മാംസഭുക്കുകളായ തുമ്പികൾ!

വിജയകുമാർ ബ്ലാത്തൂർ

കാണാൻ ഭംഗിയുണ്ടെങ്കിലും ചിത്രശലഭങ്ങളെപ്പോലെ സൗമ്യ ശീലമുള്ളവരല്ല പല തുമ്പികളും. കരുത്തുള്ള ചിറകും ശരീരവുമാണ് ഇവർക്കുള്ളത്. തുമ്പികളെല്ലാം സമർഥരായ ഇരപിടിയൻ മാംസഭുക്കുകളാണ്. ഓണപ്പാട്ടുകളിലും കവിതകളിലും തുമ്പപ്പൂവിൽ ഊഞ്ഞാലാടാനും തത്തിക്കളിക്കാനും വരുന്ന തുമ്പികളെക്കുറിച്ച് പ്രാസം ഒപ്പിച്ചുള്ള വരികൾ നമ്മൾ കണ്ടിരിക്കും. പക്ഷെ പൂക്കളിൽ ഇവർ അപൂർവമായേ വന്നിരിക്കാറുള്ളു. വരുന്നത് തന്നെ പൂവിലെത്തുന്ന ചെറു പ്രാണികളെയും ഉറുമ്പിനേയും ഒക്കെ പിടികൂടി തിന്നാൻ വേണ്ടി മാത്രമാണ്. മുതിർന്ന തുമ്പികൾ കൊതുകുകളുടെ അന്തകന്മാരാണ്. ഷഡ്പദങ്ങളുടെ കൂട്ടത്തിൽ ഒഡോണേറ്റ എന്ന ഗണത്തിലുള്ളവരാണ് തുമ്പികൾ. കല്ലൻ തുമ്പികൾ (Dragonflies), സൂചിത്തുമ്പികൾ (Damselflies) എന്നിവയാണ് പ്രധാന ഇനങ്ങൾ. ശക്തിയും ബലവും ഉള്ള ചിറകുകൾ വിശ്രമ സമയത്ത് വിടർത്തി പിടിക്കുന്ന ശീലമുള്ള, തടിച്ച ശരീരക്കാരാണ് കല്ലൻ തുമ്പികൾ. ഇവയുടെ കണ്ണുകൾ തമ്മിൽ ചേർന്നിരിക്കും. നീണ്ട് മെലിഞ്ഞ മൃദുല ഉദരമുള്ള സൂചി തുമ്പികൾ വിശ്രമിക്കുമ്പോൾ ലോലമായ ചിറകുകൾ ശരീരത്തോട് ചേർത്ത് സമാന്തരമായി പിടിച്ചിരിക്കും. ഇവയുടെ കണ്ണുകൾ വശങ്ങളിലേക്ക് അകന്നാണ് കാണപ്പെടുക. ഇന്ത്യയിൽ അഞ്ഞൂറോളം ഇനം തുമ്പികളെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നൂറ്റിഅറുപതോളം ഇനം തുമ്പികൾ കേരളത്തിലുണ്ട്. അതിൽ 67 ഇനങ്ങൾ പശ്ചിമ ഘട്ടത്തിൽ മാത്രം കാണപ്പെടുന്ന സ്ഥാനീയ (endemic) തുമ്പി ഇനങ്ങളാണ്.

