മീൻ വിൽക്കുന്ന പൂച്ചക്കുട്ടിയെ കണ്ടിട്ടുണ്ടോ?
നവീൻ മോഹൻ
അടുക്കളയിൽ മസാലയൊക്കെ പുരട്ടി മീൻ വച്ച് എങ്ങോട്ടെങ്കിലും നീങ്ങും മുൻപ് അമ്മമാർ വിളിച്ചു പറയും– ‘ദേ, ഈ മീൻ പൂച്ചയെടുക്കാതെ നോക്കണേ...’ മീൻ വൃത്തിയാക്കുമ്പോഴും അതിനടുത്തേക്കു പൂച്ചക്കൂട്ടം പാഞ്ഞുവരുന്നതു കാണാം. മീൻ വിൽക്കുന്നവർ സൈക്കിളിൽ വരുമ്പോഴുമുണ്ടാകും പിന്നാലെ പൂച്ചകളുടെ ഒരു വൻ സംഘം. അങ്ങനെ പൂച്ചകളെല്ലാം മീൻകള്ളന്മാരാണെന്നാണ് എല്ലാവരും പറയുന്നത്.
പക്ഷേ മീൻ വിൽക്കാൻ പൂച്ചക്കുട്ടിയെ ഏൽപിച്ചാലെങ്ങനെയുണ്ടാകും? കള്ളന്റെ കയ്യിൽ താക്കോൽ കൊടുത്തു പോലെയുണ്ടാകും എന്ന് അപ്പോൾത്തന്നെ വരും ഉത്തരം. എന്നാൽ വിയറ്റ്നാമിൽ അങ്ങനെയൊരു പൂച്ചക്കുട്ടിയുണ്ട്. പുള്ളിക്കാരന്റെ പ്രധാന ജോലി മീന്‍വിൽപനയാണ്. അതും രണ്ടു കാലിൽ നിന്നു കൊണ്ട്! ഓരോ ദിവസവും ഓരോ തരത്തിലുള്ള വേഷം ധരിച്ചാണു വിൽപന. കൂട്ടിന് മുഖത്തൊരു കൂളിങ് ഗ്ലാസുമുണ്ട്. മീൻ മാർക്കറ്റ് മുഴുവൻ ആരാധകരാണ് ഈ പൂച്ചക്കുട്ടിക്ക്. കൂടാതെ ഇൻസ്റ്റഗ്രാമിൽ സ്വന്തമായി അക്കൗണ്ടുമുണ്ട്. അതിൽ പിന്തുടരുന്നവരാകട്ടെ എഴുപതിനായിരത്തോളം പേരും.
ഓരോ ദിവസവും പലതരം കോസ്റ്റ്യൂമുകളിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതാണ് പൂച്ചക്കുട്ടിയുടെ പ്രധാന ഹോബി. സ്വന്തമായൊരു പേരുമുണ്ട് കക്ഷിക്ക്. അതു കേട്ട് ചിരിക്കരുത്. ‘ചോ’ എന്നാണ് ഈ പൂച്ചക്കുട്ടിയുടെ പേര്. ‘ചോ’ എന്നാൽ നായ്ക്കുട്ടി എന്നാണ് അർഥം. അതെന്താണ് അങ്ങനെയൊരു പേര്? ഇനി ഇത് ശരിക്കും പൂച്ചക്കുട്ടിയല്ലേ? ‘ഡോഗിന്റെ’ ഉടമയായ ലി ക്വാക് ഫോങ് ആണ് ആ പേരിനു പിന്നിൽ. സംഗതി പൂച്ചയാണെങ്കിലും ഇതിന്റെ നടപ്പും ഇരിപ്പും മുഖം കൊണ്ടുള്ള ഗോഷ്ഠിയുമെല്ലാം നായ്ക്കുട്ടിയെപ്പോലെയായതിനാലാണ് ആ പേരിട്ടത്. സ്കോട്ടിഷ് ഫോൾഡ് ഇനത്തിൽപ്പെട്ട ‘ചോ’ വടക്കൻ വിയറ്റ്നാമിലാണു താമസം. മൂന്നു വയസ്സേ ആയിട്ടുള്ളൂ ഈ പൂച്ച സുന്ദരന്.
സ്വന്തം കടയിൽ മീൻ വിൽപന മാത്രമല്ല, മറ്റുള്ള വിൽപനക്കാർക്കിടയിലും കറക്കമാണ് ചോയുടെ മറ്റൊരു ഹോബി. ഇതിനിടെ കിട്ടുന്ന ഐസ്ക്രീമും ചീസുമൊക്കെയാണ് പ്രിയപ്പെട്ട ഭക്ഷണം. മീൻവിൽപനക്കാരിയായ പൂച്ചയെ കാണാൻ ഒട്ടേറെ ടൂറിസ്റ്റുകളും എത്തുന്നുണ്ട്. അവർക്കൊപ്പം നിന്നു ഫോട്ടോയെടുക്കാനും ഏറെ ഇഷ്ടമാണ് ‘ചോ’യ്ക്ക്. ഫോട്ടോയ്ക്ക് പോസ് ചെയ്തും മറ്റും കിട്ടുന്ന പണം കൊണ്ട് ലി ക്വാക്കും ചോയും ഫുൾ യാത്രയാണ്. അതിന്റെ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാം നിറയെ. മീൻ വിൽക്കുന്ന ചോയുടെ സ്റ്റൈലൻ ഫോട്ടോ വൈറലായതോടെ ആരാധകരും ഏറി. ഇപ്പോൾ മീൻവിൽപനയ്ക്കൊപ്പം ആരാധകർക്കൊപ്പം സെൽഫിയെടുക്കാനുള്ള തിരക്കോടു തിരക്കിലാണ് ചോ!!