കത്തിയെരിഞ്ഞ് ഓസ്ട്രേലിയ; എന്തുകൊണ്ട് ഈ അഗ്നിതാണ്ഡവം..?,  Cause, Australian  bushfires 2019, Padhippura, Manorama Online

കത്തിയെരിഞ്ഞ് ഓസ്ട്രേലിയ; എന്തുകൊണ്ട് ഈ അഗ്നിതാണ്ഡവം..?

എസ്.അഖിൽ

പരിസ്ഥിതിയുടെ കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തുന്ന ഓസ്ട്രേലിയയെ വിഴുങ്ങുകയാണ് കാട്ടുതീ..എന്തുകൊണ്ട് ഈ അഗ്നിതാണ്ഡവം..?

പുതുവർഷം പിറന്നപ്പോൾ ഓസ്ട്രേലിയ കത്തുകയായിരുന്നു. 4 മാസത്തോളമായി ഭൂഖണ്ഡത്തിന്റെ പല മേഖലകളിലും തീയണഞ്ഞിരുന്നില്ല. കാലാവസ്ഥാ വ്യതിയാനങ്ങൾ പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുമെന്ന കാര്യം ഉറപ്പിക്കുന്നതു കൂടിയായി മാസങ്ങളായി അണയാതെ കത്തുന്ന തീ. വർഷാവസാനം ചർച്ചകൾ തെക്കേ അമേരിക്കയിലെ ആമസോൺ മഴക്കാടുകളിലെ കാട്ടുതീയെക്കുറിച്ചായിരുന്നു. പുതുവർഷത്തിലും വിഷയത്തിന്റെ ചൂടിനു കുറവില്ല. ഇടയ്ക്ക് നേരിയ മഴ ലഭിച്ചതിനെ തുടർന്ന് ഇപ്പോൾ തീ നിയന്ത്രണ വിധേയമായിട്ടുണ്ട്.

ബുഷ് ഫയർ (കുറ്റിക്കാടുകൾക്ക് തീ പിടിച്ച് വ്യാപിക്കുന്ന രീതി) ഓസ്ട്രേലിയയിൽ പുതുമയല്ല. എല്ലാ വർഷവും വേനലിൽ ഏറിയും കുറഞ്ഞും അത് ആവർത്തിക്കാറുണ്ട്. വേനലിന്റെ തുടക്കമാണിത്. വേനൽ കടുക്കുമ്പോൾ സ്ഥിതി എന്താകും എന്ന ആശങ്ക ശക്തമാണ്.

∙കഴിഞ്ഞ ഓഗസ്റ്റിലാണ് ഓസ്ട്രേലിയയിൽ വരണ്ട മേഖലകളിൽ ചെറിയ തോതിൽ കാട്ടുതീ പടർന്നു തുടങ്ങിയത്. ഇടവിട്ട് പല മേഖലകളിലായി പടർന്ന ബുഷ് ഫയർ 3 മാസം കൊണ്ട് രാജ്യമെങ്ങും വ്യാപിച്ചു. കിലോമീറ്ററുകളോളം ഉയരത്തിൽ പുകപടലങ്ങൾ മൂടി. ട്രോപ്പോസ്ഫിയറിലെ കാർബൺ മോണോക്സൈഡിന്റെ അളവ് ക്രമാതീതമായി ഉയർന്നു. പുതുവർഷ ദിനത്തിൽ തലസ്ഥാനമായ കാൻബറ പുകപടലങ്ങൾ കൊണ്ടു മൂടിയ നിലയിലായിരുന്നു. ന്യൂസൗത്ത് വെയിൽസിലെ ജനങ്ങൾ അഭയം തേടിയത് കടൽത്തീരത്തും.

∙ജനുവരി 3ന് ന്യൂസൗത്ത് വെയ്ൽസ് സംസ്ഥാനത്ത് 7 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തീപിടിത്തത്തെ തുടർന്ന് മൂന്നാം തവണയാണ് ഇത്തരത്തിൽ നടപടി സ്വീകരിക്കുന്നത്.


