ചെമ്പരത്തിക്ക്‘ഷൂ ഫ്ലവർ’ എന്ന പേരുവരാൻ കാരണം?
സുഭാഷ് ചമ്രവട്ടം
വർണങ്ങളുടെ മായാജാലമാണ് ആസിഡും ആൽക്കലിയും കാത്തുവച്ചിരിക്കുന്നത്. അതേക്കുറിച്ച് കൂടുതൽ അറിയാം.
രസതന്ത്രത്തെ രസകരവും കൗതുകകരവുമാക്കുന്നതിൽ സൂചകങ്ങൾക്കുള്ള പങ്ക് ചെറുതല്ല. സൂചിപ്പിക്കുന്നത് (Indicating) എന്ന അർഥത്തിൽ ഉപയോഗിക്കുന്ന പദങ്ങളെല്ലാം സൂചകമാണെങ്കിലും pH മൂല്യം അളക്കാനുപയോഗിക്കുന്ന പദാർഥങ്ങളെയാണ് രസതന്ത്രത്തിൽ സൂചകങ്ങൾ (Indicators) എന്നു പറയുന്നത്. ലിറ്റ്മസ്, ഫിനോൾഫ്തലിൻ, മീഥൈൽ ഓറഞ്ച്, മീഥൈൽ റെഡ് തുടങ്ങിയവയാണ് സാധാരണ ഉപയോഗിക്കാറുള്ള സൂചകങ്ങൾ. pH ന്റെ തീവ്രത കൃത്യമായറിയാൻ പിഎച്ച് പേപ്പർ, പിഎച്ച് മീറ്റർ, സാർവിക സൂചകം എന്നിവയും ഉപയോഗിക്കാറുണ്ട്. പല ശാസ്ത്ര മാജിക്കുകൾക്കും പിന്നിൽ സൂചകങ്ങളാണ്. ഒട്ടേറെ അന്ധവിശ്വാങ്ങളുടെയും അബദ്ധ ധാരണകളുടെയും കാരണവും സൂചകങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ്.
ചെമ്പരത്തിപ്പൂവേ
ലിറ്റ്മസ് പേപ്പറിന്റെ അതേ നിറവ്യത്യാസങ്ങൾ തരുന്ന പ്രകൃതിദത്ത സൂചകമാണ് ചെമ്പരത്തി പേപ്പർ. ചുവന്ന ചെമ്പരത്തി ദളങ്ങൾ ഉണക്കിപ്പൊടിച്ച് ശുദ്ധജലത്തിൽ രണ്ടു ദിവസം കുതിർത്തുവച്ച് മസ്‍ലിൻ തുണിയിലൂടെ അരിച്ചെടുക്കുമ്പോൾ ചെമ്പരത്തിയിലെ ആന്തോസയാനിൻ വെള്ളത്തിലെത്തിയിട്ടുണ്ടാവും. ഇതിലേക്ക് പേപ്പർ മുക്കി ഉപയോഗിക്കാം. ഈ രീതിയാണ് നല്ലത്. പക്ഷേ, ചെമ്പരത്തിദളങ്ങൾ വെള്ളക്കടലാസില്‍ ഉരച്ചുണ്ടാക്കുന്ന രീതിയണ് എളുപ്പം. സ്ലേറ്റ്, ബ്ലാക്ക് ബോർഡ് എന്നിവ കറുപ്പിക്കാൻ പണ്ടുകാലത്തു ചെമ്പരത്തി തേക്കാറുണ്ടല്ലോ. ഇതുപോലെ ഷൂ പോളിഷ് ചെയ്യാൻ പണ്ടുകാലത്ത് ഇത് ഉപയോഗിച്ചിരുന്നതിനാലാണ് ഇതിന് ‘ഷൂ ഫ്ലവർ’ എന്നു പേരു വന്നതെന്ന് എത്ര പേർക്കറിയാം?
ചെമ്പരത്തി സ്ക്വാഷ്
ചെമ്പരത്തിപ്പൂ അരച്ച് അരിച്ചെടുത്ത വെള്ളത്തിലേക്ക് ആവശ്യത്തിനു പഞ്ചസാര ചേർക്കുക. ലായനിക്കു ചെമ്പരത്തിപ്പൂവിന്റെ ആകർഷണീയത ഇല്ല അല്ലേ? എങ്കിൽ അൽപം നാരങ്ങനീര് ഒഴിച്ചു നോക്കൂ. രുചിയും നിറവും കൂടും... എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്..?