തുലാത്തുമ്പി
വാണ്ടറിങ് ഗ്ലൈഡർ (നാടോടി), ഗ്ലോബൽ സ്കിമ്മേഴ്സ്(ആഗോളത്തുമ്പി), ഗ്ലോബൽ വാണ്ടറർ എന്നൊക്കെ പേരുള്ള ഈ ദേശാടകരെ തുലാത്തുമ്പി എന്നു കൂടാതെ ഓണത്തുമ്പി എന്നും വിളിക്കാറുണ്ട്. ആഫ്രിക്കയിൽ നിന്ന് കരയും കടലും താണ്ടി ഇവയുടെ ആയിരക്കണക്കിന് സംഘങ്ങൾ മൺസൂൺ കാറ്റുകൾക്കൊപ്പം ഇവിടെയും എത്തും. കാറ്റിൽ വാലുകൊണ്ട് ബാലൻസ് ചെയ്ത് ചിറകുകൾ വിടർത്തിപ്പിടിച്ച്, അധികം ചലിപ്പിക്കാതെ പട്ടം തെന്നി ഒഴുകി നീങ്ങും പോലെയാണ് ഈ അത്ഭുത യാത്ര. ചിറകനക്കാതെ ശരീരത്തിലെ ഊർജം സംരക്ഷിച്ച് ഭക്ഷണമില്ലാതെ മാസങ്ങളോളം ആകാശത്തിലൂടെ സഞ്ചരിച്ചാണ് ഇവിടെ എത്തുന്നത്. ഇതുപോലെ വടക്കുകിഴക്കൻ മൺസൂൺ വാതത്തിനൊപ്പം തിരിച്ച് ഇവർ ആഫ്രിക്കയിലേക്ക് പറക്കും. വഴിയിൽ കൂടെയുള്ള ദേശാടന പക്ഷികൾ കുറേ തുമ്പികളെ തിന്നു തീർക്കും. പക്ഷേ, കണക്കില്ലാത്തത്ര എണ്ണം തുമ്പികൾ പറക്കുന്നതിനാൽ നാട്ടിലെത്താൻ പിന്നെയും ഏറെ ബാക്കിയുണ്ടാകും. പതിനെട്ടായിരം കിലോമീറ്റർ നീണ്ട വാർഷിക ദേശാടനപറക്കലിനിടയിൽ രണ്ടു മൂന്നു തലമുറകൾ കഴിഞ്ഞിട്ടുണ്ടാകും. ശരീരത്തിൽ ചുവപ്പ് കലർന്ന തവിട്ടു നിറമുള്ള കല്ലൻ തുമ്പികളാണ് ഇവർ. നെൽപാടങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും കാടുകളിലും എല്ലാം ഇവരെ ഈ കാലത്ത് വളരെ സാധാരണമായി കൂട്ടങ്ങളായി കാണാം. മേഘമുള്ളപ്പോൾ മാത്രമാണ് ഇവരുടെ കൂട്ടം താണു പറക്കുക. വെയിലിൽ ഉയർന്ന് വളരെ ഉയരത്തിൽ പറക്കും. തുമ്പികളുടെ ദേശാടനത്തെക്കുറിച്ച് അറിയില്ലെങ്കിലും, ഇവയുടെ വരവോടെ, തൊട്ടുപിന്നാലെ കാലവർഷം എത്തും എന്ന് നമ്മുടെ നാട്ടിലെ കൃഷിക്കാർക്ക് പണ്ടേ അറിയുമായിരുന്നു...

ഓണത്തുമ്പി - ശലഭത്തുമ്പി
സ്കിമ്മർ അഥവാ നീർമുത്തൻ കുടുംബത്തിൽ പെട്ട കല്ലൻ തുമ്പിയാണ് ഓണത്തുമ്പി (ഇംഗ്ലിഷ്: Common Picture wing). ഓണക്കാലത്ത് ഇവയെ കൂടുതലായി ശ്രദ്ധിക്കുന്നതിനാലും ചിത്രശലഭത്തെപ്പോലെ ഭംഗിയുള്ളതിനാലും ആണ് ഓണത്തുമ്പി എന്ന് വിളിക്കുന്നത്. പൂമ്പാറ്റകളുടേതുപോലെ ഇവയുടെ ചിറകിലും കറുപ്പും മഞ്ഞയും നിറങ്ങളുടെ ചിത്രങ്ങളുണ്ട്. ഇവയിലെ ആൺ പെൺ വ്യത്യാസം വളരെ സ്പഷ്ടമാണ്. പെൺതുമ്പികളുടെ ചിറകുകൾക്ക് കടുംനിറങ്ങളുണ്ടാവും. ആൺതുമ്പികളുടെ ചിറകുകൾ കൂടുതൽ സുതാര്യമാണ്.