ജയിംസ് കുക്കിന്റെ എൻഡവർ; കടലിന്റെ ആഴങ്ങളിൽ അവർ കണ്ടെത്തിയോ ആ കപ്പൽ?
കൂട്ടുകാർ അമേരിക്കൻ സ്വാതന്ത്ര്യസമരത്തെക്കുറിച്ച് പഠിച്ചു തുടങ്ങിയോ? അമേരിക്കൻ റെവല്യൂഷനറി വാർ എന്നും പേരുള്ള ഈ യുദ്ധം നടന്നത് 18–ാം നൂറ്റാണ്ടിലായിരുന്നു. ഗ്രേറ്റ് ബ്രിട്ടന് കീഴിലുള്ള 13 കോളനികൾ 1776ൽ സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയായതിനു പിന്നാലെയായിരുന്നു യുദ്ധം. 1778ൽ 13 കോളനികളും ഫ്രാൻസും ചേർന്നു സൈനിക സഖ്യം രൂപീകരിച്ചു. ഗ്രേറ്റ് ബ്രിട്ടനുമായി യുദ്ധവും തുടങ്ങി. 1778 ഓഗസ്റ്റ് 29നാണ് ബാറ്റിൽ ഓഫ് റോഡ് ഐലന്റ് എന്ന പേരിൽ പ്രശസ്തമായ യുദ്ധം നടക്കുന്നത്.
റോഡ് ഐലന്റ് തീരത്തു നടന്ന കനത്ത പോരാട്ടത്തിൽ ഒട്ടേറെ കപ്പലുകൾ കടലിന്റെ ആഴങ്ങളിൽ മറയുകയും ചെയ്തു. ദ്വീപിലെ ന്യൂപോർട്ട് ഹാർബറിൽ മാത്രം ഏകദേശം 13 കപ്പലുകളാണ് മുങ്ങിത്താഴ്ന്നത്. അതിലൊന്നായിരുന്നു എച്ച്എംഎസ് എൻഡെവർ. പ്രശസ്തനായ ഒരു പര്യവേക്ഷകന്റെ പേരുമായി ബന്ധപ്പെട്ടാണ് എച്ച്എംഎസ് എൻഡെവർ അറിയപ്പെടുന്നത്–ക്യാപ്റ്റൻ ജയിംസ് കുക്ക്. ഓസ്ട്രേലിയയുടെ കിഴക്കൻ തീരങ്ങളിൽ ആദ്യമായെത്തിയ യൂറോപ്യനാണ് അദ്ദേഹം. 1755ൽ ജയിംസ് കുക്ക് ബ്രിട്ടിഷ് റോയൽ നേവിയിൽ അംഗമായി. ക്യാപ്റ്റൻ പദവി വരെയെത്തിയിരുന്നു അദ്ദേഹം. അതിനിടയ്ക്കാണ് യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്.
മാരകയുദ്ധത്തിൽ അദ്ദേഹത്തിന്റെ എച്ച്എംഎസ് എൻഡവർ നഷ്ടപ്പെടുകയും ചെയ്തു. യുദ്ധം കഴിഞ്ഞ് തൊട്ടടുത്ത വർഷം , 1779ൽ, അദ്ദേഹം മരിക്കുകയും ചെയ്തു. 200 വർഷങ്ങൾക്കു ശേഷം റോഡ് ഐലന്റിൽ ഗവേഷണം നടത്തിയ മറൈൻ ആർക്കിയോളജിസ്റ്റുകൾ അമ്പരപ്പിക്കുന്ന ഒരു കണ്ടെത്തൽ നടത്തിയിരിക്കുകയാണ്. ന്യൂപോർട്ട് ഹാർബറിന്റെ ആഴങ്ങളിൽ നിന്നു കണ്ടെത്തിയ കപ്പൽ അവശിഷ്ടങ്ങളിലൊന്ന് എൻഡെവറിന്റേതാണെന്ന് ഏകദേശം ഉറപ്പിച്ച മട്ടിലാണു ഗവേഷകർ. എച്ച്എംഎസ് എൻഡെവർ എന്ന പേരു മാറ്റി ലോഡ് സാൻവിച്ച് എന്നായിരുന്നു കപ്പൽ യുദ്ധകാലത്ത് അറിയപ്പെട്ടിരുന്നത്. തുടക്കകാലത്ത് അത് കൽക്കരി കടത്താൻ വേണ്ടിയായിരുന്നു ഉപയോഗിച്ചിരുന്നത്. തുടർന്ന് ജയിംസ് കുക്കിന്റെ സമുദ്രയാത്രയ്ക്കു വേണ്ടി പരുവപ്പെടുത്തിയെടുക്കുകയായിരുന്നു.