പിഎച്ച് മൂല്യം
പൊട്ടൻസ് ഓഫ് ഹൈഡ്രജൻ എന്നതിന്റെ ചുരുക്കെഴുത്താണ് പിഎച്ച് മൂല്യം (pH). 1909–ൽ ഡാനിഷ് ശാസ്ത്രജ്ഞനായ സൊറേൻ സൊറേൻസൻ ആണ് ഈ മൂല്യസമ്പ്രദായം ആവിഷ്കരിച്ചത്. ഈ രീതിയനുസരിച്ച് ഒരു ലായനിയുടെ മൂല്യം ‘0 മുതൽ 14’ വരെയുള്ള അക്കങ്ങളാൽ സൂചിപ്പിക്കുന്നു. ഇതു pH Scale എന്നറിയപ്പെടുന്നു. 7–ൽ താഴെ മൂല്യമുള്ളവ അമ്ലഗുണം (Acid) ഉള്ളവയെന്നും 7നു മുകളിലുള്ളവ ക്ഷാര(base) ഗുണമുള്ളവയെന്നും തരം തിരിച്ചിരിക്കുന്നു. ശുദ്ധജലത്തിന്റെ pH മൂല്യം 7 ആണ്.
ലിറ്റ്മസ്
ലിറ്റ്മസ് ആദ്യമായി ഉപയോഗിച്ചത് ഏകദേശം 1300 ADയിൽ സ്പാനിഷ് ഭൗതിക ശാസ്ത്രജ്ഞനായ അർണാൾഡസ് ഡി വില്ലനോവയാണ്. 16–ാം നൂറ്റാണ്ടിൽ നെതർസലൻഡിലും മറ്റും ചില ലൈക്കനുകളിൽ നിന്നു നീലച്ചായം വേർതിരിച്ചിരുന്നു. ലൈക്കനുകളിൽനിന്നു വേർതിരിച്ചെടുക്കുന്നതും ജലത്തിൽ ലയിക്കുന്നതുമായ മിശ്രിതമാണ് ലിറ്റ്മസ്. ലിറ്റ്മസ് ആഗിരണം ചെയ്യപ്പെട്ട അരിപ്പുകടലാസ് pH മൂല്യനിർണയത്തിന് ഉപയോഗിക്കുന്നു. ന്യൂട്രൽ ലിറ്റ്മസ് കടലാസിന്റെ നിറം പർപ്പിൾ ആണ്. ലിറ്റ്മസ് കടലാസ് ആസിഡിൽ മുക്കുമ്പോൾ ചുവപ്പുനിറവും ആൽക്കലിയിൽ നീലനിറവും കാണിക്കുന്നു. എന്നാൽ പർപ്പിൾ–നീല നിറവ്യത്യാസം തിരിച്ചറിയാൻ പ്രയാസമായതിനാൽ ചുവപ്പ് ലിറ്റ്മസ് ഉപയോഗിച്ചാണ് ആൽക്കലി പരിശോധിക്കാറുള്ളത്.
* ടെസ്റ്റ് ലായനിയിൽ ക്ലോറിൻ കലരാതിരിക്കാൻ
ശ്രദ്ധിക്കണേ.. കാരണം മറ്റു നിറങ്ങളെപ്പോലെ
ലിറ്റ്മസിനെയും പുള്ളി ബ്ലീച്ച് ചെയ്തു വെള്ളയാക്കിക്കളയും.
7– ഹൈഡ്രോക്സി ഫീനോക്സസോൺ
7– ഹൈഡ്രോക്സി ഫീനോക്സസോൺ എന്ന ഈ രാസവസ്തുവാണ് നിറവ്യത്യാസം ഉണ്ടാക്കുന്നത്. ലിറ്റ്മസ് ആസിഡിൽ മുക്കുമ്പോഴുണ്ടാവുന്ന ഡ്രൈപ്രോട്ടിക് ആസിഡാണ് ചുവപ്പുനിറം ഉണ്ടാകാന്‍ കാരണം. ചുവപ്പ് ലിറ്റ്മസ് ബേസിൽ മുക്കുമ്പോൾ H+ ഈ ബേസുമായി പ്രവർത്തിച്ചുണ്ടാവുന്ന കോന്‍ജുഗേറ്റ് ബേസിനു നീലനിറമാണുള്ളത്. അതായത് അസിഡിക് ലായനിയിൽ H+ നേടുന്നതും ബേസിക് ലായനിയിൽ H+ നഷ്ടപ്പെടുന്നതുമാണ് ലിറ്റ്മസിന്റെ നിറവ്യത്യാസത്തിനു കാരണം.
ഹൈഡ്രാഞ്ചിയ മക്രോഫൈല
ഹൈഡ്രാഞ്ചിയ ചെടിയുടെ പുഷ്പം മണ്ണിലെ pH മൂല്യം അനുസരിച്ചു നിറം മാറുന്ന ഒരു പ്രകൃതിദത്ത സൂചകമാണ്. പൊതുവെ അമ്ലഗുണമുള്ള മണ്ണിൽ വളരുന്ന ഹൈഡ്രാഞ്ചിയ ചെടികളിൽ നീലനിറത്തിലും ക്ഷാരഗുണമുള്ള മണ്ണിൽ വളരുന്നവയിൽ പിങ്ക് നിറത്തിലുമുള്ള പൂക്കളാണ് കാണപ്പെടുന്നത്.