സ്വന്തമായി കോഴികുഞ്ഞുങ്ങളെ വിരിയിച്ചെടുത്ത് ആൽബിറ്റ്!

റിന്റുജ ജോൺ‍

പിടക്കോഴി മുട്ടകൾക്ക് മുകളിൽ അടയിരിക്കുന്നതു കണ്ട് ഒരു ആറുവയസ്സുകാരൻ കൗതുകത്തോടെ അമ്മയോട് ചോദിച്ചു. പിടയെന്തിനാണ് മുട്ടയുടെ മുകളിൽ കയറി ഇരിക്കുന്നത്? മുട്ടവിരിഞ്ഞ് ചെറിയകുഞ്ഞുങ്ങളുണ്ടാകാൻ എന്ന അമ്മയുടെ ഉത്തരം അവന്റെ കൗതുകം ഇരട്ടിയാക്കി. മുട്ടകൾ പൊട്ടിച്ച് അകത്ത് കുഞ്ഞ് ഉണ്ടോയെന്നു നോക്കിയും, മുട്ടകൾ കൂട്ടിവെച്ച് സ്വയം അടയിരുന്നും പരീക്ഷിച്ച ആ തല്ലുകൊള്ളി പയ്യനെ ലോകമറിഞ്ഞത് തോമസ് ആൽവ എഡിസനായി...

ബാല്യത്തോളം ക്രീയാത്മകമായ കാലമില്ല. ഓരോ കാഴ്ചയ്ക്കുള്ളിലും ഒരായിരം കൗതുകങ്ങൾ. മുട്ടയുടെ കൗതുകങ്ങൾ കുട്ടികളിലിനിയും അവസാനിച്ചിട്ടില്ല എന്ന് ഓർമിപ്പിക്കുകയാണ് ആൽബിറ്റ് അനീഷ് എന്ന എട്ടാം ക്ലാസുകാരൻ. കുഞ്ഞു കുഞ്ഞു കൗതുകങ്ങളും പരീക്ഷണങ്ങളുമായി കഴിഞ്ഞ ആൽബിറ്റിനും തോന്നി സ്വന്തമായി കോഴികുഞ്ഞുങ്ങളെ വിരിയിച്ചെടുക്കണമെന്ന്. ഹാച്ചറികളെ കുറിച്ചുള്ള വിവരങ്ങൾ ഇന്റർനെറ്റിൽ തിരഞ്ഞുപിടിച്ച് മുട്ടവിരിയിക്കാൻ ഇറങ്ങുമ്പോൾ വിജയിക്കുമോ എന്ന കാര്യത്തിൽ വലിയ ഉറപ്പൊന്നുമുണ്ടായിരുന്നില്ല. കുട്ടികൗതുകങ്ങളല്ലേ, എന്തെങ്കിലുമാകട്ടെ എന്നു കരുതി തടയാതെ തുടരാൻ അനുവദിച്ച ആൽബിറ്റിന്റെ പരീക്ഷണം ജീവൻവച്ച് പുറത്തുവന്ന് ചിറകിടിച്ച് തുടങ്ങിയപ്പോൾ വീട്ടുകാർക്കും ആശ്ചര്യം. ഇടുക്കി ജില്ലയിലെ നെടുംങ്കണ്ടം, മഞ്ഞപ്പാറ സ്വദേശി കൊച്ചുപറമ്പിൽ അനീഷിന്റെയും മഞ്ചുവിന്റെയും മകനാണ് ആൽബിറ്റ്.

പരീക്ഷണത്തിന്റെ ചെലവുകൾക്ക് ആൽബിറ്റിന് ആവശ്യമായി വന്ന തുകയാകട്ടെ ഒരുമാസത്തേക്കുള്ള ചോക്ലേറ്റുകളുടെ കാശ് മാത്രം. തെർമോകോൾ ഒട്ടിച്ചുണ്ടാക്കിയ ചെറിയ പെട്ടിയുടെ ഒരു വശത്ത് ചെറിയൊരു ഫാൻ പിടിപ്പിച്ചു. മറു വശത്ത് ആവശ്യമായ ഓക്സിജൻ ലഭിക്കുന്നതിനായി തെർമോകോൾ പാത്രത്തിൽ കുറച്ച് വെള്ളവും. അതിനുമുകളിൽ മുട്ടവയ്ക്കാനായി ചെറിയൊരു കമ്പിവല ഒരുക്കി. മുട്ട വെച്ച ദിവസം പെട്ടിയിൽ രണ്ട് ധ്വാരങ്ങളും, പത്തു ദിവസത്തിനു ശേഷം നാല് ധ്വാരങ്ങളും ഇട്ടു. പെട്ടിക്കുള്ളിൽ രണ്ട് എൽ.ഇ.ഡി ബൾബുകൾ ഇട്ട് ചൂട് 98.8 ൽ ക്രമീകരിച്ചു. ദിവസവും മുട്ട മൂന്ന് പ്രവശ്യം തിരിച്ചും മറിച്ചും വെച്ചു. 18 ദിവസം കഴിഞ്ഞപ്പോൾ ഹ്യുമിഡിറ്റി കിട്ടാനായി മുട്ടയുടെ സൈഡിൽ വെള്ളം തളിച്ചു. രണ്ട് മണിക്കൂറിൽ കൂടുതൽ കറന്‍് പോകാതെ പ്രത്യേകം ശ്രദ്ധിക്കണം. 20–ാം ദിവസം മുട്ടയിൽ അടയാളം വന്നു. 21–ാം ദിവസം മുട്ടപൊട്ടി കുഞ്ഞുങ്ങൾ പുറത്തുവന്നു. കോഴികുഞ്ഞുങ്ങൾ ഹാപ്പിയായി തുള്ളികളിതുടങ്ങിയെങ്കിലും, ആൽബിറ്റ് കളിതുടങ്ങാൻ വേനൽ അവധിക്ക് സ്കൂൾ പൂട്ടാൻ കാത്തിരിക്കുന്നു...

വിദ്യാഭ്യാസ നിലവാരത്തെകുറിച്ച് ചർച്ചകളുയരുമ്പോഴും, ക്ലാസ്മുറുകളിൽ ഒതുങ്ങാൻ കൂട്ടാക്കാത്ത, പഠിച്ചത് പ്രാവർത്തികമാക്കൻ മെനക്കെട്ടിറങ്ങുന്ന കുറെയേറെ വിദ്യാർഥികൾ അത്ര മോശമല്ലാത്ത നാളകളെ കുറിച്ച് പ്രതീക്ഷ നൽകുന്നുണ്ട്.