യുദ്ധകാലത്താകട്ടെ ബ്രിട്ടിഷ് സൈനികരെ വിവിധയിടങ്ങളിലേക്ക് എത്തിക്കാനായിരുന്നു കപ്പല്‍ ഉപയോഗിച്ചിരുന്നത്. യുദ്ധത്തടവുകാരെ കൊണ്ടു പോകാനും ഉപയോഗിച്ചു. ഇത്തരത്തിൽ ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളതിനാൽ തന്നെ ജയിംസ് കുക്കിന്റെ കപ്പൽ തേടി വർഷങ്ങളായി ഗവേഷണവും നടക്കുന്നുണ്ട്. റോഡ് ഐലന്റ് മറൈൻ ആർക്കിയോളജി പ്രോജക്ട് (ആർഐഎംഎപി) ആയിരുന്നു അതിൽ പ്രസിദ്ധം. ഓസ്ട്രേലിയൻ നാഷനൽ മാരിടൈം മ്യൂസിയം, സൈലന്റ് വേൾഡ് ഫൗണ്ടേഷൻ എന്നിവയുമായി ചേർന്നായിരുന്നു ഈ പ്രോജക്ട് നടപ്പാക്കിയത്. കഴിഞ്ഞ ദിവസം പര്യവേക്ഷണത്തിലെ കണ്ടെത്തലുകളുടെ വിവരങ്ങൾ പുറത്തുവിട്ടപ്പോഴാണു തങ്ങൾ കണ്ടെത്തിയത് ലോഡ് സാൻവിച്ച് കപ്പലാണെന്ന ഏകദേശ സൂചന പുരാവസ്തു ഗവേഷകർ നൽകിയത്.
കടലിനടിയിലെ കപ്പലിന്റെയും അതിനകത്തെ വിവിധ വസ്തുക്കളുടെയും 3ഡി ചിത്രങ്ങൾ സഹിതമായിരുന്നു വിശദീകരണം. കപ്പലിന്റെ രൂപകൽപനയും അതിൽ നിന്നു ലഭിച്ച വസ്തുക്കളും പരിശോധിച്ചപ്പോൾ അതു നിർമിച്ചത് പതിനെട്ടാം നൂറ്റാണ്ടിലാണെന്നു തെളിഞ്ഞു. നിർമാണത്തിനുപയോഗിച്ച മരത്തടി, തുകൽ കഷ്ണങ്ങൾ, വസ്ത്രാവശിഷ്ടങ്ങൾ, ഗ്ലാസ്, സെറാമിക് പാത്രങ്ങൾ, കൽക്കരി, മരക്കരി, കല്ലിൽ കൊത്തിയ കൗതുകവസ്തുക്കൾ, തോക്കിന്റെ ഭാഗങ്ങൾ, നങ്കൂരം തുടങ്ങിയവയെല്ലാം വിരൽ ചൂണ്ടുന്നത് കപ്പൽ ജയിംസ് കുക്കിന്റേതു തന്നെയാണെന്നാണ്. തന്റെ യാത്ര കഴിഞ്ഞു സൈനികാവശ്യത്തിനു വിട്ടുകൊടുത്തതിനാൽ ജയിംസ് കുക്കിന്റേതായ വസ്തുക്കളൊന്നും കപ്പലിലുണ്ടായിരുന്നുമില്ലെന്നതും വെല്ലുവിളിയാണ്.
കപ്പലിന്റെ അടിമരം എന്നറിയപ്പെടുന്ന ഭാഗം നിർമിച്ചിരുന്നത് ഇരിമ്പകം എന്ന മരത്തിന്റെ തടി കൊണ്ടായിരുന്നു. ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന കപ്പലിലും സമാനരീതിയിലാണു നിർമാണം. ഇത്തരത്തിലുള്ള ചില ചെറിയ സൂചനകൾ മാത്രമേ ഗവേഷകര്‍ക്കു ലഭിച്ചിട്ടുള്ളൂ. കപ്പൽ എൻഡവറാണെന്നു സ്ഥിരീകരിക്കാൻ തക്കതായ ഗവേഷണമാണ് പ്രോജക്ടിന്റെ അടുത്ത ഘട്ടം. എങ്ങനെയാണ് അന്നു 13 കപ്പലുകൾ മുങ്ങിയതെന്നും ഇതുവരെ ചരിത്ര പുസ്തകങ്ങളിലൊന്നും വ്യക്തമാക്കിയിട്ടില്ല. കപ്പലിന്റെ അടിത്തട്ടിൽ വലിയ ദ്വാരങ്ങളുണ്ടായി വെള്ളം കയറിയാണു മുങ്ങിയതെന്നാണു പറയപ്പെടുന്നത്. അതിനെ സാധൂകരിക്കുന്ന തെളിവുകളും ലഭിക്കാനുണ്ട്.