ക്ഷീരപഥത്തിന്റെ കേന്ദ്രത്തെ ഒരു തവണ പ്രദക്ഷിണം വയ്ക്കാൻ 25 കോടി വർഷം !, Children, Nihal Sarin, Sreya Jaydeep, Sooryagayathri, Yan Chummar, Childrens day, Padhippura, Manorama Online

ഞാൻ ജീവിക്കുന്ന കാലം, ഞാൻ കൊതിക്കുന്ന ലോകം’... ബാലപ്രതിഭകൾ എഴുതുന്നു

ഞാൻ ജീവിക്കുന്ന കാലം, ഞാൻ കൊതിക്കുന്ന ലോകം’... ശിശുദിനത്തിൽ, വ്യത്യസ്ത മേഖലകളിൽനിന്നുള്ള നമ്മുടെ ബാലപ്രതിഭകൾ എഴുതുന്നു

എല്ലാ കുട്ടികളും ചിരിക്കുന്ന ലോകം
നിഹാൽ സരിൻ, രാജ്യാന്തര ചെസ് താരം. ദേവമാതാ സിഎംഐ പബ്ലിക് സ്കൂൾ, തൃശൂർ

വലിയ മത്സരങ്ങളുടെയും കഠിനാധ്വാനത്തിന്റെയും ലോകമാണ് എനിക്കു ചുറ്റും. നിങ്ങൾക്കും അങ്ങനെ തന്നെയാണെന്നു കരുതുന്നു. സ്വപ്നങ്ങളെല്ലാം യാഥാർഥ്യമാകാറില്ലെങ്കിലും എന്റെ ഓരോ ദിവസവും പ്രതീക്ഷകളുടേതാണ്, സമയപരിധിയില്ലാത്ത അധ്വാനത്തിന്റേതാണ്. ചെസ് ബോർഡിൽ കരുക്കൾ നീങ്ങുന്നതു പോലെ എന്റെ ജീവിതവും നിരന്തരം സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. വീണുപോയാലും എഴുന്നേറ്റു നിൽക്കണമെന്നു ജീവിതം പഠിപ്പിച്ചു. പക്ഷേ, വീഴ്ചകളിൽനിന്നു പുറത്തു കടക്കാനാകാതെ പോകുന്ന കുട്ടികളെക്കുറിച്ചോർക്കുമ്പോൾ വിഷമം തോന്നും. ഉപദ്രവിക്കപ്പെട്ടും ഉപേക്ഷിക്കപ്പെട്ടും ഭക്ഷണം കഴിക്കാനില്ലാതെയുമൊക്കെ പലയിടത്തും കുട്ടികൾ വേദന അനുഭവിക്കുന്നുണ്ടെന്നറിയാം. വരാനിരിക്കുന്ന ലോകം എങ്ങനെയാകണം? അതു കുട്ടികളുടേതാകണം എന്നാണ് ശിശുദിനത്തിൽ എന്റെ ആഗ്രഹം. വിഷമിച്ചു നിൽക്കുന്ന ഏതു കുട്ടിയെ കണ്ടാലും ‘എന്തു സഹായമാണ് ഞാൻ ചെയ്തു തരേണ്ടത്’ എന്നു ചോദിക്കാൻ എല്ലാ മുതിർന്നവർക്കും കഴിഞ്ഞിരുന്നെങ്കിൽ, എത്ര ഭംഗിയുള്ളതായേനെ നമ്മുടെ നാട്. എല്ലാ കുട്ടികളും സഹായം ആവശ്യമുള്ളവരാണെന്നാണ് എനിക്കു തോന്നുന്നത്. ജീവിതം എന്താണെന്നറിയാനും ചിന്തകൾ രൂപപ്പെടുത്താനും സ്നേഹത്തോടെ പെരുമാറാനുമൊക്കെ പഠിക്കാൻ കുട്ടികൾക്കു മുതിർന്നവരുടെ സഹായം വേണം. സങ്കടപ്പെട്ടു നിൽക്കുന്ന അപരിചിതരായ കുട്ടികളെ കണ്ട‍ാലും സ്നേഹത്തോടെ തലയിൽ തലോടി ആശ്വസിപ്പിക്കാൻ മുതിർന്നവർക്കു കഴിഞ്ഞാൽ അവർക്ക് എത്ര സന്തോഷമാകുമെന്ന് ഓർത്തുനോക്കൂ. കുട്ടികൾ ഉപദ്രവിക്കപ്പെടാത്ത ലോകം വരുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.

