പുനർജനിക്കുമെന്നു വിശ്വാസം; രാജാവിനു വേണ്ടി മണ്ണിനടിയിൽ ‘കുഴിച്ചിട്ട’ സൈനികർ!

നാൽപത്തിയഞ്ചു വർഷം മുൻപാണ് സംഭവം. ചൈനയിലെ ഒരു കൃഷിയിടത്തിൽ നിന്ന് അവിടത്തെ ഗ്രാമവാസികൾ കണ്ടെത്തിയത് ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു അദ്ഭുത ശേഖരമായിരുന്നു. എണ്ണായിരത്തോളം സൈനികരെയും അഞ്ഞൂറിലേറെ കുതിരകളെയുമെല്ലാം മണ്ണിനടിയിൽ കുഴിച്ചിട്ടിരിക്കുന്നു! പക്ഷേ അവയൊന്നും ഒറിജിനൽ അല്ലായിരുന്നുവെന്നു മാത്രം. കളിമണ്ണു കൊണ്ടുണ്ടാക്കിയ പ്രതിമകളായിരുന്നു എല്ലാം. ‘ടെറാകോട്ട’ ആർമി എന്നറിയപ്പെടുന്ന ആ സൈന്യത്തിൽ സൈനികരും കുതിരകളും രഥങ്ങളും പലതരം മൃഗങ്ങളും പക്ഷികളുമൊക്കെയുണ്ടായിരുന്നു.

ബിസി 210 മുതൽ 290 വരെ ചൈന ഭരിച്ച ക്വിൻ ഷി ഹുവാങ് രാജാവായിരുന്നു ആ ടെറാകോട്ട സൈന്യത്തിനു രൂപം കൊടുത്തത്. മരിച്ചു കഴിഞ്ഞാലും രാജാവിനു സംരക്ഷണത്തിനും വിനോദത്തിനും വേണ്ടിയായിരുന്നു അവയെല്ലാം. രാജാവ് പുനർജനിച്ചു വരുമെന്നും ഒരു വിശ്വാസമുണ്ടായിരുന്നു. ഈ കഥ ഉപയോഗിച്ച് ‘ദ് മമ്മി: ടൂംബ് ഓഫ് ദ് ഡ്രാഗൺ എംപറർ’ എന്നൊരു ഹോളിവുഡ് സിനിമയും 2008ൽ പുറത്തിറങ്ങിയിരുന്നു. അടുത്തിടെ ചൈനയിൽ വീണ്ടുമൊരു അദ്ഭുതം നടന്നു. നൂറുകണക്കിന് പടയാളികളും കുതിരകളും കലാകാരന്മാരുമെല്ലാം ചേർന്ന ടെറാകോട്ട പ്രതിമകളുടെ ശേഖരം കണ്ടെത്തിയതായിരുന്നു അത്. എല്ലാറ്റിനും ഏകദേശം 2100 വർഷത്തെ പഴക്കമുണ്ടെന്നാണു കരുതുന്നത്. ക്വിൻ ഷി രാജാവിന്റെ ടെറാകോട്ട സൈന്യത്തിനോടു സാദൃശ്യമുണ്ടായിരുന്നെങ്കിലും അവയ്ക്കൊപ്പം വലുപ്പമുണ്ടായിരുന്നില്ല ഈ പുതിയ സൈന്യത്തിന്.

ക്വിൻ ഷിയുടെ ഭരണത്തിനും നൂറു വർഷത്തിനു ശേഷമാണ് ഈ സൈന്യത്തെ നിർമിച്ചതെന്നും തെളിവുകൾ ലഭിച്ചിട്ടുണ്ട്. അക്കാലത്തു ചൈന ഭരിച്ചിരുന്നത് ലിയു ഹോങ് രാജകുമാരനായിരുന്നു. അദ്ദേഹത്തിന്റേതാണ് ടെറാകോട്ട ആർമി എന്നതാണു സംശയം. ക്വി എന്ന രാജ്യത്തെ രാജകുമാരനായിരുന്ന ലിയുവിന്റെ ശവക്കല്ലറ പക്ഷേ എവിടെയും കണ്ടെത്താനായിട്ടില്ലെന്നതാണു ഗവേഷകരെ അമ്പരപ്പിക്കുന്നത്. ബിസി 141 മുതൽ 87 വരെയായിരുന്നു ലിയുവിന്റെ ഭരണകാലം. വളരെ ചെറുപ്പകാലത്തു തന്നെ രാജാവാകേണ്ടി വന്നു ലിയുവിന്. പക്ഷേ അധികകാലം ഭരിക്കാനാകാതെ മരിച്ചു– അടുത്ത തലമുറയിൽ ആരും ഭരിക്കാനുണ്ടായിരുന്നില്ല താനും!

എന്തായാലും ഇതൊരു സാധാരണക്കാരനു വേണ്ടി നിർമിച്ച അറയല്ലെന്നത് ഉറപ്പ്. പലതരം രഥങ്ങളും കാവൽപ്പടയാളികളെയും കുതിരപ്പടയാളികളെയുംമെല്ലാം ഉൾപ്പെടുത്തിയ കളിമൺ പ്രതിമകൾ സമൂഹത്തിലെ ഉയർന്ന വിഭാഗക്കാർക്കു വേണ്ടിയായിരുന്നു പണ്ടുകാലത്തു നിർമിച്ചിരുന്നത്. ചതുരാകൃതിയിലുള്ള അറയിലായിരുന്നു പ്രതിമകളെല്ലാം. ഏകദേശം മുന്നൂറോളം പടയാളികളുടെ പ്രതിമകൾ കൂടാതെ ശത്രുക്കളെ ദൂരെ നിന്നു നിരീക്ഷിക്കാനുള്ള ‘വാച്ച് ടവറുകളുടെ’ ചെറുപതിപ്പുകളും ഉണ്ടായിരുന്നു. ഓരോ കളിമൺ ഗോപുരത്തിനും 140 സെ.മീ. വീതമായിരുന്നു ഉയരം. പക്ഷേ ഇതോടു ചേർന്നുള്ള കല്ലറ എവിടെയെന്ന ചോദ്യത്തിനു മാത്രം ഉത്തരമില്ല! ഒന്നുകിൽ കല്ലറ ആർക്കും കണ്ടെത്താനാകാത്ത ഒരിടത്തായിരിക്കും, അല്ലെങ്കിൽ അതു നശിപ്പിച്ചിട്ടുണ്ടാകും. എന്തു കൊണ്ടാണ് ലിയുവിന്റെ കല്ലറ ഒളിച്ചു വച്ചതെന്നു മാത്രം ഇപ്പോഴും രഹസ്യം. സമീപത്തു തന്നെ 13 അടി ഉയരമുള്ള ഒരു മണ്‍കൂനയ്ക്കു താഴെ കല്ലറയുണ്ടെന്ന നിഗമനത്തിൽ പരിശോധന തുടരുകയാണു പുരാവസ്തു ഗവേഷകർ.