ആർട്ടിസ്റ്റുകള്‍ക്ക് മഷിക്കുപ്പി നിറച്ച ആ പയ്യൻ !
ആർട്ടിസ്റ്റുകളുടെ മഷിക്കുപ്പി നിറച്ചുകൊടുക്കുക, അവർക്കു വിശക്കുമ്പോൾ ഭക്ഷണം വാങ്ങിവരിക, പെൻസിൽ വരകൾ ശ്രദ്ധയോടെ മായ്ച്ചുകളഞ്ഞ് കോമിക് പേജ് വൃത്തിയാക്കുക എന്നിങ്ങനെ പലവിധ പണികളുമായി കഴിഞ്ഞിരുന്ന പതിനേഴുകാരൻ പയ്യൻ. കോമിക്സ് എഡിറ്ററോട് ഒരു ദിവസം അവൻ പറഞ്ഞു: എനിക്ക് കഥയെഴുതണമെന്നുണ്ട്.
ഉള്ളുതുറന്നതു വെറുതെയായില്ല. ക്യാപ്റ്റൻ അമേരിക്ക കോമിക്സ് മൂന്നാം നമ്പർ ലക്കത്തിലെ കഥ ആ ചെറുപ്പക്കാരന്റേതായിരുന്നു. കഥയുടെ പേര് ‘ക്യാപ്റ്റൻ അമേരിക്ക ഫോയ്ൽസ് ദ് ട്രെയ്റ്റേഴ്സ് റിവഞ്ച്’. കഥാകാരന്റെ പേര് സ്റ്റാൻ ലീ.
കോമിക് ബുക്ക് ലോകത്തെ ഇതിഹാസത്തിന്റെ പിറവിയായിരുന്നു അത്. നിറമുള്ള കണ്ണടയിലൂടെ കണ്ണിറുക്കി ചിരിച്ച്, ലോകത്തെ ആവേശം കൊള്ളിച്ച സൂപ്പർഹീറോ കഥകളെഴുതിക്കൊണ്ടേയിരുന്ന സൂപ്പർ ഭാവനാശാലി.
റുമാനിയയിൽ നിന്നു യുഎസിലേക്കു കുടിയേറിയ ദരിദ്രജൂതകുടുംബത്തിൽ 1922 ഡിസംബർ 28നായിരുന്നു സ്റ്റാൻലി മാർട്ടിൻ ലീബറിന്റെ ജനനം. മൻഹാറ്റനിൽ തീർത്തും ലളിതമായ ബാല്യവും കൗമാരവും. വായനയ്ക്കും സിനിമകാണലിനും മാത്രം ഒരു കുറവുമുണ്ടായില്ല. സിനിമ കാണാൻ പണം വേണമെന്നതുകൊണ്ട് മാസത്തിൽ ഒരെണ്ണത്തിലൊതുക്കി, പക്ഷേ വായനയ്ക്ക് അത്തരം തടസ്സങ്ങളില്ലല്ലോ. ഒഡീസിയും റോബിൻ ഹുഡും ഷെർലക് ഹോംസും പോലെയുള്ള ധാരാളം പുസ്തകങ്ങൾ വായിച്ചു. കഥാപാത്രങ്ങളെ ആരാധിച്ചു. സ്വന്തമായി കഥകളെഴുതാനുള്ള പ്രചോദനമായിരുന്നു ഇതെല്ലാം.