വേർതിരിവുകളും മതിലുമില്ലാത്ത ലോകം
ഗൗരി സന്തോഷ്, ജാക്ക് ദ് ഫ്ലൈ-ജേണി ടു ന്യൂയോർക്ക് എന്ന പുസ്തകത്തിന്റെ രചയിതാവ്. പത്താം ക്ലാസ് വിദ്യാർഥി, ചിന്മയ പബ്ലിക് സ്കൂൾ, തൃപ്പൂണിത്തുറ.

റോഡിലൂടെ സൈക്കിൾ ചവിട്ടി പോകാനും സഹപാഠികളോടൊത്തു സമയം ചെലവഴിക്കാനും കളിക്കാനും ആഗ്രഹമുള്ളവരാണ് ഇന്നത്തെ കുട്ടികളും. പക്ഷേ, പലപ്പോഴും അതിനു കഴിയാറില്ല. പരീക്ഷയുടെ ഇടവേളകൾ വളരെ കുറയുന്നു. ക്ലാസ്മുറിയിൽ തൊട്ടടുത്തിരിക്കുന്ന സഹപാഠിയോടു കുശലം ചോദിക്കാൻ പോലും കഴിയാത്ത ദിവസങ്ങളുടെ എണ്ണം കൂടുന്നു. പ്ലേസ്കൂൾ കഴിഞ്ഞാൽ കുട്ടികൾക്ക് ടെൻഷൻ തുടങ്ങുകയാണ്. പ്രോജക്ടുകൾ, ഹോം വർക്കുകൾ, അസൈൻമെന്റുകൾ, പരീക്ഷകൾ... ഇതിനെല്ലാം അപ്പുറത്താണു പ്രതീക്ഷകൾ നൽകുന്ന ഭാരം. ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഒരു തലമുറയാണു വളർന്നുവരുന്നത്. ഗൃഹാതുരത്വത്തെക്കുറച്ചു വാചാലരാകുന്നവർ ഓർമിക്കേണ്ട ഒന്നുണ്ട്, ഒരു തലമുറയുടെ നന്മകളുടെയും തിന്മകളുടെയും കാരണക്കാർ തൊട്ടുമുൻപത്തെ തലമുറയാണ്. കോൺക്രീറ്റ് കെട്ടിടങ്ങൾക്കിടയിൽ മണ്ണിൽ തൊടാൻ പോലും ഭാഗ്യം ലഭിക്കാത്ത ഒരു തലമുറയായി നിങ്ങൾ ഞങ്ങളെ മാറ്റി. ശ്വസിക്കാൻ ശുദ്ധമായ വായുവില്ല. കഴിക്കാൻ വിഷം കലരാത്ത ഭക്ഷണമില്ല, എന്നിട്ടും പുതിയ തലമുറയിൽനിന്നു നിങ്ങൾ പലതും ആഗ്രഹിക്കുന്നു. മത്സരങ്ങളുടെ ലോകം ഞങ്ങൾക്കായി കരുതിവെച്ചിട്ട്, കുട്ടികൾ സ്വാർഥരാണെന്നു കുറ്റപ്പെടുത്തുന്നു. വേർതിരിവുകളും മതിലുകളുമില്ലാത്ത ഒരു ലോകമാണ് കുട്ടികൾക്കു വേണ്ടത്.

