മരത്തിലേക്ക് കല്ലെറിഞ്ഞ് ബഹളം വച്ച് ചിമ്പാൻസി; കാരണം അറിയാമോ? അമ്പരപ്പിക്കും!, Chimpanzee, create rock music, throwing stones, at trees, Padhippura,Manorama Online

മരത്തിലേക്ക് കല്ലെറിഞ്ഞ് ബഹളം വച്ച് ചിമ്പാൻസി; കാരണം അറിയാമോ? അമ്പരപ്പിക്കും!

വമ്പനൊരു മരമങ്ങനെ നിൽക്കുകയാണ്. അപ്പോഴുണ്ട് ഒരു ചിമ്പാൻസി വന്ന് അതിന്റെ തടിയിലേക്ക് വലിയ കല്ലെടുത്ത് ചറപറ എറിയുന്നു. അതിന്റെയൊപ്പം ആശാൻ എന്തൊക്കെയോ ശബ്ദമുണ്ടാക്കുന്നുമുണ്ട്. ഓരോ തവണ പാറക്കല്ലെറിയുമ്പോഴും മുഴങ്ങിക്കേൾക്കാം തടിയിൽ നിന്നുള്ള ശബ്ദം. അടുത്ത് ആരെങ്കിലുമുണ്ടെങ്കിൽ എന്തായാലും ചിമ്പാൻസിയോടു ചോദിച്ചു പോകും–‘എന്തുവാടേ വട്ടായാ...?’ സത്യത്തിൽ ചിമ്പാൻസിക്കു വട്ടായതല്ല, പകരം അതിന്റെ അസാധാരണമായ ബുദ്ധി പ്രയോഗിച്ചതാണ് ഈ കല്ലെറിയൽ കാഴ്ചയെന്നാണു ഗവേഷകർ പറയുന്നത്. വെസ്റ്റ് ആഫ്രിക്കൻ ചിമ്പാൻസികൾക്കു മാത്രമാണ് ഇങ്ങനെ മരത്തടിയിലേക്കും അവയുടെ വലിയ വേരുകളിലേക്കുമെല്ലാം കല്ല് വലിച്ചെറിയുന്ന സ്വഭാവമുള്ളത്. മരത്തിലെ കായ്കൾ നിലത്തു വീഴ്ത്താനുള്ള വഴിയാണെന്നായിരുന്നു ആദ്യം ഗവേഷകർ കരുതിയിരുന്നത്. അതല്ല, ദേഷ്യം പ്രകടിപ്പിക്കുന്നതാണെന്നും സംഗീത കച്ചേരി നടത്തുന്നതാണെന്നുമൊക്കെ വാദങ്ങളുയർന്നു. ‌‌മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എവല്യൂഷനറി ആന്ത്രപ്പോളജിയിലെ ഡോ.ആമി കലാൻ ഇതിനെപ്പറ്റി വിശദമായി പഠിക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് ചിമ്പാൻസിയുടെ ആശയവിനിമയത്തെപ്പറ്റി മനസ്സിലായത്.


മരത്തിലേക്ക് കുറച്ചു നേരം കല്ലെറിഞ്ഞ് ശബ്ദമുണ്ടാക്കി ഓടിപ്പോകുന്നതാണു ചിമ്പാൻസിയുടെ രീതി. പക്ഷേ ഇതു ഭക്ഷണത്തിനു വേണ്ടിയല്ല. കാരണം, കായ്ഫലമില്ലാത്ത മരത്തിനു കീഴിലും ഇത്തരത്തിൽ കല്ലെറിയുന്നുണ്ട്. കാട്ടിൽ പലയിടത്തും കല്ല് കൂടിക്കിടക്കുന്ന മരങ്ങൾ കണ്ടെത്തിയപ്പോഴാണ് ആമിക്ക് ഒരു കാര്യം മനസ്സിലായത്. കല്ലെറിഞ്ഞാൽ വളരെ ദൂരേക്ക് ശബ്ദമെത്തുന്ന തരം മരത്തടികളിലും വേരുകളിലുമാണ് ചിമ്പാൻസിയുടെ പ്രയോഗങ്ങളെല്ലാം. അത് ആശയവിനിമയത്തിനു വേണ്ടിത്തന്നെയാണെന്നാണ് അവരുടെ വാദം. തങ്ങൾ എവിടെയാണെന്ന് കൂട്ടത്തിലെ മറ്റുള്ളവര്‍ക്കു വിവരം കൈമാറാനാരിക്കാം ചിമ്പാൻസികൾ കല്ലെറിഞ്ഞു ശബ്ദമുണ്ടാക്കുന്നത്. മഴക്കാടുകളിലെ സാഹചര്യമനുസരിച്ച് ചിമ്പാൻസികൾ തിരഞ്ഞെടുത്ത തരം മരത്തടികളിൽ തട്ടിയാൽത്തന്നെ ഏറെ ദൂരേക്കു ശബ്ദമെത്തും.

സംഗതി അതുതന്നെയാണെങ്കിൽ മൃഗങ്ങൾക്കിടയിലെ അസാധാരണ ആശയവിനിമയ രീതികളിൽ മുൻപന്തിയിലായിരിക്കും ഇതെന്നും ഗവേഷകർ പറയുന്നു. ഭക്ഷണത്തിനു വേണ്ടിയല്ലാതെ കല്ല് പോലുള്ള വസ്തുക്കൾ മൃഗങ്ങൾ ഉപയോഗപ്പെടുത്തുന്നതും അത്യപൂർവമാണ്. അക്യുമുലേറ്റിവ് സ്റ്റോൺ ത്രോയിങ് അഥവാ എഎസ്‌ടി എന്നാണ് ഈ കല്ലെറിയലിനു ഗവേഷകർ നൽകിയിരിക്കുന്ന വിശേഷണം. ചിമ്പാൻസികളിൽത്തന്നെ വളരെ ചെറിയ വിഭാഗമാണ് വെസ്റ്റ് ആഫ്രിക്കൻ. ഇവയെപ്പറ്റി കൂടുതൽ പഠിച്ചിട്ടുമില്ല. വിശദമായി ഗവേഷകർ പഠിച്ചിട്ടുള്ള ഈസ്റ്റ് ആഫ്രിക്കൻ ചിമ്പാൻസികൾക്ക് ഈ സ്വഭാവമില്ലതാനും. സെൻട്രൽ ആഫ്രിക്കൻ ചിമ്പാൻസികൾക്കുമില്ല ഈ കല്ലെറിയൽ പരിപാടി. ഈ രണ്ടിനം ചിമ്പാൻസികളും ദേഷ്യം വരുമ്പോഴും ശത്രുക്കളെ ഓടിക്കാനുള്ള ആയുധമായും മാത്രമാണ് കല്ലെറിയാറുള്ളത്. ബയോളജി ലെറ്റേഴ്സിൽ വിഡിയോ സഹിതം ഇതു സംബന്ധിച്ച വിശദമായ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Summary : Chimpanzee create rock music by throwing stones at trees