നാശനഷ്ടങ്ങൾ

∙ഇതുവരെ 10 മില്യൻ ഹെക്ടർ(100 ലക്ഷം ഏക്കർ) വനം കത്തി നശിച്ചതായി കണക്കാക്കുന്നു.
∙ സിഡ്നി സർവകലാശാലയുടെ കണക്കുകൾ പ്രകാരം ഏകദേശം 800 മില്യനിലധികം ജീവജാലങ്ങളാണ് സെപ്റ്റംബർ മുതൽ ന്യൂ സൗത്ത് വെയ്ൽസിൽ മാത്രം വെന്തുമരിച്ചത്.
∙ന്യൂസൗത്ത് വെയ്ൽസിൽ ചെറു ജീവികളായ കൊവാലകളുടെ എണ്ണവും ആവാസ സ്ഥലവും മൂന്നിലൊന്നെങ്കിലും കുറഞ്ഞിട്ടുണ്ട് എന്നാണ് ഏകദേശ കണക്കുകൾ.
∙ഇതുവരെ കൊല്ലപ്പെട്ടവർ – 25, കാണാതായവർ 28
∙നശിച്ച കെട്ടിടങ്ങളുടെ എണ്ണം 5,900
∙ന്യൂസൗത്ത് വെയ്ൽസ്, ക്വീൻസ്‌ലൻഡ് ബുഷ് ഫയർ പുറം തള്ളിയത് 320 മില്യൻ ടൺ കാർബൺ ഡൈ ഓക്സൈഡാണ്. ഓസ്ട്രേലിയയുടെ ശരാശരി വാർഷിക കാർബൺ പുറംതള്ളലിന്റെ മൂന്നിൽ രണ്ട് ഭാഗം കഴിഞ്ഞ 3 മാസം കൊണ്ട് സംഭവിച്ചു.
∙ഓസ്ട്രേലിയയിലെ ഇൻഷുറൻസ് കൗൺസിൽ കണക്കുകൾ പ്രകാരം ഇതുവരെ 485 മില്യൻ യുഎസ് ഡോളറാണ് നഷ്ടം.

നാൾവഴി

∙സെപ്റ്റംബർ 6: ന്യൂ സൗത്ത് വെയ്ൽസിന്റെ വടക്കൻ തീരത്ത് തുടക്കം.
∙7: ക്വീൻസ്‌ലൻഡിലും തീ.
∙ഒക്ടോബർ: തെക്കൻ ഓസ്ട്രേലിയയിലെ ഒറ്റപ്പെട്ട വനമേഖലകളിൽ കാട്ടുതീ. പല സ്ഥലങ്ങളിലെ കാട്ടു തീ ഒന്നിച്ച് ചേർന്നു. തെക്ക്– പടിഞ്ഞാറൻ ടാസ്മാനിയയിൽ ഇടിമിന്നലുകളെ തുടർന്ന് തീപിടിത്തം.
∙നവംബർ 9: മധ്യ വടക്കൻ തീരത്തേക്ക്. ഡിൻഗോ ടോപ്സ് ദേശീയ പാർക്കിൽ തീപിടിത്തം.
∙12: സിഡ്നിക്കു സമീപം ലെയ്ൻ കോവ് നാഷനൽ പാർക്കിൽ തീപിടിത്തം. നഗരത്തിലെ വായു മലിനീകരണ തോത് പരിധിയുടെ 11 മടങ്ങ് പിന്നിട്ടു. സിഡ്നി സാങ്കേതിക സർവകലാശാലയിലെ പ്രഫ. ബ്രയാൻ ഒളിവറുടെ അഭിപ്രായത്തിൽ ‘32 സിഗരറ്റ് വലിക്കുന്നതിന് തുല്യം’.
∙ 21:വിക്ടോറിയയിലെ വിവിധ മേഖലകളിലേക്ക്. 20ന് വിക്ടോറിയ ഇലവനും ന്യൂസീലൻഡുമായി നടക്കേണ്ടിയിരുന്ന ക്രിക്കറ്റ് മത്സരം കനത്ത ചൂടിനെ തുടർന്ന് ഉപേക്ഷിച്ചു. ∙ഡിസംബർ 10: തെക്ക്– പടിഞ്ഞാറൻ സിഡ്നി (നട്ടായി, ഓക്ഡെയ്ൽ, ഓറഞ്ച് വില്ല, വെറോംബി മേഖലകൾ)
∙ 14: ഗോസ്പേഴ്സ് മലനിരകളിൽ 5 ലക്ഷത്തോളം ഹെക്ടർ കത്തി നശിച്ചു.
∙21: കാട്ടുതീയുടെ ദിശ മാറി ബൽമൊറാൽ, ബക്സ്റ്റൺ മേഖലകളിലേക്ക് വീണ്ടും
∙ 31: പടിഞ്ഞാറൻ സിഡ്നിയിലെ പ്രോസ്പെക്ട് മലകളിൽ പുൽമേടുകൾ കത്തിത്തുടങ്ങി.
∙ജനുവരി 1: ബുഷ് ഫയർ രാജ്യത്തിന്റെ വിവിധ മേഖലകളിലേക്ക് വ്യാപിച്ചു. ഫയർ ടൊർണോഡോകൾക്ക് സാധ്യത.
∙ജനുവരി 6: ചെറിയ തോതിൽ മഴ