ബഹുസ്വരങ്ങളുടെ, നിറങ്ങളുടെ ഇന്ത്യ
അനുജാത് സിന്ധു വിനയ്‌ലാൽ, ചിത്രകാരൻ, നടൻ. ഒൻപതാം ക്ലാസ് വിദ്യാർഥി, ദേവമാതാ പബ്ലിക് സ്കൂൾ, തൃശൂർ.

ഇന്ത്യയിൽ ഓരോ മേഖലയിലും വ്യത്യസ്തമായ പ്രകൃതിയാണ്, വ്യത്യസ്ത കാലാവസ്ഥയാണ്. അതുപോലെ, ജീവിതരീതിയും വ്യത്യസ്തമാണ്. പ്രകൃതിയെപ്പോലെയാണ് മതവും ജാതിയും ഉത്സവവും ആഘോഷവും സംസ്കാരവുമെല്ലാം. അതെല്ലാം വ്യത്യസ്തമായിത്തന്നെ തുടരും. അതാണ് എന്റെ ഇന്ത്യ. ജവാഹർലാൽ നെഹ്റുവിനെപ്പോലെ ഒരു നേതാവ് ഇനിയും ഉണ്ടാകുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. കുട്ടികൾക്കും പ്രകൃതിക്കും സംസ്കാരത്തിനുമെല്ലാം ഒരേ കരുതൽ നൽകുന്ന നേതാവ്.

അവസരങ്ങള്‍ നല്ല മാറ്റത്തിന്
സ്വാലിഹ നൗഷാദ്, നാസയുടെ രാജ്യാന്തര സ്പേസ് സയൻസ് കോൺഫറൻസിൽ പങ്കെടുത്തു. പ്ലസ് ടു വിദ്യാർഥി, വാദിഹുദ പ്രോഗ്രസീവ് ഇംഗ്ലിഷ് സ്കൂൾ പഴയങ്ങാടി, കണ്ണൂർ.

നിങ്ങൾ ചിറകുകളോടെ ജനിച്ചവരാണ്. അതിനാൽ ഇഴയരുത്. ചിറകുകൾ ഉപയോഗിക്കുക, പറക്കാൻ പഠിക്കുക.’ എ.പി.ജെ. അബ്ദുൽ കലാമിന്റെ വാക്കുകൾ നമ്മുടെയൊക്കെ ചിന്തകൾക്ക് അഗ്നി പകർന്നിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. അദ്ദേഹത്തിന്റെ പ്രസംഗങ്ങളും പുസ്തകങ്ങളും എന്നെ ആകർഷിച്ചിരുന്നു. ‌ചിന്തിക്കാൻ പോലും കഴിയാത്ത അവസരങ്ങൾ നമ്മെ തേടിവരും. അത് സമൂഹത്തിൽ മാറ്റങ്ങളുണ്ടാക്കാൻ ഉപയോഗപ്പെടുത്തണം. ഞങ്ങൾക്ക് ഇപ്പോൾ ചെയ്യാവുന്ന കാര്യങ്ങളിൽ പരിമിതിയുണ്ട്. എങ്കിലും കാണുന്ന സ്വപ്നങ്ങൾക്കു പരിമിതിയില്ലല്ലോ. ഭാവിയിൽ അവസരങ്ങൾ തേടിയെത്തുമ്പോൾ സമൂഹത്തിന് ഗുണകരമായ രീതിയിൽ പ്രവർത്തിക്കുമെന്ന ഉറപ്പാണ് ഈ ശിശുദിനത്തിൽ എനിക്കു നൽകാനാകുക.

