പിറന്നാളാഘോഷിച്ച് ബാറ്റ്മാന്‍; ആരാധകരെ തേടിയെത്തും ‘സൂപ്പര്‍ഹീറോ സിഗ്നൽ’
ബാറ്റ്മാൻ ഫാൻസെല്ലാം ആഹ്ലാദത്തിലാണ്. എന്താണു സംഭവമെന്നല്ലേ? കൊച്ചുകൂട്ടുകാരുടെ പ്രിയപ്പെട്ട സൂപ്പർഹീറോയുടെ സ്വന്തം ദിനമാണെത്തിയിരിക്കുന്നത്–സെപ്റ്റംബർ 21. അന്നാണ്ബാറ്റ്മാൻ ഡേ. അതായത് ലോകത്ത് ആദ്യമായി ബാറ്റ്മാൻ പ്രത്യക്ഷപ്പെട്ടിട്ട് 80 വർഷം കഴിഞ്ഞിരിക്കുന്നു. 1939 മേയിലിറങ്ങിയ ഡിസി കോമിക്സിലാണ് ആദ്യമായി ഈ പറക്കും ഹീറോ പ്രത്യക്ഷപ്പെട്ടത്. അന്നുമുതലിങ്ങോട്ട് ബാറ്റ്മാനും ഗോഥം സിറ്റിയുമൊക്കെ കൊച്ചുകൂട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതിനിടെ സിനിമയിലും എത്തിയതോടെ മുതിർന്നവരും ബാറ്റ്മാന്റെ ആരാധകനായി. അങ്ങനെ ലോകമെമ്പാടും ആരാധകരേറിയതോടെ ഇത്തവണത്തെ ബാറ്റ്മാൻ ഡേയും ഗംഭീരമാക്കാനാണ് ഡിസി കോമിക്സിന്റെ തീരുമാനം. ഒപ്പം ബാറ്റ്മാൻ സിനിമകളിറക്കുന്ന വാർണർ ബ്രോസ് കമ്പനിയുമുണ്ട്.
ബാറ്റ്മാനോടുള്ള ആദരസൂചകമായി ലോകത്തിലെ പ്രധാനപ്പെട്ട 10 നഗരങ്ങളിൽ ബാറ്റ്–സിഗ്നൽ തെളിക്കാനാണു നീക്കം. കോമിക്സ് ലോകത്ത് ഏറ്റവും പെട്ടെന്നു തിരിച്ചറിയാവുന്ന അടയാളങ്ങളിലൊന്നായാണ് ബാറ്റ്–സിഗ്നലിനെ കണക്കാക്കുന്നത്. ബാറ്റ്മാന്റെ നഗരമായ ഗോഥം സിറ്റിയിലെ പൊലീസ് ഉദ്യോഗസ്ഥൻ ജെയിംസ് ഗോർഡൻ തെളിക്കുന്നതാണിത്. എപ്പോഴെല്ലാം ബാറ്റ്മാന്റെ സഹായം ആവശ്യമുണ്ടോ അപ്പോഴെല്ലാം പൊലീസ് ആസ്ഥാനത്തിനു മുകളിൽ ഈ സിഗ്നൽ തെളിയും. വവ്വാലിന്റെ ആകൃതിയുള്ള ഈ അടയാളം കാണുന്നതോടെ എവിടെയാണെങ്കിലും ബാറ്റ്മാൻ പറന്നെത്തുകയും ചെയ്യും. പിന്നാലെ വില്ലന്മാരെ ഠിഷ്യൂം ഠിഷ്യൂം ഇടിച്ചൊതുക്കലും നടക്കും.
സെപ്റ്റംബർ 21നു ലോകത്തിലെ പത്തു നഗരങ്ങളിലെയും പ്രധാനപ്പെട്ട ഏതെങ്കിലും കെട്ടിടത്തിൽ രാത്രി എട്ടിനായിരിക്കും ബാറ്റ് സിഗ്നൽ പ്രത്യക്ഷപ്പെടുക. ഇത് അർധരാത്രി വരെ തെളിഞ്ഞു നിൽക്കും. ഓസ്ട്രേലിയയിലെ മെൽബണിലായിരിക്കും ആദ്യത്തെ ബാറ്റ്–സിഗ്നൽ. പിന്നാലെ ടോക്കിയോ, ബെർലിൻ, ബാർസിലോന, ലണ്ടൻ, സാവോ പോളോ, ന്യൂയോർക്ക്, മോൺറിയൽ, മെക്സിക്കോ സിറ്റി എന്നിവിടങ്ങളിലും ബാറ്റ് സിഗ്നൽ തെളിയും. ലൊസാഞ്ചലസിലായിരിക്കും ഏറ്റവും അവസാനം സിഗ്നൽ തെളിയുക. ജീവിതത്തിൽ കടുകട്ടിയായ പ്രശ്നങ്ങളിലെല്ലാം ധൈര്യത്തോടെ ഇടപെടാനും പരിഹാരണം കാണാനും കുട്ടികളെ ഉൾപ്പെടെ പ്രേരിപ്പിച്ച സൂപ്പർഹീറോയാണ് ബാറ്റ്മാൻ. അതിനുള്ള ആദരസൂചകമായാണ് ഇത്തരമൊരു പരിപാടി തയാറാക്കിയതെന്ന് ഡിസി കോമിക്സ് പറയുന്നു.
Batman80.comഎന്ന വെബ്സൈറ്റ് വഴി ലോകത്തിലെ പല ഭാഗങ്ങളിലും ബാറ്റ്മാൻ ദിനാഘോഷങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഹൈദരാബാദ് ഇന്റർനാഷനൽ സ്കൂളിലാണ് ബാറ്റ്മാൻ ദിനാഘോഷം. മറ്റേതെല്ലാം രാജ്യങ്ങളിൽ ആഘോഷമുണ്ടെന്നറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ചർച്ചകളും ദീർഘദൂര ഓട്ടവും പടംവര മത്സരവുമെല്ലാമാണ് ബാറ്റ്മാൻ ദിനാഘോഷത്തോടനുബന്ധിച്ച് പലയിടത്തും ഒരുക്കിയിരിക്കുന്നത്. ഭാഷയുടെയും രാജ്യങ്ങളുടെയുമൊന്നും അതിർത്തിയില്ലാതെ എല്ലാവർക്കും ഒരുപോലെ മനസ്സിലാകുന്ന ബാറ്റ് സിഗ്നലിലൂടെ ബാറ്റ്മാൻ ദിനാഘോഷവും ഗംഭീരമാകുമെന്നാണ് ആരാധകർ പറയുന്നത്.