കാരണങ്ങൾ
സമീപകാലത്തെ ചൂടേറിയ നവംബറാണ് കടന്നു പോയത്. ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയും ഒപ്പം പോസിറ്റിവ് ഇന്ത്യൻ ഓഷൻ ഡൈപോൾ കൂടി ആയതോടെ ബുഷ് ഫയർ സമാനതകളില്ലാത്ത രീതിയിലേക്ക് വ്യാപിച്ചു. അന്തരീക്ഷ താപനില 47 ഡിഗ്രി സെൽഷ്യസ്(117 ഡിഗ്രി ഫാരൻഹീറ്റ്) വരെ ഉയർന്നു. പോസിറ്റിവ് ഇന്ത്യൻ ഓഷൻ ഡൈപോൾ– ഇന്ത്യൻ നിനോ എന്ന് അറിയപ്പെടുന്നു. സമുദ്രോപരിതലത്തിലെ താപനിലയിൽ ക്രമാതീതമായ വർധനയുണ്ടാകുന്നു. ഇതിന്റെ ഫലമായി പടിഞ്ഞാറൻ മേഖലയില്‍ സമുദ്രത്തിലെ താപനില ഉയരുന്നു. ∙ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ചൂടേറിയ 10 വർഷങ്ങളിൽ എട്ടും 2005നു ശേഷമാണ്. ഇതോടൊപ്പം കാട്ടുതീയുടെ ഇടവേളകൾ കുറഞ്ഞു, തീവ്രത കൂടി.

രക്ഷാ പ്രവർത്തനം
നവംബർ 11 മുതൽ ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അഗ്നിരക്ഷാ സേനാംഗങ്ങളെ കാട്ടുതീ മേഖലയിലേക്ക് അയച്ചുതുടങ്ങി. ഓസ്ട്രേലിയൻ സൈന്യം ആകാശ മാർഗം തീ അണയ്ക്കൽ പ്രവർത്തനം നടത്തുന്നു. ന്യൂ സൗത്ത് വെയ്ൽസിലെ രക്ഷാപ്രവർത്തനങ്ങൾക്കു ന്യൂസീലൻഡ്, യുഎസ്, കാനഡ എന്നീ രാജ്യങ്ങൾ സഹായിക്കുന്നു.

Summary : Cause of Sustralian bushfires 2019