കുട്ടികൾക്കെതിരായ ക്രൂരത ഇനി വേണ്ട
ശ്രേയ ജയദീപ്,സിനിമാ പിന്നണി ഗായിക, സംഗീത റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയ. ഒൻപതാം ക്ലാസ് വിദ്യാർഥിനി, ദേവഗിരി സിഎംഐ പബ്ലിക് സ്കൂൾ, കോഴിക്കോട്. ഞാൻ ജീവിക്കുന്ന ഈ നാടിനെ ഒരുപാടു സ്നേഹിക്കുന്നു. മലയാളിയായതിൽ അഭിമാനിക്കുന്നയാളാണു ഞാൻ. കലാകാരിയായ എന്നെ ഏറെ പ്രോത്സാഹിപ്പിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന നാടാണിത്. എന്നാൽ, കേരളത്തിൽ കുട്ടികൾക്കുനേരെ നടക്കുന്ന ക്രൂരതകൾ കാണുമ്പോൾ ഇവിടെ ജീവിക്കാൻ പേടിതോന്നുന്നു. ഇതു തടയാൻ, നിയമം ശക്തമായി നടപ്പാക്കണം. കുട്ടികൾക്കു നേരെ അതിക്രമം കാട്ടുന്നവർക്കെതിരെ നടപടിയെടുക്കണം. അപ്പോൾ കേരളം എനിക്കു കൂടുതൽ പ്രിയപ്പെട്ട നാടായി മാറും.

നാടിനു വേണം, സമയനിഷ്ഠ
സൂര്യഗായത്രി, ഗായിക, യു‍ട്യൂബിലെ ഭജനുകളും കീർത്തനങ്ങളും സൂപ്പർ ഹിറ്റ്. ഒൻപതാം ക്ലാസ് വിദ്യാർഥിനി, കെആർഎച്ച്എസ്എസ് പുറമേരി, കോഴിക്കോട്.

എന്റെ ലോകം സംഗീതമാണ്. എന്റെ കുടുംബം, വീട് എന്നിവയെല്ലാം സംഗീതം തന്നെ. കോഴിക്കോട്ടെ ഒരു നാട്ടിൻപുറത്തു ജനിച്ചുവളർന്ന എനിക്കു കേരളത്തിനു പുറത്തുപോകാൻ കഴിയുമെന്നു പോലും കരുതിയതല്ല. എന്നാൽ, 7 വിദേശരാജ്യങ്ങളിൽ എന്നെയെത്തിച്ചതു സംഗീതമാണ്. ലോകത്ത് എവിടെ പോയാലും എന്റെ ഗ്രാമത്തിലെ നിഷ്കളങ്കരായ ആളുകളെയാണ് എനിക്കേറെയിഷ്ടം.‍ ഞാൻ ജീവിക്കുന്ന മണ്ണ് എന്റെ ശ്വാസം പോലെയാണ്. ഇവിടത്തെ സംസ്കാരവും സ്നേഹവുമൊക്കെ മറ്റു നാടുകളിൽ കാണാനാവില്ല. എന്നാൽ, വിദേശരാജ്യങ്ങളിലെ സമയനിഷ്ഠ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. സിംഗപ്പൂരിൽ പോയപ്പോൾ അൽപം വൈകിയതിന് ടാക്സി ഡ്രൈവർ വഴക്കു പറഞ്ഞത് ഓർമ വരുന്നു. വിദേശത്തെ സമയനിഷ്ഠയും വൃത്തിയും വെടിപ്പും നമ്മുടെ നാട്ടിലും നടപ്പാക്കാൻ ശ്രമിക്കണം.

യുവസംരംഭകർക്ക് കരുതലേകണം
യാൻ ചുമ്മാർ, സോഫ്റ്റ്‌വെയർ ഡവലപ്പർ. പ്ലസ് വൺ വിദ്യാർഥി, മരിയൻ സീനിയർ സെക്കൻഡറി സ്കൂൾ, കോട്ടയം

