കരടി ഉറങ്ങിയിരുന്ന ഗുഹ, അവിടെ മനുഷ്യരുടെ അസ്ഥികളും നിഗൂഢചിത്രങ്ങളും!
ജംഗിള്‍ബുക്ക് സിനിമ കണ്ടിട്ടുള്ളവരാരും ബാലുക്കരടിയെയും മൗഗ്ലിയെയും ബഗീരയെയുമൊന്നും മറക്കില്ല. ചിത്രത്തിൽ ഒരു രംഗമുണ്ട്. ബാലുക്കരടിക്കൊപ്പം ഗുഹയിൽ ജീവിച്ചുവരികയായിരുന്നു മൗഗ്ലി. ഒരു ദിവസം ബഗീരപ്പുലി വന്നിട്ടു പറഞ്ഞു മൗഗ്ലി തനിക്കൊപ്പം വരണമെന്ന്. പക്ഷേ നിലവിലെ സാഹചര്യത്തില്‍ വരാനാകില്ലെന്നായിരുന്നു മൗഗ്ലിയുടെ മറുപടി. അതിനു കാരണമായി പറഞ്ഞതെന്താണെന്നോ? ഹൈബര്‍നേഷന്‍ അഥവാ ശിശിരനിദ്രയ്ക്ക് ഒരുങ്ങുന്നതിന് ബാലുക്കരടിയെ സഹായിക്കാന്‍ ഒരാളു വേണം. അതായത്, ബാലുവിന്റെ ഗുഹയ്ക്കു സമീപത്തെ പാറക്കൂട്ടത്തില്‍നിന്ന് തേനെടുത്തു കൊടുക്കാൻ ഒരാള്‍ വേണം.
പക്ഷേ ആവശ്യത്തിനു ഭക്ഷണം ലഭിക്കുന്ന ആ കാട്ടില്‍ ബാലുവിന് ശീതകാലനിദ്ര നടത്തേണ്ട ആവശ്യമൊന്നുമില്ലെന്നായിരുന്നു ബഗീരയുടെ മറുപടി. ഭക്ഷണത്തിനു ക്ഷാമം അനുഭവപ്പെടുന്ന ശൈത്യകാലത്ത് ചില മൃഗങ്ങൾ സ്വീകരിക്കുന്ന രീതിയാണ് ശിശിരനിദ്ര. വയറുനിറയെ ഭക്ഷണം കഴിച്ച് ഒരു ഗുഹ കണ്ടെത്തി അതിനകത്തു മാസങ്ങളോളം ചുരുണ്ടു കിടന്നുറങ്ങുന്നതാണിത്. ബ്ലാക്ക് ബെയര്‍ എന്നറിയപ്പെടുന്ന കരടികള്‍ ഏഴരമാസം വരെ ഇങ്ങനെ ഉറങ്ങുമെന്നു കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ഗുഹകളുടെ പരിസരത്തു പോലും ആരും അടുക്കാത്തതാണു പതിവ്. വിശന്നുറങ്ങുന്ന കരടി ഉറക്കമുണര്‍ന്നാല്‍ മുന്നില്‍പ്പെട്ടതാരാണെങ്കിലും കഥകഴിഞ്ഞെന്നര്‍ഥം!
അത്തരത്തില്‍ കരടികള്‍ ശിശിരിദ്രയ്ക്കു തിരഞ്ഞെടുക്കുന്ന ഒരു ഗുഹ ഗവേഷകര്‍ വര്‍ഷങ്ങള്‍ക്കു മുന്‍പു കണ്ടെത്തിയിരുന്നു. അതിനകത്തു തിരഞ്ഞപ്പോള്‍ കണ്ടെത്തിയതാകട്ടെ പ്രാചീനകാലത്തെ മനുഷ്യരുടെ അസ്ഥികളും. കൂടാതെ ചുമരില്‍ പലതരം ഗുഹാചിത്രങ്ങളും. കരടി കൊന്നതല്ല ആ മനുഷ്യരെ എന്നാണു ഗവേഷകര്‍ പറയുന്നത്. മറിച്ച്, മരണവുമായി ബന്ധപ്പെട്ടു പ്രാചീനകാലത്തുണ്ടായിരുന്ന ആചാരങ്ങളാണ് ഗവേഷകരെ അമ്പരപ്പിച്ചത്. മൃതദേഹം ഗുഹയില്‍ അടക്കം ചെയ്യുന്നതിന്റെ ഭാഗമായിട്ടായിരുന്നത്രേ ചുമരുകളിലെ ചിത്രംവര. തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പ്രശസ്തമായ ‘ക്യുസാക്കിലെ ഗുഹ’ എന്നറിയപ്പെടുന്ന മേഖലയിലാണ് ഗവേഷകര്‍ ഈ അസ്ഥികൂടങ്ങൾ കണ്ടെത്തിയത്.