ടൈംലി കോമിക്സ് എന്ന പ്രസിദ്ധീകരണസ്ഥാപനത്തിലെ സഹായിയായി പതിനേഴാം വയസ്സിൽ ജോലികിട്ടിയത് അടുത്തബന്ധു റോബി സോളമന്റെ ശുപാർശപ്രകാരം. . 1941ൽ അന്നത്തെ എഡിറ്റർ പിണങ്ങിപ്പോയപ്പോൾ പബ്ലിഷർ മാർട്ടിൻ ഗുഡ്മാൻ ഇടക്കാല എഡിറ്ററായി നിയമിച്ചത് ലീയെ. ഡിസി കോമിക്സായിരുന്നു ടൈംലിയുടെ എതിരാളി. ഡിസിയുടെ മേൽക്കോയ്മ തകർക്കാനായി പുതിയൊരു സംഘം സൂപ്പർഹീറോകളെ സൃഷ്ടിക്കാൻ ലീക്കു നിർദേശം കിട്ടി. ആർട്ടിസ്റ്റ് ജാക്ക് കേർബിയുമായി ചേർന്ന് ഫന്റാസ്റ്റിക് ഫോർ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് അങ്ങനെയാണ്. ലീ കഥ പറയും. കേർബി വരയ്ക്കും. പിന്നെ ലീ തന്നെ സംഭാഷണവും അടിക്കുറിപ്പും എഴുതിച്ചേർക്കും. ഇതായിരുന്നു രീതി. ഡേർഡെവിൾ, ഡോക്ടർ സ്ട്രേഞ്ച്, സ്പൈഡർമാൻ,അയൺമാൻ, ഹൾക്ക്, തോർ, ബ്ലാക്ക് പാന്തർ, എക്സ് മെൻ തുടങ്ങി ലീ സൃഷ്ടിച്ച കഥാപാത്രങ്ങളേറെ. ടൈംലി കോമിക്സ് പിന്നെ അറ്റ്‌ലസായി; ഒടുവിൽ മാർവൽ കോമിക്സും. സ്റ്റാൻ ലീ സൃഷ്ടിച്ച സൂപ്പർഹീറോകളുടെ മികവിൽ മാർവൽ മുന്നേറി. 1972ൽ മാർവൽ വിട്ടെങ്കിലും ചെയർമാൻ ഇമെരിറ്റസായി തുടർന്നു. പോ! (POW!) എന്റർടെയ്ൻമെന്റ് എന്ന മൾട്ടിമീഡിയ കമ്പനി തുടങ്ങി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായും പ്രവർത്തിച്ചു.
നടി ജോൻ ലീ ആയിരുന്നു ഭാര്യ. അവർ 2017 ൽ മരിച്ചു. മകൾ ജെസി. മറ്റൊരു മകൾ ജാൻ കുട്ടിയായിരുന്നപ്പോൾ മരിച്ചു. സ്റ്റാൻ ലീയുടെ സഹോദരൻ ലാറി ലീബർ മാർവൽ കോമിക്സിൽ വരയ്ക്കുന്നുണ്ട്.
പാലങ്ങൾ പണിതും ഡോക്ടർമാരായും പലരും വലിയ കാര്യങ്ങൾ ചെയ്യുന്നു. ഞാനാണെങ്കിൽ വെറുമൊരു കോമിക് ബുക്ക് കഥാകാരൻ. ഇങ്ങനെ ചിന്തിച്ച് അൽപം വിഷമം തോന്നിയിരുന്ന കാലമുണ്ടായിരുന്നു. പക്ഷേ, പിന്നീടാണ് എനിക്ക് ബോധ്യപ്പെട്ടത്. ‘എന്റർടെയ്ൻമെന്റ്’ വിഭവമൊരുക്കുകയെന്നാൽ ചില്ലറക്കാര്യമൊന്നുമല്ല. ആളുകളുടെ ജീവിതത്തിൽ വലിയ പ്രാധാന്യമുള്ള സംഗതിയാണത്. വിനോദമില്ലെങ്കിൽ ജീവിതം നിരാശയുടെ പടുകുഴിയിലേക്ക് വീണുപോകാൻ എന്തെളുപ്പം.
ഇന്ത്യയുടെ സ്വന്തം ചക്ര
ഇന്ത്യയ്ക്കു സ്വന്തമായി സൂപ്പർഹീറോയെ സൃഷ്ടിക്കാനും സ്റ്റാൻ ലീയെത്തി. ബെംഗളൂരു ആസ്ഥാനമായുള്ള ഗ്രാഫിക് ഇന്ത്യ ആനിമേഷൻ കമ്പനിയുമായി ചേർന്ന് അദ്ദേഹം സൃഷ്ടിച്ച സൂപ്പർഹീറോയുടെ പേര് ചക്ര. മുംബൈയിൽ ജീവിക്കുന്ന രാജു റായ് എന്ന കൗമാരക്കാരൻ സൂപ്പർവില്ലന്മാരിൽനിന്ന് നഗരത്തെ രക്ഷിക്കുന്ന കഥയാണിത്.