ഒരു വർഷമായാലും കേടാകാത്ത ‘കോസ്മിക്’ ആപ്പിൾ
‘ആപ്പിൾ’ എന്നാൽ ഐഫോൺ ഉണ്ടാക്കുന്ന കമ്പനി എന്നു തിരിച്ചറിയുന്ന കാലത്ത് ഒരു പുതുപുത്തൻ ആപ്പിൾ അവതരിപ്പിച്ച് ലോകത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ് യുഎസ്. ഫ്രിജില്‍ വച്ചാലും കുറച്ചു നാൾ കഴിയുമ്പോൾ സാധാരണ ആപ്പിളിന്റെ രുചിയും നീരുമെല്ലാം കുറയും. പക്ഷേ ഫ്രിജിൽ ഒരു കൊല്ലം മുഴുവനിരുന്നാലും പുത്തൻ ആപ്പിൾ പോലെ രുചിക്കുന്ന ഇനമാണ് യുഎസിൽ റെഡിയായിരിക്കുന്നത്.
കോസ്മിക് ക്രിസ്പ് എന്നു പേരിട്ട ഇത് 22 വർഷത്തെ ഗവേഷണത്തിനൊടുവിലാണ് വിളയിച്ചെടുത്തത്. ചെലവായതാകട്ടെ 75 കോടി രൂപയും! നക്ഷത്രങ്ങളെ അനുസ്മരിപ്പിക്കുന്ന മഞ്ഞപ്പൊട്ടുകൾ ആപ്പിളിന്മേലുള്ളതിനാലാണ് കോസ്മിക് ക്രിസ്പ് എന്ന പേര്. 3 വർഷം കൊണ്ടു വിളവെടുപ്പിനു പാകമാകുന്ന ഇത് കറുമുറാ കടിച്ചു തിന്നാം, നീരും കൂടുതലാണ്.
മറ്റേത് ആപ്പിളിനേക്കാളും മധുരവും കൂടുതലുണ്ടെന്നും വാഷിങ്ടൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഗവേഷകർ പറയുന്നു. യുഎസിൽ ഏറ്റവും കൂടുതൽ ആപ്പിൾ ഉൽപാദിപ്പിക്കുന്ന വാഷിങ്ടൻ സ്റ്റേറ്റിലെ കർഷകർക്കു മാത്രമായിരിക്കും ഈയിനം അടുത്ത ഒരു വർഷത്തേക്ക് കൃഷി ചെയ്യാനുള്ള ലൈസൻസ്.
Summary: Cosmic Apple