480 വർഷം പഴക്കം, ദുരൂഹ വിഷം; രാജാവിന്റെ കല്ലറ തുറന്ന ഗവേഷകർക്ക് കൂട്ടമരണം
കല്ലറ, മമ്മികൾ എന്നൊക്കെ കേട്ടാൽ മനസ്സിലേക്ക് ആദ്യം പേടിനിറച്ച് ഓടിയെത്തുക ഈജിപ്തിലെ പിരമിഡുകളായിരിക്കും. പേടിപ്പെടുത്താൻ തുത്തൻഖാമൻ ഫറവോയുടെ ഉൾപ്പെടെ ഒട്ടേറെ മമ്മിക്കഥകളുമുണ്ട്. തുത്തൻഖാമന്റെ കല്ലറ തുറന്നവരെ ഫറവോയുടെ ശാപം പിന്തുടർന്നെന്നാണു കഥ. പക്ഷേ കല്ലറ തുറക്കാൻ നേതൃത്വം നൽകിയ ഹൊവാർഡ് കാർട്ടർ എന്ന പര്യവേഷകൻ 64–ാം വയസ്സിൽ പ്രായത്തിന്റേതായ പ്രശ്നങ്ങൾ കാരണമാണു മരിച്ചത്. എന്നാൽ ശരിക്കും മമ്മിയുടെ ‘ശാപം’ പിന്തുടർന്ന കഥ പോളണ്ടിൽ നിന്നുണ്ട്. കശിമിഷ് യഗിലോഞ്ച്ക് നാലാമന്‍ രാജാവിന്റെ കല്ലറ തുറന്ന ഗവേഷകരാണ് അസ്വാഭാവികമായി പല ദിവസങ്ങളിൽ മരിച്ചു വീണത്. എന്നാൽ അതു ശാപം കൊണ്ടൊന്നുമല്ല കേട്ടോ. അതിനു മരണത്തിനു പിന്നിലൊരു ശാസ്ത്ര രഹസ്യമുണ്ടായിരുന്നു.
1447 മുതൽ 1492 വരെ പോളണ്ട് ഭരിച്ചിരുന്നത് കശിമിഷ് ആയിരുന്നു. ഭാര്യ എലിസബത്തും എട്ട് ആൺകുട്ടികളും ഏഴു പെൺകുട്ടികളുമായി സുഖജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. പോളണ്ടിലെ ക്രാക്കോവിലുള്ള ഒരു കൊട്ടാരത്തോടു ചേർന്നായിരുന്നു രാജാവിന്റെയും പത്നിയുടെയും കല്ലറ. വർഷങ്ങളോളം ആരും അനക്കാതെ വച്ചിരുന്ന കല്ലറയിൽ പക്ഷേ പുരാവസ്തു ഗവേഷകർക്ക് ഒരിക്കൽ കൗതുകം തോന്നി. കല്ലറ തുറക്കാനുള്ള അനുവാദം അവർ സർക്കാരിൽ നിന്നു സ്വന്തമാക്കി. അങ്ങനെ 1973 ഏപ്രിൽ 13നു കല്ലറ തുറക്കാൻ തീരുമാനമായി. 12 ഗവേഷകരെയാണ് ഇതിനു വേണ്ടി നിയോഗിച്ചത്. കല്ലറ തുറന്ന് അകച്ചു കയറിയപ്പോൾ ആദ്യം കണ്ണിൽപ്പെട്ടത് മരം കൊണ്ടുള്ള ശവപ്പെട്ടി. അതാകട്ടെ ദ്രവിച്ചു പൊടിഞ്ഞ അവസ്ഥയിലും. അതോടൊപ്പം രാജാവിന്റെ ഭൗതിക ശരീരാവശിഷ്ടങ്ങളും ദ്രവിച്ച നിലയിൽ അവിടെ ചിതറിക്കിടന്നിരുന്നു. അന്നേരം ആർക്കും അറിയില്ലായിരുന്നു ‘ശാപം’ തങ്ങൾക്കു മേൽ പതിച്ചെന്ന്.