20 വര്‍ഷം മുൻപു കണ്ടെത്തിയ ഈ ഗുഹ ഫ്രാൻസിലെ സംരക്ഷിത സ്മാരകങ്ങളിലൊന്നാണ്. പുരാവസ്തു ഗവേഷകരുടെ പ്രിയപ്പെട്ട ഇടവും. കാരണം ഏകദേശം 800 തരത്തിലുള്ള ഗുഹാചിത്രങ്ങള്‍ ഇവിടെനിന്നു ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. മാമത്തുകള്‍, കാണ്ടാമൃഗങ്ങള്‍, മാനുകള്‍, കാട്ടുപോത്ത് തുടങ്ങി പണ്ടുകാലത്തു കണ്ടിരുന്ന ഒട്ടുമിക്ക ജീവികളും ഈ ഗുഹയിലെ ചുമരുകളില്‍ വരകളായി നിറഞ്ഞിട്ടുണ്ട്. ഗുഹയങ്ങനെ ഉള്ളിലോട്ട് നീണ്ടു കിടക്കുകയാണ്. ഏകദേശം 500 അടി ഉള്ളിലോട്ടു കയറിയായിരുന്നു ഒരു പുരുഷന്റെ സമ്പൂര്‍ണ അസ്ഥികൂടം കണ്ടെത്തിയത്. സമീപത്തുനിന്നുതന്നെ മറ്റു രണ്ടു പേരുടെ അസഥികൂടങ്ങളും ലഭിച്ചു. എന്നാല്‍ അവ പൂര്‍ണമായിരുന്നില്ല. കരടി ഉറങ്ങാനായി കണ്ടെത്തിയിരുന്ന, അല്‍പം കുഴിഞ്ഞ ഇടങ്ങളിലായിരുന്നു അസ്ഥികൂടങ്ങളെല്ലാം. എന്നാൽ അവരെ കരടി പിടിച്ചതല്ലെന്നു തെളിയിക്കുന്ന ഒരു കാര്യം അസ്ഥികളിലുണ്ടായിരുന്നു. ചുവപ്പുിറത്തിലുള്ള ചായം അസഥികളില്‍ പ്രയോഗിച്ചതായിരുന്നു അത്.
കുറച്ചുകൂടി ഗുഹയ്ക്ക് ഉള്ളിലോട്ടു ചെന്നപ്പോള്‍ അവിടെയും ചുമരിനോടു ചേര്‍ന്ന് മൂന്നു പേരുടെ അസ്ഥി ലഭിച്ചു. അതിനു സമീപവുമുണ്ടായിരുന്നു ഗുഹാചിത്രങ്ങള്‍. ഏകദേശം 25000-30000 വര്‍ഷം മുന്‍പ് ഭൂമിയിൽ ജീവിച്ചിരുന്നവരുടെ മൃതദേഹ അവശിഷ്ടങ്ങള്‍, അതും ഒരു ഗുഹയ്ക്കകത്ത് ഇത്രയേറെ ഉള്ളിലായി ചിത്രങ്ങള്‍ സഹിതം കണ്ടെത്തുന്നത് ആദ്യമായാണ്. മനുഷ്യര്‍ വരുന്നതിനു മുൻപ് ഗുഹയില്‍ സ്ഥിരമായി മൃഗങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നെന്നാണു ഗവേഷകര്‍ പറയുന്നത്. അങ്ങനെയാണ് കരടികൾ ഉറങ്ങാൻ ഉപയോഗിച്ചിരുന്ന സ്ഥലങ്ങൾ കണ്ടെത്തിയതും അവിടെ മൃതദേഹ സംസ്കാരത്തിനു തിരഞ്ഞെടുത്തതും.
വൈകാതെ ആചാരത്തിന്റെ ഭാഗമായോ മറ്റോ ഒരു ചിത്രശാലയ്ക്കു സമാനമായി ഗുഹ മാറുകയും ചെയ്തു. മൃതദേഹം സംസ്‌കരിക്കുന്നതിനൊപ്പം ചിത്രം വരയ്ക്കുകയായിരുന്നുവെന്ന കണ്ടെത്തലിനാണു പ്രചാരമേറെ. പരസ്പരം കൂട്ടിക്കലര്‍ത്തിയ വിധമായിരുന്നു ഗുഹയിലെ അസ്ഥികളിലേറെയും. സമാനമായി പരസ്പരം കൂട്ടിച്ചേര്‍ത്ത വിധത്തിലായിരുന്നു ചുമര്‍ചിത്രങ്ങളും. ഒന്നിനു മുകളില്‍ ഒന്നായി ചേര്‍ത്തുള്ള ഈ ചിത്രംവര അതിനാൽത്തന്നെ ഇപ്പോഴും ഗവേഷകര്‍ക്കു മുന്നിലെ ഉത്തരം കിട്ടാത്ത ചോദ്യമാണ്.