തമിഴ്നാട്ടിൽ നിന്നും കാലിൽ വളയമിട്ട പക്ഷികള്‍ ചൈനയിലും റഷ്യയിലും?
ദീർഘദൂരം യാത്ര ചെയ്തു കേരളത്തിൽ എത്തുന്ന ദേശാടനപ്പക്ഷിയാണ് കടൽക്കാട. ഉത്തരധ്രുവപ്രദേശങ്ങളും സൈബീരിയയും അലാസ്കയുമാണ് ജന്മദേശങ്ങൾ. ആഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസീലൻഡ് തുടങ്ങിയ സ്ഥലങ്ങളിലേക്കും ദേശാടനം നടത്താറുണ്ട്. ഇവയുടെ ദേശാടനരഹസ്യങ്ങൾ പഠിക്കാനായി ചില പക്ഷികളെ കാലിൽ വളയമിട്ടു(Ringing) വിട്ടിരുന്നു. ഒഡീഷയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും വളയമിട്ടു വിട്ട ചില പക്ഷികളെ ചൈനയിലും റഷ്യയിലും കസഖ്സ്ഥാനിലും കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിൽ വിരളമായേ കാണാറുള്ളൂ. പൊതുവെ വലിയ കൂട്ടമായിട്ടാണ് കാണുന്നത്. ജലാശയത്തിലേക്ക് ഇറങ്ങിനടന്ന് ഇരതേടുന്ന ശീലമുണ്ട്. സെപ്റ്റംബർ മുതൽ ഇന്ത്യയിൽ കാണാം. ഏപ്രിൽ മാസത്തിലാണ് സ്വദേശത്തേക്കു തിരിച്ചുപോവുക. അഴിമുഖങ്ങളും കടൽത്തീരങ്ങളും ചതുപ്പുകളും ചെളിത്തിട്ടകളുമാണ് ആവാസ സ്ഥാനങ്ങൾ. വിരളമായി ഉൾനാടൻ പാടങ്ങളിലും കാണാം പ്രാണികളും പുഴുക്കളും കക്കകളുമാണ് മുഖ്യാഹാരം. ധാന്യങ്ങളും ഭക്ഷിക്കാറുണ്ട്. പൂഴിയിൽ നിന്ന് നേരിട്ട് ഇരകളെ കൊത്തിപ്പിടിച്ചു വിഴുങ്ങും. തുരുമ്പിന്റെ നിറവും പുള്ളികളുമുള്ള ഒരിനം ജലപ്പക്ഷി എന്നാണ് ഇതിന്റെ ശാസ്ത്രനാമത്തിന്റെ അർഥം. സന്താനോൽപാദന കാലത്ത് ഇതിന്റെ ദേഹത്തു തുരുമ്പ് നിറം പ്രത്യക്ഷപെടും. ഇതാണ് ഈ പേരിന്റെ കാരണം.
ഉത്തരധ്രുവ പ്രദേശത്തെ തുന്ദ്ര (Tundra) മേഖലകളിലാണ് ഇതു കൂടു കൂട്ടുന്നത്. ജൂൺ, ജൂലൈ മാസങ്ങളാണ് പ്രജനന കാലം. ജലാശയങ്ങളുടെ തീരങ്ങളിലാണ് കൂടുകൾ കാണപ്പെടുന്നത്.
പ്രജനന കാലത്തു പൂവൻ വായുവിൽ തിരിഞ്ഞും മറിഞ്ഞും പറന്ന് അഭ്യാസങ്ങൾ കാണിക്കും. പിടയെ ആകർഷിക്കാനാണ് ഈ അഭ്യാസങ്ങൾ. മൂന്നോ നാലോ മുട്ടയിടും. പെൺപക്ഷി മുട്ടയിട്ട് ഏറെ താമസിയാതെ ആൺപക്ഷികൾ ദേശാടനത്തിനു പുറപ്പെടും. പെൺപക്ഷിയാണ് അടയിരിക്കുന്നതും കുഞ്ഞുങ്ങളെ തീറ്റിപ്പോറ്റുന്നതും.
1975 നും 2009 നും ഇടയിൽ ദക്ഷിണാഫ്രിക്കയിലും ഓസ്ട്രേലിയയിലും ഈ പക്ഷിയുടെ എണ്ണം 40 ശതമാനത്തോളം കുറഞ്ഞു പോയതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. പ്രജനന കാലത്ത് ശിരസ്സും കഴുത്തും അടിവശം ഏറെക്കുറെ കടും തവിട്ടുനിറത്തിലായിരിക്കും. പെണ്ണിന്റെ കൊക്കിനായിരിക്കും നീളക്കൂടുതൽ.
പ്രജനനേതര കാലത്തു ദേഹത്തിന്റെ മുകൾ ഭാഗത്തിനു മങ്ങിയ ചാരനിറമാണ്. അടിവശത്തിനു വെളുപ്പാണ്. നെഞ്ചിന്റെ ഇരുവശങ്ങളിലും നേരിയ തവിട്ടുകലർന്ന ചാരനിറം കാണാം. വെളുത്ത കൺപുരികവും വ്യക്തമായിരിക്കും.
Summary : Curlew Sandpiper