നോട്ടില്ല, രൂപമില്ല; ഇത് നിഗൂഢമായ ക്രിപ്റ്റോകറൻസി !, Cryptocurrency, Euro, Rupee, Manorama Online

നോട്ടില്ല, രൂപമില്ല; ഇത് നിഗൂഢമായ ക്രിപ്റ്റോകറൻസി !

ഡിജിറ്റൽ ലോകത്തെ അദ്ഭുതമായ ക്രിപ്റ്റോകറൻസിയെകുറിച്ച് അറിയാം, ഒപ്പം കൂടുതൽ വെർച്വൽ കറൻസി വിശേഷങ്ങളും. ഇന്ത്യൻ കറൻസി: രൂപ യുഎസിന്റേത് ഡോളർ‌ യൂറോപ്പിന്റേത് യൂറോ. ഇതുപോലെ ഒന്നാണോ ക്രിപ്റ്റോകറൻസി. കറൻസി തന്നെ, എന്നാൽ ഇത് ഡിജിറ്റൽ നാണയം. നോട്ടില്ല, രൂപമില്ല, ഇതര ദേശീയ കറൻസികൾ പോലെ സ്വർണമോ മറ്റ് ആസ്തികളോ ഈടില്ല, റിസർവ് ബാങ്കും(ഇന്ത്യ) ഫെഡറൽ റിസർവും(യുഎസ്) പോലെ നിയന്ത്രണ സംവിധാനങ്ങളുമില്ല. ഫലത്തിൽ ഇന്റർനെറ്റ് പോലെ അനിയന്ത്രിതമാണ് ഈ ഡിജിറ്റൽ കറൻസി. രൂപമില്ലാത്തതിനാൽ വെർച്വൽ കറൻസിയെന്നും വിളിപ്പേരുണ്ട്.

നിഗൂഢം
ക്രിപ്റ്റോ എന്ന ഗ്രീക്ക് പദത്തിന്റെ അർ‌ഥം മറഞ്ഞിരിക്കുന്നത്, നിഗൂഢം എന്നെല്ലാമാണ്. അതിൽ നിന്നാണ് ക്രിപ്റ്റോകറൻസി എന്ന പേര് വന്നത്. നിഗൂഢവും അതി സങ്കീർണവുമായി അൽഗോരിതങ്ങൾ (കംപ്യൂട്ടർ ഗണിത സമസ്യകൾ) കോർത്തിണക്കി വൻ ശേഷിയുള്ള കംപ്യൂട്ടറുകളിൽ സൃഷ്ടിക്കപ്പെടുന്നവയാണ് അവ. ഈ കുരുക്കുകൾ അഴിച്ച് ആർക്കുവേണമെങ്കിലും കറൻസി സ്വന്തമാക്കാം. ഇത്തരത്തിൽ ക്രിപ്റ്റോകറൻസി സ്വന്തമാക്കുന്നതിന് മൈനിങ്(ഖനനം) എന്നാണു പറയുക.

ബിറ്റ്‌കോയിൻ
2009ൽ ജപ്പാനിൽനിന്നുള്ള സതോഷി നകമോട്ടോ എന്നയാളാണ് ആദ്യ ക്രിപ്റ്റോകറൻസിയായ ബിറ്റ്‌കോയിൻ പുറത്തിറക്കിയത്. ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യയിലൂടെയാണ് ബിറ്റ്‌കോയിന്റെ നിർമിതി. ബിറ്റ്‌കോയിൻ വികസനത്തിനിടെ വീണുകിട്ടിയ സാങ്കേതിക വിദ്യയാണ് ബ്ലോക്ക് ചെയിൻ എന്നും വേണമെങ്കിൽ പറയാം. വികേന്ദ്രീകൃതവും സുതാര്യമായ വിവര ശേഖരമാണ് ബ്ലോക്ക് ചെയിൻ. ഓരോ കാര്യവും അതിനു മുൻപുള്ളതുമായി കണ്ണിചേർന്നു കിടക്കുന്ന വിദ്യ. അതിനാൽ ഈ ശൃംഖല സുതാര്യമായിരിക്കും.

