വെള്ളക്കുതിര, ബജറ്റ് ഹൽവ; എത്ര മനോഹരമായ ആചാരങ്ങൾ !, Customs, Beliefs, Countries, Padhippura, Manorama Online

വെള്ളക്കുതിര, ബജറ്റ് ഹൽവ; എത്ര മനോഹരമായ ആചാരങ്ങൾ !

തയാറാക്കിയത്: അനിൽ ഫിലിപ്

ഉത്തരകൊറിയയുടെ ഭരണാധികാരി കിം ജോങ് ഉൻ കൊറിയൻ ഉപദ്വീപിലെ വിശുദ്ധ പർവതമായ പക്തുവിലേക്കു വെള്ളക്കുതിരയുടെ പുറത്തിരുന്നു പോകുന്ന ചിത്രങ്ങൾ കൂട്ടുകാർ ശ്രദ്ധിച്ചുകാണുമല്ലോ. പ്രധാന തീരുമാനങ്ങളെടുക്കുന്നതിനു മുൻപ് ഇൗ പ്രദേശം സന്ദർശിക്കുന്നത് അദ്ദേഹം പിന്തുടരുന്ന പതിവാണ്. ദീർഘകാലമായി ഉത്തര കൊറിയ അടക്കിവാഴുന്ന കിം കുടുംബത്തിന്റെ ചിഹ്നമാണു വെള്ളക്കുതിര. ഇതേപോലെ രാഷ്ട്രത്തലവൻമാർ പിന്തുടരുന്ന ഒട്ടേറെ ആചാരങ്ങളും വിശ്വാസങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. രാജ്യസുരക്ഷയടക്കമുള്ള തീരുമാനങ്ങളെടുക്കുന്നതിനുമുൻപും അധികാരമേറുന്നതിനുമുൻപുമൊക്കെ ഇവർ ഇത്തരം ആചാരങ്ങളുടെ അകമ്പടി സ്വീകരിച്ച ചരിത്രമുണ്ട്. ഭരണഘടനയോ നിയമമോ അനുശാസിക്കുന്നവയല്ല ഇതൊന്നും.

ജനുവരി 20 നല്ല ദിവസം
1933 മുതൽ യുഎസ് പ്രസിഡന്റുമാർ അധികാരമേൽക്കുന്ന ദിവസമാണ് ജനുവരി 20. അന്നു പൊതുഅവധിയായാൽ വൈറ്റ്‌ഹൗസിലെ ബ്ലൂ റൂമിൽ ലളിതമായ ചടങ്ങോടെ സത്യപ്രതിജ്ഞ ചെയ്യും. ആഘോഷപൂർണമായ പ്രതിജ്‌ഞയും സ്‌ഥാനാരോഹണവും യുഎസ് പാർലമെന്റ് മന്ദിരമായ കാപിറ്റോളിൽ പിറ്റേന്നു നടക്കും. ജനുവരി 20 പൊതു അവധി ദിനമായതിനാൽ 21നു വീണ്ടും സ്‌ഥാനാരോഹണം നടന്നത് 3 തവണ– ഐസനോവർ (1957), റൊണാൾഡ് റെയ്‌ഗൻ (1985), ബറാക് ഒബാമ (2013).

ലിങ്കന്റെ ബൈബിൾ
ഭരണഘടനാപരമായി നിർബന്ധമില്ലെങ്കിലും ഭൂരിപക്ഷം യുഎസ് പ്രസിഡന്റുമാരും മുൻ പ്രസിഡന്റുകൂടിയായ ഏബ്രഹാം ലിങ്കൻ ഉപയോഗിച്ച ബൈബിളിൽ തൊട്ടാണ് അധികാരമേൽക്കുക. 2013ൽ ബറാക് ഒബാമ സത്യപ്രതിജ്ഞ ചെയ്തത് രണ്ടു ബൈബിളുകളിൽ തൊട്ടുകൊണ്ടാണ് – ഏബ്രഹാം ലിങ്കന്റെയും മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെയും. 2017ൽ ഡോണൾഡ് ട്രംപ് അധികാരമേറ്റതും രണ്ടു ബൈബിളുകളിൽ കൈവച്ചുകൊണ്ടാണ്: 147 വർഷം മുൻപ് ഏബ്രഹാം ലിങ്കൻ ഉപയോഗിച്ച ബൈബിളും ട്രംപിന്റെ അമ്മ കൈമാറിയ കുടുംബ ബൈബിളും.

