വിശപ്പ് കൂട്ടുന്ന ആ നിറങ്ങൾ!

രത്യുഷ് തച്ചമുച്ചിക്കൽ

ആരാണു മിടുക്കൻ..? നിറങ്ങൾ തമ്മിൽ തർക്കമായി. നീല പറഞ്ഞു: ‘ഞാനാണു കേമൻ. നോക്കൂ ഭൂമിക്കും ആകാശത്തിനും സമുദ്രത്തിനും വെള്ളത്തിനുമെല്ലാം എന്റെ നിറമല്ലേ’. പച്ച വിട്ടില്ല: ‘അല്ല ഞാനാണു മിടുക്കൻ. ഈ കാണുന്ന ലോകത്തിനു പച്ചപ്പു നൽകുന്നതു ഞാനാണ്. ഞാനില്ലെങ്കിൽ ഈ ലോകം കാണാൻ ഒരുരസവുമുണ്ടാകില്ല.’. മഞ്ഞ ഇടയ്ക്കു കയറി: ‘കേമത്തം വിളമ്പണ്ട. സൂര്യനും ചന്ദ്രനും സൂര്യകാന്തിയുമെല്ലാം ഭൂമിയെ നോക്കി ചിരിക്കുന്നത് എന്റെ നിറത്തിലൂടെയാണ്’. ‘രക്തത്തിന്റെയും സ്നേഹത്തിന്റെയും നിറം ചുവപ്പാണ്’ ചുവപ്പു തറപ്പിച്ചുപറഞ്ഞു. മറ്റു നിറങ്ങളും അവരുടെ കേമത്തം വിളമ്പി. വാഗ്വാദം അടിപിടിയിൽ കലാശിച്ചു. ഈ സമയം മഴ ആ വഴി വന്നു: ‘നിങ്ങൾക്കെല്ലാവർക്കും ഓരോരോ പ്രത്യേകതകൾ ഉണ്ട്. എല്ലാവരും ചേരുമ്പോൾ മാത്രമേ ഭൂമിക്കു ചന്തമുണ്ടാകൂ. നിങ്ങളെല്ലാവരും പരസ്പരം കൈകോർത്ത് എന്നോടൊപ്പം വരിക’ – മഴ പറഞ്ഞു. അവർ അങ്ങനെ ചെയ്തു. നാളെയുടെ പ്രതീക്ഷയുടെ പ്രതീകമായി അവരെ മഴ ആകാശത്ത് വില്ലിന്റെ രൂപത്തിൽ പ്രതിഷ്ഠിച്ചു. ഭൂമിയെ നനയ്ക്കാൻ ഞാൻ വരുമ്പോൾ നിങ്ങൾ തെളിഞ്ഞുകാണുമെന്നും അനുഗ്രഹിച്ചു– അതാണു നമ്മുടെ മഴവില്ല്.

ബ്ലൂ റേ ഡിസ്ക് (Blu Ray Disc)
പ്രകാശത്തിന്റെ സഹായത്തോടെ (Laser) വിവരങ്ങൾ ഡിജിറ്റലായി ശേഖരിക്കാനുള്ള ഫോർമാറ്റാണിത്. DVD (Digital Versatile Disc) കൾക്കു പകരമായാണു ബ്ലൂ റേകൾ രംഗപ്രവേശം ചെയ്തിരിക്കുന്നത്. DVDയുടെ സ്റ്റോറേജ് കപ്പാസിറ്റി 4.7 GB ആണെങ്കിൽ ബ്ലൂ റേയുടേത് 25 GB (Single Layer), 50 GB (Dual Layer), 128 GB എന്നിങ്ങനെയാണ്. ഹൈഡെഫിനിഷൻ വിഡിയോകൾക്കു ഡിജിറ്റലായി ബിറ്റുകൾ കൂടുതലായിരിക്കും. ഇത്തരം സിനിമകൾ, വിഡിയോ ഗെയിമുകൾ എന്നിവ ഇന്നു ബ്ലൂ റേയിലാണു സ്റ്റോർ ചെയ്യുന്നത്. ചുവന്ന ലേസർ ഉപയോഗിച്ചാണു DVDകൾ റീഡ് അല്ലെങ്കിൽ റൈറ്റ് ചെയ്യുന്നതെങ്കിൽ നീല അല്ലെങ്കിൽ വയലറ്റ് ലേസർ ഉപയോഗിച്ചാണു വളരെയധികം വിവരങ്ങൾ ബ്ലൂ റേയിൽ കൈകാര്യം ചെയ്യുന്നത്. ചുവപ്പിനു തരംഗദൈർഘ്യം കൂടുതലും (650 നാനോ മീറ്റർ) വയലറ്റിനു തരംഗദൈർഘ്യം കുറവുമാണ് (405 നാനോ മീറ്റർ). തരംഗദൈർഘ്യം കുറഞ്ഞ വയലറ്റിനു ഡിസ്കിൽ കുറഞ്ഞ വിസ്തൃതിയിൽ വിവരങ്ങൾ എഴുതാനും വായിക്കാനും സാധിക്കും. ഇതുകൊണ്ടാണു ബ്ലൂ റേയിൽ ധാരാളം വിവരങ്ങൾ ശേഖരിക്കാൻ കഴിയുന്നത്. ഗാലിയം നൈട്രൈഡ് ലേസർ ഡയോഡുകളാണു വയലറ്റ് നിറം പുറപ്പെടുവിക്കുന്നത്.