8 ഡോളറിൽ നിന്ന് 20000 ഡോളറിലേക്ക്
2017–18 കാലയളവിൽ ഒരു വർഷത്തിനിടെ ബിറ്റ്‌കോയിന്റെ മൂല്യം 8 ഡോളറിൽ നിന്ന് 20,000 ഡോളറിനു മുകളിലേക്കു കുതിച്ചുകയറി. അതായത് ഏതാണ്ട് 500 രൂപയിൽനിന്ന് 12.5 ലക്ഷം രൂപയിലേയ്ക്ക്. ബിറ്റ്‌കോയിൻ വ്യാപാരം വ്യാപകമായതും ഊഹക്കച്ചവടക്കാർ ഈ മായ കറൻസിയിൽ നോട്ടമിട്ടതുമാണ് കുതിച്ചുകയറ്റത്തിനു കാരണമായത്. എന്നാൽ സർക്കാരുകളും കേന്ദ്ര ബാങ്കുകളും ക്രിപ്റ്റോകറൻസികളെ പിടിച്ചുകെട്ടാൻ ആലോചന തുടങ്ങിയതോടെ ഇടിവിന്റെ കാലമായി. തുടർന്നുള്ള ഒരു വർഷത്തിനിടെ വില 4000 ഡോളറിലേക്കു കൂപ്പുകുത്തി. നിലവിൽ വില 9500 ഡോളർ( 6.5 ലക്ഷം രൂപ).

രണ്ടായിരത്തിൽ അധികം
ബിറ്റ്‌കോയിൻ ഇന്നുള്ള അനേകം ക്രിപ്റ്റോകറൻസികളിൽ ഒന്നു മാത്രം. നിലവിൽ 2200ൽ അധികം ക്രിപ്റ്റോകറൻസികൾ പ്രചാരത്തിലുണ്ട്. ഇവയെല്ലാം ചേർന്നുള്ള മൂല്യം 11,946 കോടി ഡോളർ (ഏകദേശം 8 ലക്ഷം കോടി രൂപ). ലിബ്ര എന്ന പേരിൽ ഫെയ്സ്‌ബുക് സ്വന്തം ഡിജിറ്റൽ കറൻസി ഇറക്കാനൊരുങ്ങുകയാണ്.

ആശങ്കകൾ
∙നിയന്ത്രണ സംവിധാനങ്ങളില്ലാത്ത ക്രിപ്റ്റോകറൻസി എന്തെല്ലാം പുലിവാലുകൾ സൃഷ്ടിക്കുമെന്നതാണ് പ്രധാന ആശങ്ക.
∙കള്ളപ്പണം, ഭീകരവാദം തുടങ്ങി പ്രതിലോമ പ്രവർത്തനങ്ങൾക്കെല്ലാം അടിസ്ഥാനം ക്രിപ്റ്റോകറൻസിയായി മാറാം.
∙ഈടില്ലാത്ത, അടിസ്ഥാന മൂല്യമില്ലാത്ത ഇവയ്ക്ക് ഊഹക്കച്ചവടത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന വിലയാണ് മൂല്യം. അതിനാൽ വലിയ ചാഞ്ചാട്ടങ്ങൾക്ക് സാധ്യതയുണ്ട്.

ക്രിപ്റ്റോ കറൻസികൾ
ബിറ്റ്‌കോയിൻ
ലൈറ്റ്കോയിൻ
എതേറിയം
റിപ്പിൾ
ബിറ്റ്‌കോയിൻ കാഷ്
സ്റ്റെല്ലാർ
മണീറോ
ഡാഷ്
അയോട്ട

നിരോധിക്കാൻ ഇന്ത്യ
ക്രിപ്റ്റോകറൻസികൾ രാജ്യത്ത് നിരോധിക്കണമെന്ന് ധനമന്ത്രാലയ സമിതി 2019 ജൂണിൽ ശുപാർശ ചെയ്തു. ചൈന 2018 ഫെബ്രുവരിയിൽ ക്രിപ്റ്റോകറൻസി നിരോധിച്ചിരുന്നു.