡ്’ നൽകും. ലോകമെങ്ങുമുള്ള ബർഗർ കിങ് ശാഖകളിൽ ഈ കാർഡ് കാണിച്ചാൽ ഭക്ഷണം സൗജന്യമാണ്.

കൂടുതൽ അറിയാൻ