എന്താണ് ഡോപ്ലർ പ്രഭാവം..?
ഒരു ആംബുലൻസ് നമുക്ക് നേരെ വരുമ്പോൾസൈറണിന്റെ ശബ്ദം കൂടിവരുന്നതായും, അതു നമ്മെ പിന്നിട്ട് പോയിക്കഴിഞ്ഞാൽ സൈറണ്‍ ശബ്ദം സപതിയെ കുറഞ്ഞ് മായുന്നതായും അനുഭവപ്പെടാറില്ലേ?ഡോപ്ലർ പ്രഭാവമാണു കാരണം. ഒരു സോഴ്സിൽ നിന്നു പുറപ്പെടുന്ന തരംഗങ്ങളുടെ ഫ്രീക്വൻസി സ്രോതസ്സ്, നിരീക്ഷ​കൻ, മാധ്യമം ഇവയുടെ ആപേക്ഷിക ചലനം മൂലം വ്യത്യാസപ്പെടാം എന്നതാണു ഡോപ്ലർ പ്രഭാവം.

ലളിതമായി പറഞ്ഞാൽ,ആംബുലൻസ് നമുക്ക് നേരെ വരുമ്പോൾ അതിന്റെ സൈറണില്‍ നിന്നു പുറപ്പെടുന്ന ഓരോ ശബ്ദതരംഗവും മുൻപുള്ള തരംഗത്തിനേക്കാൾ വേഗത്തിൽ നമുക്കരികിലെത്തും (നമ്മളും വാഹനവും തമ്മിലുള്ള ദൂരം കുറയുകയാണല്ലോ). ഇതു മൂലം ഫ്രീക്വൻസി കൂടും. നേരെ തിരിച്ച് വാഹനം നമ്മളിൽ നിന്ന് ഓടിയകലുമ്പോൾ ഫ്രീക്വൻസി കുറയുകയും ചെയ്യും. പ്രകാശത്തിലും ഇതുണ്ട്. ബഹിരാകാശ ശാസ്ത്രജ്ഞൻമാർ എപ്പോഴും പറയുന്ന ചുവപ്പു നീക്കത്തിനും നീല നീക്കത്തിനും കാരണം ഡോപ്ലർ പ്രഭാവമാണ്.

CD യുടെ നിറങ്ങൾ
CD (Compact Disc) അല്ലെങ്കിൽ DVD (Digital Versatile Disc) യിൽ കാണുന്ന മനോഹരമായ വർണദൃശ്യങ്ങൾക്കു കാരണം പ്രകാശത്തിന്റെ ഡിഫ്രാക്‌ഷൻ എന്ന പ്രതിഭാസമാണ്. CD യുടെ വിവരശേഖരണ പ്രതലം അനേകം വർത്തുള പാതകളായി വിഭജിച്ചിട്ടുണ്ട്. ഇതിൽ പ്രകാശം വീഴുമ്പോൾ അവ ഒരു ഡിഫ്രാക്‌ഷൻ ഗ്രേറ്റിങ് പോലെ പ്രവർത്തിക്കുന്നു. അതായത് ഒരു ഡിഫ്രാക്‌ഷൻ ഗ്രേറ്റിങ്ങിൽ വീഴുന്ന സമന്വിത പ്രകാശം അതിന്റെ ഘടകവർണങ്ങളായി വേർപിരിയുന്നു എന്നു സാരം. ഈ നിറങ്ങൾ പരസ്പരം കൂടിച്ചേരുന്നതിന്റെ ഫലമായി തിളക്കം കൂടിയതോ കുറഞ്ഞതോ ആയ നിറങ്ങൾ കാണാം. കണ്ണിന്റെ വർത്തുള പാതയുടെയുടെ അകലം വ്യത്യാസപ്പെടുന്നതനുസരിച്ചു നിറങ്ങളുടെ വ്യത്യസ്ത രൂപങ്ങൾ CDയിൽ ദൃശ്യമാകുന്നു.