കല്ലറ തുറന്ന് നാലു ദിവസത്തിനകം സംഘത്തിലെ നാലു പേർ മരിച്ചു. തൊട്ടടുത്ത ദിവസങ്ങളിൽ മറ്റുള്ളവരും. ഒടുവിൽ ആകെ അവശേഷിച്ചത് രണ്ടേ രണ്ടു പേർ–മൈക്രോബയോളജിസ്റ്റായ ഡോ.ബൊലേസ്‌ലോ സ്മൈക്കും ഡോ.എഡ്വേഡ് റോസിക്കിമും. സ്മൈക്കിനാകട്ടെ പിന്നീടുള്ള വർഷങ്ങളില്‍ ശ്വാസകോശ സംബന്ധിയായ പ്രശ്നങ്ങളായിരുന്നു. ശേഷിച്ചവർ മരിച്ചതെങ്ങനെയെന്ന അന്വേഷണവും എത്തിച്ചേർന്നത് ശ്വാസകോശ സംബന്ധിയായ പ്രശ്നങ്ങളിലും. അങ്ങനെയാണ് ഡോ.സ്മൈക് രാജാവിന്റെ കല്ലറയിൽ നിന്നുള്ള വസ്തുക്കൾ പരിശോധിച്ചത്. കണ്ടെത്തിയതാകട്ടെ ഞെട്ടിപ്പിക്കുന്ന ഒരു കാര്യവും.
ശ്വസിച്ചാൽ മനുഷ്യശരീരത്തെ മാരകമായി ബാധിക്കുന്ന ഫംഗസുകളുടെ സാന്നിധ്യമായിരുന്നു അതിൽ- ആസ്പെർഗില്ലസ് ഫ്ലേവസ്, പെനിസിലിയം റെഗ്‌ലോസം, പെനിസിലിയം റബ്റം എന്നിവയായിരുന്നു ആ ഫംഗസുകൾ. ബി1, ബി2 എന്നീ അതീവമാരകമായ ‘അഫ്ലാടോക്സിൻ’ വിഭാഗത്തിലെ വിഷമാണ് ഈ ഫംഗസുകൾ ഉൽപാദിപ്പിക്കുക. രാജാവിന്റെ മരണകാരണവും ഈ ഫംഗസുകളാണെന്നാണു കരുതുന്നത്. അതല്ല, രാജാവിന്റെ മരണശേഷം കല്ലറയിൽ മോഷണത്തിനും മറ്റുമായെത്തുന്നവരെ ഇല്ലാതാക്കാൻ ഒരുക്കിയ കെണിയാണെന്നും പറയപ്പെടുന്നുണ്ട്.
ലോകത്തിന്റെ പല ഭാഗത്തും ഇത്തരത്തിൽ മമ്മികളിൽ അതീവ മാരകമായ ഫംഗസുകളെ കണ്ടെത്തിയിട്ടുണ്ട്. 1976ൽ ഈജിപ്തിലെ ഒരു ഫറവോയുടെ കല്ലറ പാരിസിലെത്തിച്ചു പരിശോധിച്ചപ്പോൾ ഇത്തരത്തിലുള്ള 89 തരം ഫംഗസുകളെയാണ് ഒരൊറ്റ മമ്മിയിൽ നിന്നു മാത്രം ലഭിച്ചത്. കോളനികളായിട്ടാണ് ഇവയുടെ വാസം. ഇത്തരത്തിലുള്ള 370 കോളനികളും കണ്ടെത്തി. എന്നാൽ പോളണ്ടിൽ നിന്നുള്ള അനുഭവം ഗവേഷകർക്കുണ്ടായിരുന്നതിനാൽത്തന്നെ കല്ലറ തുറക്കുമ്പോൾ ഗവേഷകരെല്ലാം മുഖാവരണം ധരിച്ചിരുന്നു. തുടർന്ന് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള മമ്മികളും മൈക്രോബയോളജിസ്റ്റുകൾ പരിശോധിച്ചു. 1999ൽ നടത്തിയ പരിശോധനയിൽ ഏകദേശം 40 മമ്മികളിൽ മാരകമായ ഫംഗസുകളെ കണ്ടെത്തിയിരുന്നു. പലതും മനുഷ്യനെ കൊന്നൊടുക്കാൻ തക്ക ശക്തിയുള്ളതായിരുന്നു.
ആയിരക്കണക്കിനു വർഷങ്ങൾ വരെ യാതൊരു പ്രശ്നവുമില്ലാതെ ജീവിക്കാൻ ശേഷിയുള്ളവയായിരുന്നു ഈ ഫംഗസുകൾ. കല്ലറകൾ തുറക്കുന്നതോടെ അന്തരീക്ഷത്തിലേക്ക് വായു കടന്നുവരുന്നതാണു പ്രശ്നം. അതോടെ ഫംഗസുകൾക്ക് അനക്കം തട്ടും. അവ വായുവിൽ കലരും. അത് ശ്വസിക്കുന്നതോടെ വിഷം ഉൽപാദിപ്പിക്കപ്പെടുകയും മരിക്കുകയും ചെയ്യും. മൂക്കിലൂടെയും വായിലൂടെയും കണ്ണിലൂടെയും വരെ ഈ ഫംഗസുകൾ അകത്തേക്കു കടക്കുമെന്നതാണു പ്രശ്നം.