ഫുട്ബോളും കോഴിമുട്ടയും തമ്മിലെന്താ ബന്ധം?
തയാറാക്കിയത്: നവീൻ മോഹൻ
22 കളിക്കാരും പിന്നാലെയോടി തലങ്ങും വിലങ്ങും തട്ടിയാലും പുട്ടു പോലെയങ്ങു നിൽക്കും ഫുട്ബോൾ. എന്നാൽ ഒരു കോഴിമുട്ടയാണെങ്കിലോ? ചെറുതായൊരു തട്ടു മതി പൊട്ടിപ്പാളീസാകാൻ! അതിനിപ്പോൾ ഫുട്ബോളും കോഴിമുട്ടയും തമ്മിലെന്താ ബന്ധം? അത്തരമൊരു ബന്ധത്തിന്റെ കഥ വിയറ്റ്നാമിൽ നിന്നാണു വരുന്നത്. അതും റഷ്യൻ ലോകകപ്പിന്റെ സമയത്തു തന്നെ. കോഴിമുട്ട ഉപയോഗിച്ച് ഫുട്ബോൾ താരങ്ങളുടെയും ഭാഗ്യചിഹ്നങ്ങളുടെയുമെല്ലാം കുഞ്ഞൻ ശിൽപങ്ങൾ നിർമിക്കുന്ന ഒരു അപ്പൂപ്പനാണ് ഇവിടെ താരം. ‘എഗ് ഷെൽ ആർട്’ എന്നറിയപ്പെടുന്ന ആ കരകൗശല വിദ്യയിലൂടെ അദ്ദേഹം ഇതിനോടകം നിർമിച്ചത് ആയിരത്തോളം പ്രതിമകളും.
ങ്‌കുയെൻ താൻ ടാം എന്ന ഈ അറുപത്തിയേഴുകാരൻ റഷ്യൻ ലോകകപ്പിന്റെ ഭാഗ്യചിഹ്നത്തെയും മുട്ടത്തോടു കൊണ്ടു നിർമിച്ചു. മുട്ടത്തോടു കൊണ്ടുള്ള മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമെല്ലാം ഇദ്ദേഹത്തിന്റെ കലക്‌ഷനിലുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും പുതിയതാണ് റഷ്യൻ ലോകകപ്പ് ഭാഗ്യചിഹ്നമായ ‘സാബിവാക’ എന്ന സൈബീരിയൻ ചെന്നായ. ഗോളടിക്കുന്നവൻ എന്നാണു റഷ്യൻ ഭാഷയിൽ സാബിവാക എന്ന വാക്കിന്റെ അർഥം. റഷ്യൻ വിദ്യാർഥിനിയായ ഏക്കാറ്ററീന ബോഷറോവയാണ് ഇത്തവണ ഭാഗ്യചിഹ്നം ഡിസൈൻ ചെയ്തെടുത്തത്. കൂട്ടത്തിൽ കടുവയും പൂച്ചയുമൊക്കെ മത്സരിക്കാനുണ്ടായിരുന്നു. പത്തുലക്ഷത്തിലേറെ പേർ ഭാഗ്യചിഹ്നത്തിനു വേണ്ടിയുള്ള വോട്ടെടുപ്പിൽ പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ടതാകട്ടെ ഈ ‘ക്യൂട്ട്’ ചെന്നായയെയും.
2014 ബ്രസീൽ ലോകകപ്പിൽ ഫുലേക്കോ ആയിരുന്നു ഭാഗ്യചിഹ്നം. വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന അർമാഡിലോ എന്ന ജീവിയെയാണു ഫുലേക്കോ ആക്കി മാറ്റിയത്. ഇനി വിയറ്റ്നാമിലേക്കു തിരികെ വരാം. അവിടെ ഹോ ചി മിൻ സിറ്റിയിലാണ് അറുപത്തിയേഴുകാരനായ താൻ ടാമിന്റെ താമസം. അധ്യാപകനായിരുന്നു ഇദ്ദേഹം. 2002ലെ ക്രിസ്മസ് കാലത്താണ് ‘എഗ് ഷെൽ ആർട്ടിലേക്കു തിരിയുന്നത്. ക്രിസ്മസ് അപ്പൂപ്പന്റെ കുഞ്ഞുപ്രതിമയ്ക്കു കുടവയറായി ഉപയോഗിക്കാനുള്ള വസ്തു തിരഞ്ഞുള്ള അന്വേഷണം എത്തിയത് മുട്ടത്തോടിലായിരുന്നു. പിന്നെ മുട്ടത്തോടു കൊണ്ടു പലതരം പ്രതികമകൾ നിർമിക്കലായി താൻ ടാമിന്റെ ഹോബി.
ഫുട്ബോളാണ് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട കായികവിനോദം. അതോടെ ഫുട്ബോളുമായി ബന്ധപ്പെട്ട വസ്തുക്കളായി മുട്ടത്തോടു ശിൽപങ്ങളിലേറെയും. കളിക്കാരോടൊപ്പം തന്നെ ലോകകപ്പിന്റെയും യൂറോ കപ്പിന്റെയും ഒളിംപിക്സിന്റെയും ഉൾപ്പെടെ ഭാഗ്യചിഹ്നങ്ങളും ഇദ്ദേഹം മുട്ടത്തോടിൽ തീർത്തിരുന്നു. പക്ഷിമൃഗാദികളും താൻ ടാമിന്റെ കരവിരുതിൽ മുട്ടത്തോടിൽ വിരിഞ്ഞിറങ്ങി. ചാർളി ചാബ്ലിൻ, ബറാക് ഒബാമ തുടങ്ങിയവരുടെ മുട്ടത്തോടു ശിൽപവും ഇദ്ദേഹം നിർമിച്ചിട്ടുണ്ട്. അതീവ ശ്രദ്ധ ആവശ്യമുണ്ട് ഈ ഹോബിക്ക്. കണ്ണൊന്നു തെറ്റിയാൽ മുട്ടത്തോടു പൊട്ടും, അതുവരെയുള്ള അധ്വാനം മുഴുവൻ വെറുതെയാകും. മികച്ച ആകൃതിയുള്ള മുട്ടത്തോടു തന്നെ വേണം ഇതെല്ലാം നിർമിക്കാൻ. അതിനാൽത്തന്നെ കോഴിമുട്ട മാത്രമല്ല കാടമുട്ടയും ഒട്ടകപ്പക്ഷിയുടെ മുട്ടയും വരെ ഇദ്ദേഹം ശേഖരിക്കുന്നുണ്ട്. മുട്ടത്തോടിൽ കളിമണ്ണു വച്ചാണു കരവിരുത്. ഭംഗിക്കായി മുട്ടത്തോടു പൊടിച്ച് ഒട്ടിച്ചു ചേർക്കും. കടലാസില്‍ വിവിധ രൂപങ്ങൾ വരച്ചും മുട്ടത്തോടിൽ പശവച്ച് ഒട്ടിക്കും. എന്നാൽ തന്റെ ശില്‍പങ്ങളിൽ ഒരെണ്ണം പോലും അദ്ദേഹം വിൽക്കില്ല. വീട്ടിൽ നിറയെ ഇത്തരം ശിൽപങ്ങളുമാണ്. എഗ് ഷെൽ ആർട്ടിൽ ലോക റെക്കോർഡിടുകയാണു ലക്ഷ്യം.