ബജറ്റ് ഹൽവ
ഇന്ത്യൻ സമ്പദ് രംഗത്തെ ഏറ്റവും വലിയ വാർഷികപരിപാടിയാണ് ബജറ്റ് അവതരണം. ഇതിനുമുന്നോടിയായി നടക്കുന്ന പരമ്പരാഗതചടങ്ങാണ് ഹൽവ വിളമ്പൽ. കേന്ദ്ര ധനകാര്യമന്ത്രാലയം സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിലെ കന്റീനിലാണ് ചടങ്ങ്. രാജ്യം മുഴുവൻ കാത്തിരിക്കുന്ന ബജറ്റിന്റെ അച്ചടി തുടങ്ങുക ഹൽവ വിളമ്പുന്നതോടുകൂടിയാണ്. വലിയ ഇരുമ്പു ചട്ടിയിൽ തയാറാക്കുന്ന ഹൽവ ധനമന്ത്രിയും നൂറോളം ഉദ്യോഗസ്ഥരും പങ്കിട്ട് കഴിക്കും. ഈ ചടങ്ങിന് ഒരു പ്രത്യേക പ്രാധാന്യമുണ്ട്– ഇതു നടന്നാൽ പിന്നീട് ബജറ്റ് തയാറാക്കുന്നതുമായി ബന്ധപ്പെട്ട ആരെയും നോർത്ത് ബ്ലോക്കിൽ നിന്ന് പുറത്തുപോകാൻ അനുവദിക്കില്ല. ലോക്സഭയിൽ ബജറ്റ് അവതരിപ്പിച്ച ശേഷം മാത്രമേ ഇവർക്ക് ഓഫിസ് വിട്ടു പോകാനാകൂ.
ഇന്ത്യയിൽ പുതിയ രാഷ്ട്രപതി അധികാരമേൽക്കുന്നതും നിലവിലെ രാഷ്ട്രപതി സ്ഥാനമൊഴിയുന്നതുമൊക്കെ പരമ്പരാഗത പ്രൗഢിയുടെ അകമ്പടിയോടെയാണ്. നിയുക്ത രാഷ്ട്രപതിയുടെ താൽക്കാലിക വസതിയിൽ നിന്നാരംഭിക്കുന്ന ചടങ്ങുകൾ അവസാനിക്കുന്നത് അധികാരമൊഴിയുന്ന രാഷ്ട്രപതിക്കായി കണ്ടുവച്ചിരിക്കുന്ന വസതിയിലാണ്. നിയുക്ത രാഷ്ടപതി ഗാന്ധിസമാധിയിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് രാഷ്ട്രപതിയുടെ മിലിറ്ററി സെക്രട്ടറി അദ്ദേഹത്തിന്റെ വസതിയിലെത്തി രാഷ്ട്രപതി ഭവനിലേക്കു ക്ഷണിക്കും. അദ്ദേഹത്തെ നിലവിലെ പ്രസിഡന്റ് രാഷ്ട്രപതി ഭവനിലെ വായനമുറിയിൽ സ്വീകരിക്കും. തുടർന്ന് ഇരുവരും ഒരേ വാഹനത്തിൽ അശ്വാരൂഢ സേനയുടെ അകമ്പടിയോടെ പാർലമെന്റ് മന്ദിരത്തിലേക്ക്. രാജ്പഥിൽ മൂന്നു സൈനിക വിഭാഗങ്ങളിൽ നിന്നുമായി ആയിരം സൈനികർ അണിനിരക്കും. തുടർന്ന് ഇരുവരും പാർലമെന്റ് മന്ദിരത്തിലേക്ക്. അവിടെ സത്യപ്രതിജ്ഞയ്ക്കു ശേഷം ഇരുവരും വീണ്ടും രാഷ്ട്രപതി ഭവനിലേക്കു മടങ്ങും. വായനമുറിയിലെ കസേരയിൽ പുതിയ പ്രസിഡന്റിനെ ഇരുത്തി ചടങ്ങുകൾ പൂർത്തിയാക്കും. മുൻ രാഷ്ട്രപതിയെ അദ്ദേഹത്തിനായി ഒരുക്കിയിരിക്കുന്ന വസതിയിലേക്കുള്ള യാത്രയിൽ രാഷ്ട്രപതി അനുഗമിക്കും. ശേഷം തിരികെ രാഷ്ട്രപതിഭവനിലേക്കു പോകും.

നേപ്പാൾ ടു ഇന്ത്യ
നേപ്പാളിൽ ഒരു പ്രധാനമന്ത്രി അധികാരമേറ്റാൽ ആദ്യം സന്ദർശിക്കുന്ന രാജ്യം ഇന്ത്യയാണ്. ഇതൊരു കീഴ്‍വഴക്കമായി ഇന്നും തുടർന്നുപോകുന്നു. 2018ൽ കെ. പി. ശർമ ഒലി അധികാരമേറ്റശേഷം ആദ്യം ‘പറന്നെത്തി’യതും ന്യൂഡൽഹിയിലേക്കാണ്. എന്നാൽ 2008ൽ അധികാരമേറിയ അന്നത്തെ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ എന്ന പ്രചണ്ഡ പതിവുതെറ്റിച്ചു. അദ്ദേഹം അന്ന് ആദ്യം സന്ദർശിച്ചത് ചൈനയാണ്. ബെയ്ജിങ് ഒളിംപിക്സിൽ പങ്കെടുക്കാനായിരുന്നു അതെന്നാണ് ഔദ്യോഗിക വിശദീകരണം.
തല കുനിക്കണോ?
ബ്രിട്ടൻ സന്ദർശിക്കുന്ന രാഷ്ട്രനേതാക്കൾ രാജ്ഞിയെ കാണുമ്പോൾ വണങ്ങുന്ന കീഴ്‍വഴക്കത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാൽ 2018 ജൂലൈയിൽ യുഎസ് പ്രസിഡന്റ് ട്രംപ് അവിടെ പുലർത്തേണ്ട പല ആചാരമര്യാദകളും തെറ്റിച്ചതു വലിയ വിമർശനത്തിനിടയാക്കി. ഇതിനു സമാനമായ മര്യാദയാണ് ജപ്പാനിലെയും ആചാരം. എന്നാൽ 2009ൽ ജപ്പാനിലെത്തിയ പ്രസിഡന്റ് ബറാക് ഒബാമ അകിഹിതോ ചക്രവർത്തിക്കു മുന്നിൽ തലകുനിച്ചു വണങ്ങിയതു പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. 2011ൽ ജപ്പാൻ സന്ദർശിച്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റൻ ചക്രവർത്തിക്കു മുന്നിൽ തലകുനിക്കാതെ ഹസ്‌തദാനം ചെയ്തു; പിന്നെ മിഷികോ ചക്രവർത്തിനിക്കു കവിളിലൊരു ചുംബനവും സമ്മാനിച്ച് ആചാരം തെറ്റിച്ചുകളഞ്ഞു.