ജീവിക്കാൻ ഏറ്റവും യോജ്യമായ നാടാണു നമ്മുടേത്. ഒരാവശ്യം വരുമ്പോൾ എല്ലാവരും ഒറ്റക്കെട്ടാണിവിടെ. കഴിഞ്ഞവർഷത്ത പ്രളയദുരന്തത്തെ അതിജീവിക്കാനായത് ജനം ഒറ്റക്കെട്ടായി നിന്നതുകൊണ്ടാണ്. യുഎസ് പോലുള്ള പാശ്ചാത്യ രാജ്യങ്ങളിലെ ആളുകൾക്കിടയിൽ നമ്മുടേതു പോലുള്ള കൂട്ടായ്മകളില്ല. പക്ഷേ, തൊഴിൽമേഖലയുടെ കാര്യമെടുത്താൽ അവരാണു മെച്ചം. ടെക്നിക്കൽ– സോഫ്റ്റ്‌വെയർ മേഖലകളിൽ അവിടെയാണു കൂടുതൽ തൊഴിലവസരം. യുഎസിൽ, ഹൈസ്കൂൾ – കോളജ് വിദ്യാർഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. ഇക്കാര്യത്തിൽ നമ്മൾ വളരെ പിന്നിലാണ്. യുവസംരംഭകർക്ക് ഇവിടെ കാര്യമായ പിന്തുണ ലഭിക്കുന്നില്ല. സോഫ്റ്റ്‌വെയർ ഡവലപ്മെന്റിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദീകരിക്കുന്നതെങ്കിലും വ്യവസായ സംരംഭകനാകാനാണ് ഞാനും ലക്ഷ്യമിടുന്നത്. അതിൽ വിജയിക്കാനായാൽ, സ്കൂൾ തലം മുതലുള്ള വിദ്യാർഥികളെ സംരംഭകത്വത്തിലേക്കു കൊണ്ടുവരാൻ ശ്രമിക്കും.

എന്തു പഠിക്കണമെന്ന് കുട്ടികൾ തീരുമാനിക്കട്ടെ
ജെയ്‍ഡൻ ജോൺ ബോസ്, വയനാട് സ്വദേശിയായ പതിനാലുകാരൻ. യുഎസിലെ മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്കായി (എംഐടി) ഗവേഷണം നടത്തുന്നു.

ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ മാറ്റം വരുത്തിയാൽ നമ്മുടെ ലോകം കൂടുതൽ മനോഹരമാകും. നിലവിലെ വിദ്യാഭ്യാസരീതി കുട്ടികളുടെ കഴിവുകളെ പോഷിപ്പിക്കുന്നില്ലെന്നാണ് എന്റെ അഭിപ്രായം. സ്വതന്ത്രമായി ചിന്തിക്കാൻ കുട്ടികളെ സഹായിക്കുന്നതാകണം വിദ്യാഭ്യസരീതി. ജോലിയെന്ന ലക്ഷ്യത്തിൽ മാത്രം ഊന്നുമ്പോൾ സർഗാത്മകത നഷ്ടപ്പെടുകയാണ്. വ്യത്യസ്തരായ കുട്ടികളെയെല്ലാം ഒരേ കാര്യങ്ങൾ പഠിപ്പിക്കുന്ന രീതിയാണിപ്പോഴും. പ്രായത്തിന്റെ അടിസ്ഥാനത്തിലാണു ക്ലാസുകൾ നിശ്ചയിച്ചിരിക്കുന്നത്. ഓരോ പ്രായത്തിലും എന്തു പഠിപ്പിക്കണമെന്നു മുൻകൂട്ടി തീരുമാനിക്കപ്പെടുന്നു. കുട്ടികളുടെ ഇഷ്ടം ആരും കണക്കിലെടുക്കുന്നില്ലല്ലോ? എന്തു പഠിക്കണമെന്നത് വേറെയാരൊക്കെയോ തീരുമാനിക്കുന്നു. എന്തൊക്കെ പഠിക്കണമെന്നു കുട്ടികൾ തന്നെ തീരുമാനിക്കുന്ന ലോകം വരണം. ഇന്നല്ലെങ്കിൽ നാളെ ഇത്തരമൊരു മാറ്റം സംഭവിക്കുമെന്നാണു പ്രതീക്ഷ.