ചുവപ്പു നീക്കവും നീല നീക്കവും
പ്രകാശ സ്രോതസ്സ് നിരീക്ഷിക്കുന്നയാളിൽ നിന്ന് അകലുമ്പോൾ തരംഗങ്ങളുടെ ഫ്രീക്വൻസി കുറയും. ഫ്രീക്വന്‍സി കുറയുമ്പോൾ തരംഗദൈർഘ്യം കൂടും. ഇതിന്റെ സ്പെക്ട്രം പരിശോധിച്ചാൽ ആഗിരണ രേഖകൾ (absorbation Lines) സ്പെക്ട്രത്തിന്റെ ചുവപ്പുഭാഗത്തേക്കു നീങ്ങുന്നതു കാണാം. ഇതാണു ചുവപ്പുനീക്കം (Red Shift). പ്രകാശ സ്രോതസ് നിരീക്ഷകനോട് അടുക്കുമ്പോൾ തരംഗങ്ങളുടെ ആവൃത്തി കൂടും. തരംഗദൈർഘ്യം കുറയും. ഇതാണു നീല നീക്കം (Blue Shift). ജ്യോതിശ്ശാസ്ത്രത്തിൽ ഇത്തരം നീക്കങ്ങൾക്കു വളരെ പ്രസക്തിയുണ്ട്. വളരെയധികം സഞ്ചാരവേഗമുള്ള വസ്തുക്കൾക്കാണിതു ബാധകം. ശാസ്ത്രത്തിൽ ഇതിനെ പ്രകാശപ്രവേഗവുമായി അടുത്ത പ്രവേഗമുള്ള വസ്തുക്കൾ എന്നു പറയും. ഭൂമിയിൽനിന്നു നോക്കുമ്പോൾ ആൻഡോമിഡ ഗാലക്സിയിൽ നിന്നുള്ള വെളിച്ചം നീലനീക്കം കാണിക്കുന്നു. ഇതിനർഥം ആൻഡ്രോമിഡ ഗാലക്സി നമ്മുടെ ഗാലക്സിയായ മിൽക്കിവേയുമായി അടുക്കുന്നു എന്നർഥം. വിവിധതരം ഗാലക്സികളെക്കുറിച്ചുള്ള പഠനത്തിൽനിന്നു നമുക്കു ലഭിച്ചത് ചുവപ്പുനീക്കമാണ്. പ്രപഞ്ചം വികസിക്കുന്നു എന്നാണ് ഇതിനർഥം.

വിശപ്പ് കൂട്ടുന്ന നിറം, പേടിപ്പിക്കുന്ന നിറം
ദേഷ്യവും ആകാംക്ഷയും തല്ലിക്കെടുത്തി ശാന്തത നൽകുന്ന നിറമാണത്രേ പിങ്ക് നിറം. അതുകൊണ്ടുതന്നെ ചില ജയിലുകൾ, മാനസികാരോഗ്യകേന്ദ്രങ്ങൾ ഇവ പെയ്ന്റ് ചെയ്യാൻ പിങ്ക് നിറം തിരഞ്ഞെടുക്കുന്നു.

വൻകിട ഹോട്ടലുകാരും ബേക്കറിക്കാരും അവരുടെ ബോർഡുകളും മറ്റും ചുവപ്പിലും മഞ്ഞയിലുമാണത്രേ എഴുതാറ്. ഇവ വിശപ്പിനെ ഉദ്ദീപിപ്പിക്കുന്ന നിറങ്ങളാണ് എന്നതാണു കാരണം. ഭക്ഷണക്രമീകരണമുള്ള ഒരാളുടെ അടുക്കളയുടെ ചായം മഞ്ഞയാവരുതെന്നാണു വയ്പ്. വിശപ്പു കുറയ്ക്കുന്ന നിറമാണത്രേ നീല.

നിറങ്ങളോടുള്ള ഭയത്തെ ക്രൊമോഫോബിയ അല്ലെങ്കിൽ ക്രൊമാറ്റോഫോബിയ എന്നാണു പറയാറ്. ഓറഞ്ചുനിറത്തിലുള്ള കപ്പിൽ നിറച്ചുവച്ച ഐസ്ക്രീമിനോ ചോക്ലേറ്റിനോ മറ്റു നിറങ്ങളിലുള്ള കപ്പിലുള്ളതിനെക്കാൾ രുചിയുണ്ടാവുമത്രേ... രാത്രിസമയങ്ങളിൽ നീലനിറത്തിലുള്ളതും കടുത്ത നിറത്തിലുള്ളതുമായ വസ്ത്രങ്ങൾ ഒഴിവാക്കേണ്ടതാണ്. കൊതുക് കൂടുതലായി ആകർഷിക്കപ്പെടും എന്നുള്ളതുകൊണ്ടാണ്. നിറം കുറഞ്ഞ വസ്ത്രങ്ങളാണു രാത്രികാലത്ത് ഉത്തമം. ചൊവ്വാഗ്രഹത്തിന്റെ നിറം ചുവപ്പാണ്. കാരണം അതിന്റെ മേൽപാളി നിറയെ അയൺ ഓക്സൈഡാണ്. ചുവപ്പുനിറവും കാളയുടെ ആക്രമണവുമായി ഒരുബന്ധവുമില്ലത്രേ. നിറങ്ങളെക്കാൾ ചലനത്തെ അടിസ്ഥാനപ്പെടുത്തിയാണു കാളകൾ ആക്രമിക്കാറ്. നിറത്തിന്റെ അമേരിക്കൻ ഇംഗ്ലിഷ് Color എന്നും ബ്രിട്ടിഷ് ഇംഗ്ലിഷ് Colour എന്നുമാണ്.